23 January 2026, Friday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
November 28, 2025 10:52 pm

നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കുനേരെ വെടിവയ്പുണ്ടായതിനു പിന്നാലെ കുടിയേറ്റ നയത്തില്‍ കര്‍ശന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കുമെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ച പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റം എങ്ങനെ അവസാനിപ്പിക്കുമെന്നതിനെക്കുറിച്ച് ട്രംപ് വിശദീകരിച്ചിട്ടില്ല.
ബുധനാഴ്ച വെെറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ ഇന്നലെ മരിച്ചു. സാറാ ബെക‍്‍സ്ട്രോമാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടാമത്തെ ദേശീയ ഗാർഡ് അംഗമായ ആൻഡ്രൂ വോൾഫ് (24) ചികിത്സയില്‍ തുടരുകയാണ്. ഇരുവര്‍ക്കും തലയ്ക്കാണ് വെടിയേറ്റത്.

മുന്‍ പ്രസി‍ഡന്റ് ജോ ബെെഡന്‍ അവതരിപ്പിച്ച കുടിയേറ്റ പദ്ധതി പ്രകാരം അഫ്ഗാനില്‍ നിന്ന് യുഎസിലെത്തിയ റഹ്മാനുള്ള ലകൻവാളാണ് വെടിവയ്പ് നടത്തിയത്. യുഎസിന്റെ പിന്‍വാങ്ങലിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ യുഎസിലെത്തിച്ച പദ്ധതിയാണിത്. അഫ്­ഗാനിസ്ഥാനില്‍ യുഎസ് സെെ­ന്യവുമായും ലകന്‍വാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സിഐഎ സ്ഥിരീകരിച്ചു. സുരക്ഷാ സേനയുടെ തിരിച്ചടിയില്‍ പരിക്കേറ്റ ലകന്‍വാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയതിനു ശേഷം അവയില്‍ ചിലത് നടപ്പാക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്തുനിന്നുള്ള ഉത്തരവുകളാണിതെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോടതികള്‍ ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പ്രസ്താവനയില്‍ മൂന്നാം ലോക രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുടെ വര്‍ധനവും ഉയര്‍ന്ന വ്യാപാര കമ്മിയും പോലുള്ള പ്രശ്നങ്ങള്‍ക്ക് കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും കാരണമാണെന്ന രൂക്ഷ ആരോപണങ്ങളാണ് അദ്ദേഹം നടത്തിയത്. 

യുഎസില്‍ പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്ന ആളുകളുടെ മേല്‍ പൂര്‍ണ നിയന്ത്രണം ഉറപ്പാക്കുന്നതിനേക്കാള്‍ വലിയ ദേശീയ സുരക്ഷാ മുന്‍ഗണനയില്ലെന്നതാണ് വാഷിങ്ടണ്‍ ഡിസിയിലെ വെടിവയ്പ് ഓര്‍മ്മിപ്പിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. വെടിവയ്പ് നടന്ന് 24 മണിക്കൂറിനുള്ളിൽ വിപുലമായ കുടിയേറ്റ പരിഷ്കാരങ്ങളാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട കുടിയേറ്റ അഭ്യർത്ഥനകൾ പരിഗണിക്കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

ജോ ബൈഡന്റെ കാലത്ത് അംഗീകരിച്ച അഭയാര്‍ത്ഥി അപേക്ഷകളും 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ ഗ്രീന്‍ കാര്‍ഡുകളും വ്യാപകമായി പുനഃപരിശോധിക്കാനും നിര്‍ദേശമുണ്ട്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉത്തരവ് ബാധിക്കും. പൂര്‍ണമായോ ഭാഗികമായോ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജൂണില്‍ പുറത്തിറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 19 രാജ്യങ്ങളാണ് ഇവ. ട്രംപിന്റെ ഉത്തരവ് പ്രകാരം എല്ലാ ആശങ്കാജനകമായ രാജ്യങ്ങളിൽ നിന്നുമുള്ള ഓരോ അഭയാര്‍ത്ഥികളെയും പൂര്‍ണ തോതിലുള്ളതും കര്‍ശനവുമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ് പൗരത്വ, കുടിയേറ്റ സേവന (യുഎസ്‍സിഐഎസ്) ഡയറക്ടർ ജോസഫ് എഡ്‍ലോ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.