
വെനസ്വേലയ്ക്കെതിരെ മാസങ്ങളായി തുടരുന്ന സമ്മര്‍ദ നീക്കത്തിന് ശേഷമാണ് യുഎസ് ആക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റും. വെനസ്വേലയ്ക്കെതിരായ നടപടികള്‍ക്ക് കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയാണ് പ്രഖ്യാപിത കാരണങ്ങളായി പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ രാജ്യത്തെ എണ്ണ ശേഖരത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ കണ്ണ്.
വെനസ്വേലയിലെ ഭരണമാറ്റമാണ് ട്രംപിന്റെ ആവശ്യം. അതുവഴി രാജ്യത്തിന്റെ എണ്ണ ശേഖരത്തിലേക്കുള്ള പ്രവേശനവും. ഇത് പലതവണ പരസ്യമായി തന്നെ അദ്ദേഹം ഉന്നയിച്ചു. നവംബർ അവസാനത്തിൽ, മഡുറോയ്ക്ക് അധികാരം ഉപേക്ഷിക്കാൻ ട്രംപ് അന്ത്യ ശാസനം നല്‍കി. രാജ്യത്ത് നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ അവസരവും വാഗ്‍ദാനം ചെയ്തു. പ്രതിപക്ഷ നേതാവും സമാധാന നോബേല്‍ സമ്മാന ജേതാവുമായ മരിനോ കൊച്ചാഡോ ട്രംപിന്റെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ മഡുറോ, വെനസ്വേലയുടെ എണ്ണ ശേഖരമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് തുറന്നടിച്ചു. യുഎസുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മഡുറോ ആവർത്തിച്ച് പറഞ്ഞു. രാജ്യത്തെ എണ്ണ മേഖലയിൽ യുഎസ് നിക്ഷേപം സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്കയുടെ ആധിപത്യം വീണ്ടും സ്ഥാപിക്കുക എന്നൊരു ഗൂഢലക്ഷ്യം കൂടി ട്രംപിന്റെ നടപടികള്‍ക്കു പിന്നിലുണ്ട്. യുഎസ് സര്‍ക്കാരിന്റെ അടുത്തിടെ പുറത്തിറങ്ങിയ ദേശീയ സുരക്ഷാ അവലോകനത്തില്‍ ലാറ്റിൻ അമേരിക്കയെയും കരീബിയനെയും തന്ത്രപ്രധാനമായ മുന്‍ഗണനയായി പരാമര്‍ശിച്ചിട്ടുണ്ട്. പടിഞ്ഞാറൻ അർധഗോളത്തെ അമേരിക്കൻ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സ്വാധീനത്തിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവലോകനത്തില്‍ നിര്‍ദേശിക്കുന്നു. അമേരിക്കൻ ആധിപത്യം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ ചൈനീസ്, റഷ്യൻ സ്വാധീനം അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് വഴി ചൈന ഇതിനകം ലാറ്റിൻ അമേരിക്കയിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. മേഖലയിലെ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ചൈന.
രണ്ടാം ഭരണകാലയളവില്‍ ബ്രസീലിലെ ജെയർ ബോൾസോനാരോ മുതൽ അർജന്റീനയിലെ ഹാവിയർ മിലി വരെയുള്ള ഭൂഖണ്ഡത്തിലെ തീവ്ര വലതുപക്ഷ വ്യക്തികളെ ട്രംപ് പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ വെനസ്വേലയും ക്യൂബയും അമേരിക്കൻ ആധിപത്യത്തെ പരസ്യമായി ധിക്കരിക്കുകയും ചൈനയുമായും റഷ്യയുമായും തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. മഡുറോ ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ താഴെയിറക്കുന്നതിലൂടെ ചൈനയുമായും റഷ്യയുമായുമുള്ള സാമ്പത്തിക, സുരക്ഷാ സഹകരണത്തിനെതിരെ മേഖലയിലെ മറ്റ് ദുർബല ശക്തികൾക്ക് ശക്തമായ സന്ദേശം നല്‍കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ദ്രാവക സ്വർണത്തിന്റെ വിശാലമായ ശേഖരം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വെനസ്വേലയുടെ നിര്‍ണായക പങ്ക് ഊട്ടിയുറപ്പിക്കുന്നുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന എണ്ണ ശേഖരത്തിന്റെ ഏകദേശം 17% അല്ലെങ്കിൽ 300 ബില്യൺ ബാരലിലധികം വെനസ്വേലയിലുണ്ട്. ഇത് യുഎസ് അമേരിക്കൻ കമ്പനികളായ എക്സോൺ, മൊബിൽ, ഗൾഫ് ഓയിൽ എന്നിവയുടെ കരുതൽ ശേഖരത്തിന്റെ ഏകദേശം നാലിരട്ടിയാണ്. 1976 ലെ ദേശസാൽക്കരണം വരെ വെനിസ്വേലയുടെ എണ്ണ മേഖലയിൽ സജീവ പങ്കാളികളായിരുന്നു ഇവ. 1999 ൽ ഇടതുപക്ഷ നേതാവ് ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വന്നപ്പോൾ, ദേശസാൽക്കരണത്തിലൂടെ എണ്ണ വിഭവങ്ങളുടെ മേലുള്ള ആഭ്യന്തര നിയന്ത്രണം കര്‍ശനമാക്കി. ദാരിദ്ര്യ നിർമാർജന പദ്ധതികൾ ആരംഭിക്കാൻ എണ്ണ വ്യവസായത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ചു.
എണ്ണ സ്രോതസുകളുടെ ദേശസാല്‍ക്കരണം പരാമർശിച്ചുകൊണ്ട്, വെനസ്വേല മോഷ്ടിച്ച അമേരിക്കൻ എണ്ണ, ഭൂമി, ആസ്തികൾ എന്നിവയെല്ലാം തിരികെ നൽകണമെന്ന് കഴിഞ്ഞ മാസം ട്രംപ് ആവശ്യമുന്നയിച്ചിരുന്നു. അതായത്, അമേരിക്കന്‍ കമ്പനികള്‍ക്ക് വെനസ്വലേന്‍ എണ്ണ വേണമെന്ന് ട്രംപ് പരസ്യമായി തന്നെ ആവശ്യപ്പെട്ടു. ഇത് പേർഷ്യൻ ഗൾഫ് എണ്ണയിലുള്ള അമേരിക്കയുടെ ആശ്രിതത്വം കുറയ്ക്കാനും ചൈനയെ വെനിസ്വേലയിൽ നിന്ന് പുറത്താക്കാനും മറ്റ് ബദലുകൾ തേടാനും സഹായിക്കും.
2019 ൽ, ആദ്യ ട്രംപ് ഭരണകൂടം വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റായി ജുവാൻ ഗ്വൈഡോയെ അംഗീകരിച്ചിരുന്നു. മഡുറോയിൽ നിന്ന് അധികാരം പിടിച്ചെടുത്താൽ യുഎസിന് രാജ്യത്തിന്റെ എണ്ണയിലേക്ക് പ്രവേശനം നൽകാനും ചൈനയെയും റഷ്യയെയും പുറത്താക്കാനും കഴിയുമെന്ന് ട്രംപ് കണക്കുകൂട്ടി. അധികാരത്തിലെത്താന്‍ സഹായിച്ചതിനാല്‍ ഗ്വൈഡോയോട് യുഎസിന്റെ ആവശ്യം അംഗീകരിക്കാനും ട്രംപ് നിര്‍ദേശിച്ചു. ഇക്കാര്യം ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൺ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
വെനസ്വേലയ്ക്കെതിരായ ആക്രമണവും മഡുറോയെയുടെ അറസ്റ്റും ട്രംപ് തന്റെ ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന സൂചനയാണ് നല്‍കുന്നത്. ഭരണകൂടം തകർന്നാൽ മഡുറോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള, പടിഞ്ഞാറൻ രാജ്യങ്ങളുടെ പ്രിയപ്പെട്ട വെനസ്വേലന്‍ രാഷ്ട്രീയക്കാരിയായ മരിയ കൊച്ചാഡോ വെനസ്വേലയുടെ എണ്ണ മേഖല യുഎസിന് തുറന്നുകൊടുക്കുമെന്ന് ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.