
കടുത്ത വ്യാപാര യുദ്ധം നിലനില്‍ക്കെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും. ദക്ഷിണ കൊറിയയില്‍ നാളെ നടക്കുന്ന ഏഷ്യൻ പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
താരിഫ് മുതൽ ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങളുടെ വില്പന വരെയുള്ള നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന കരാറില്‍ ധാരണയിലെത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം. അപൂര്‍ ധാതു ഖനികളില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു മറുപടിയായി നവംബര്‍ ഒന്നുമുതല്‍ ചെെനീസ് ഉല്പന്നങ്ങള്‍ക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനവും മുഖ്യ അജണ്ടയാകും. ശനിയാഴ്ച, യുഎസിലെയും ചൈനയിലെയും ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥർ ക്വാലാലംപൂരിൽ യോഗം ചേർന്ന് കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും പ്രധാന വ്യാപാര വിഷയങ്ങളില്‍ പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. ചൈനയും യുഎസും വിവിധ വിഷയങ്ങളിൽ പ്രാഥമിക സമവായത്തിലെത്തിയതായി ഉന്നത വ്യാപാര പ്രതിനിധി ലി ചെങ്‌ഗാങ് പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച യുഎസ്-ചൈന ബന്ധങ്ങളിലെ മാസങ്ങളായി നിലനിൽക്കുന്ന അസ്ഥിരമായ നീക്കങ്ങൾക്ക് ശേഷമാണ് നാളത്തെ കൂടിക്കാഴ്ച നടക്കുന്നത്. ട്രംപിന്റെ വ്യാപകമായ താരിഫുകൾ മൂലമുണ്ടായ വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് കഴിയുമോ എന്നാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ സോയാബീൻ വ്യാപാരം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പുരോഗതി കൈവരിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവേ ട്രംപ് പറഞ്ഞിരുന്നു. വ്യാപാര വിഷയങ്ങള്‍ക്ക് പുറമേ റഷ്യ- ഉക്രെയ‍്ന്‍ യുദ്ധം, തായ‍്‍വാന്‍ പ്രതിസന്ധി എന്നിവയും ഇരുനേതാക്കളും ചര്‍ച്ച നടത്തും.
അതേസമയം, യുഎസും ചെെനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ വ്യാപാര കരാറിനാകില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലവിലെ അഭിപ്രായവ്യത്യാസങ്ങളില്‍ നേരിയ പുരോഗതി കെെവരിക്കാനാകുമെന്നല്ലാതെ പൂര്‍ണ പ്രശ്നപരിഹാരത്തിന് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരാറിലെത്തിയാലും ട്രംപ് അതില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യതയില്ല. പല കരാറുകളില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ പൂര്‍വ ചരിത്രങ്ങള്‍ ഉദാഹരണം. അപൂര്‍വ ധാതു ഖനനത്തിലും ശൂദ്ധീകരണത്തിലുമുള്ള ചെെനയുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ഇത് ചെെനയെ പ്രകോപിപ്പിച്ചേക്കാം. ഇന്തോ-പസഫിക് മേഖലയിലുടനീളമുള്ള അപൂർവ ഭൗമ സ്രോതസുകൾ വൈവിധ്യവല്‍കരിക്കുന്നതിനുള്ള ഏകോപിത നീക്കത്തിന്റ ഭാഗമായി മലേഷ്യ, തായ‍്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമായും കരാറില്‍ ഒപ്പുവച്ചിരുന്നു. ചൈനയുടെ ആധിപത്യം തകർക്കാൻ യുഎസും മറ്റ് രാജ്യങ്ങളും അപൂർവ ഭൂമി ധാതുക്കളില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും അത് ഫലം കാണാന്‍ വര്‍ഷങ്ങളെടുത്തേക്കാം. നിലവിൽ, ആഗോള ഖനനത്തിന്റെ 70 ശതമാനവും നൂതന സാങ്കേതിക വിദ്യകള്‍ക്ക് അത്യാവശ്യമായ അപൂര്‍വ ഭൂമി മൂലകങ്ങളുടെ ശുദ്ധീകരണ ശേഷിയുടെ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. ചെെനയുടെ ആധിപത്യം ദുർബലപ്പെടുത്തുന്നതിനായി സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് ട്രംപിന്റെ ശ്രദ്ധയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.