2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 22, 2024
October 14, 2024
October 14, 2024
October 13, 2024
October 7, 2024
October 5, 2024
October 4, 2024
September 29, 2024
September 28, 2024

പ്രതിസന്ധിഘട്ടത്തിലെ ഒത്തൊരുമയാണ് യാഥാർത്ഥ കേരള സ്റ്റോറി: ബിനോയ് വിശ്വം

Janayugom Webdesk
മേപ്പാടി
July 31, 2024 9:00 pm

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് അഭിമുഖീകരിക്കുന്നതെന്നും നരകയാതനകൾക്കിരയായ സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ എല്ലാജനങ്ങളും സന്നദ്ധരാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി ദുരന്തമുഖത്ത് കൈകോർത്തുനിൽക്കുന്ന കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് ഇവിടെയെത്തുന്നവർക്ക് കണ്ടറിയാനാകും. പ്രതിസന്ധികളെ നേരിടാനുള്ള ഒത്തൊരുമയും സഹായമനസ്കതയുമാണ് കേരളത്തിന്റെ മഹത്വമെന്ന് ഇന്ത്യ തിരിച്ചറിയുന്ന സന്ദർഭമാണിതെന്നും ചൂരൽമലയിലെ ദുരന്തമുഖത്തെത്തിയ ബിനോയ് വിശ്വം വ്യക്തമാക്കി. 

വലിയൊരു പ്രദേശത്തെ മനുഷ്യരുടെ മേൽ പ്രകൃതി സംഹാരതാണ്ഡവമാടുകയായിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട മനുഷ്യരുടെ ഹൃദയംപൊട്ടിയുള്ള കരച്ചിലുകൾ കണ്ടുനിൽക്കുന്നവർക്ക് പോലും താങ്ങാൻ കഴിയില്ല. ദുരന്തത്തെ നേരിടാൻ നാടൊന്നാകെ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. സൈനികരും പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണസേനയും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ആരോഗ്യപ്രവർത്തകരുമെല്ലാം എത്രയോ മണിക്കൂറുകളായി ദുരന്തമുഖത്ത് നിലകൊള്ളുകയാണ്. അവരോടൊപ്പമാണ് കേരളത്തിലെ ജനങ്ങൾ. 

അപകടമേഖലയിൽ നിന്ന് രക്ഷപ്പെട്ടവർക്കായി എല്ലായിടത്തുനിന്നും സഹായം എത്തുന്നുണ്ടെന്നും സിപിഐ പ്രതിനിധി സംഘത്തോടൊപ്പം ചൂരൽമലയിലെത്തിയ ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി, കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ഗവാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. മേപ്പാടി ഹയർസെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും മേപ്പാടി ഗവ. ആശുപത്രിയും സിപിഐ സംഘം സന്ദർശിച്ചു. 

Eng­lish Sum­ma­ry: True Ker­ala Sto­ry: Uni­ty in Cri­sis: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.