23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

കോണ്‍ഗ്രസും അപ്രിയ സത്യങ്ങളും; ‘ആസാദി‘ലൂടെ സത്യവായന

കെ ജെ റാഫി
July 3, 2023 3:20 pm

കോണ്‍ഗ്രസിന് രഹസ്യമൊന്നുമില്ലെന്നത് ക്ലീഷെ വാചകമാണ്. അതിനകത്തെ തര്‍ക്കവും തമ്മില്‍ത്തല്ലും നാടുനീളെ കാണുംവിധം ഒരിക്കലെങ്കിലും പുറത്തുവരുത് ഒരു പ്രതിഭാസമാണെന്നറിയാമല്ലോ. പക്ഷെ അതിനുംമേലെ ചിലതെല്ലാം ഒളിഞ്ഞിരിപ്പുണ്ട്, ഈ കോണ്‍ഗ്രസില്‍. അതിനെ ആണല്ലോ അന്തഃപുര രഹസ്യം എന്ന് വിശേഷിപ്പിക്കുന്നത്. അതും ഇപ്പോള്‍ പാട്ടാവുകയാണ്. സാക്ഷാല്‍ ഗുലാം നബി ആസാദാണ് അതെല്ലാം നമ്മളോട് പറയുന്നത്. ‘ആസാദ്’ എന്ന തന്റെ ആത്മകഥയിലാണ് കോണ്‍ഗ്രസിന്റെ അടുക്കളരഹസ്യം വരെ പറയുന്നത്.

മുൻ കേന്ദ്രമന്ത്രി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ്, മികച്ച പാർലമെന്റേറിയൻ, കോൺഗ്രസ് പാർലമെന്ററി ബോർഡ് അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തുടങ്ങി എത്രയെത്ര പദവികളില്‍ ഇരുന്ന ആസാദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയമുഖമായിരുന്നു. ഏകദേശം അഞ്ചര പതിറ്റാണ്ട് കാലം ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍. ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. കശ്മീരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. കോണ്‍ഗ്രസിലെ മൂല്യശോഷണവും ദുരവസ്ഥയും കാര്യകാരണസഹിതം രാജ്യത്തോട് വിളിച്ചുപറഞ്ഞ് പാര്‍ട്ടിയെ തിരുത്താന്‍ ഒരുപാട് ശ്രമിച്ചു. എന്നിട്ടും നടക്കാതെ പോയതിനാലാണ് പുറത്തുപോന്നത്.

താനൊരു സാഹിത്യകാരനോ മികച്ച എഴുത്തുകാരനോ അല്ല എന്ന കാര്യം സ്മരിച്ചു കൊണ്ടാണ് ആത്മകഥയുടെ ആമുഖം തുടങ്ങുന്നത്. എഴുത്ത് എന്നത് വൈജ്ഞാനികർക്കും ഗവേഷകർക്കും, ഭാവനാത്മകമായ രചനകൾ നടത്താൻ കഴിവുള്ളവർക്കും മാത്രം ലഭിച്ചിട്ടുള്ള വരമാണ്. വിശ്വസാഹിത്യകാരൻ സ്റ്റീഫൻ കിങ്ങിന്റെ ‘നിങ്ങൾക്ക് വായനക്ക് നേരമില്ലെങ്കിൽ, എഴുത്തിനും നിങ്ങൾക്ക് നേരമുണ്ടാകില്ല’ എന്ന ഉദ്ധരണിയും ഇതോടൊപ്പം ആസാദ് എടുത്തു പറയുന്നുണ്ട്.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻസിങ് മന്ത്രിസഭകളിൽ അംഗമായിരുന്നപ്പോഴുള്ള ചില അപ്രിയ സത്യങ്ങളും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സീതാറാം കേസരി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ ആറു കോൺഗ്രസ് പ്രസിഡന്റുമാരോടൊപ്പം നേതൃനിരയിലിരിക്കുമ്പോൾ സാക്ഷ്യംവഹിക്കേണ്ടി വന്ന ചില ഉൾക്കളികളും ആമുഖത്തിൽ ഭംഗ്യന്തരേണ വെളിപ്പെടുത്തുന്നുണ്ട്.

ട്രബിൾ ഷൂട്ടർ റോളിൽ റാവുവിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന കാലം. വിദേശകാര്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കിയുടെ ബൊഫോഴ്സ് വിഷയത്തിലുള്ള വിവാദ പരാമർശം പാർലമെന്റിനെ ഇളക്കിമറിച്ചു. പാർലമെന്ററികാര്യ മന്ത്രിയായിരുന്ന ആസാദിനോട് സോളങ്കിയുടെ രാജി ആവശ്യപ്പെടാൻ റാവു നിർദ്ദേശിച്ചു. അതനുസരിച്ച് സോളങ്കിയെക്കണ്ട് ആസാദ് പ്രധാനമന്ത്രിയുടെ ഇംഗിതമറിയിച്ചു. മാന്യനായ സോളങ്കി ഉടൻ തന്നെ രാജിയെഴുതി കൊടുത്തു. സോളങ്കി രാജിവച്ച വിവരം പാർലമെന്റിൽ അറിയിക്കാനും പ്രധാനമന്ത്രി ചുമതല നല്‍കിയത് ആസാദിനെ തന്നെ. ഇതോടെ സോളങ്കിയുടെ കണ്ണിലെ കരടായി മാറിയത് ആസാദായിരുന്നു.

ഈ സംഭവം വിവരിക്കുന്നിടത്ത് ആസാദ്, റാവുവിനെപ്പറ്റി പരാമർശിക്കുന്നതാണ് ശ്രദ്ധേയം. ‘റാവുവിന്റെ പ്രത്യേക സ്വഭാവവിശേഷങ്ങളിലൊന്നാണ്, അപ്രിയ കാര്യങ്ങൾ സ്വയം ചെയ്യില്ലെന്നതാണ്. എന്നാല്‍ അത് തന്ത്രപൂര്‍വം മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കും’. കൈ നനയാതെ മീൻ പിടിക്കുക എന്നർത്ഥം. ബാബറി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ബഹളം നടക്കുന്ന സമയം. ആഭ്യന്തര മന്ത്രി എസ് ബി ചവാന്റെ രാജിക്കായി അദ്ദേഹത്തെ കാണാൻ ആസാദിനെ റാവു നിയോഗിച്ചു. ചവാൻ രാജിക്ക് തയ്യാറായി. പ്രകോപിതരായ പ്രതിപക്ഷ കക്ഷികളെ ശാന്തരാക്കാൻ ചവാന്റെ രാജിക്കാര്യം അറിയിക്കാനും റാവു ആസാദിനോട് തന്നെ പറഞ്ഞു. എന്നാൽ അക്കാര്യം പരസ്യമായി പറയാതെ പരോക്ഷമായി മാത്രമേ ആസാദ് പ്രതിപക്ഷ നേതാക്കളെ അറിയിച്ചുള്ളൂ. ദിവസങ്ങൾ കഴിഞ്ഞിട്ടും ചവാൻ രാജിവച്ചില്ല. ഇതോടെ പ്രതിപക്ഷ നേതാക്കളുടെ മുമ്പിൽ നാണംകെട്ടത് ആസാദ്. സമയം നീട്ടിക്കിട്ടാൻ റാവുവിന്റെ കുശാഗ്ര ബുദ്ധിയിൽ ഉദിച്ച അടവായിരുന്നു അത്.

രാഷ്ട്രീയ ബന്ധത്തെക്കാൾ പ്രതിപക്ഷ നേതാക്കളോടുണ്ടായിരുന്ന വ്യക്തി ബന്ധമാണ് തന്നെ അന്ന് തുണച്ചത് എന്ന് ആസാദ് ആത്മകഥയില്‍ രേഖപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ‘തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ട് പോകാനുള്ള തീരുമാനവും ഒരു തീരുമാനമാണ്’ എന്ന റാവുവിന്റെ പ്രസിദ്ധമായ ഉദ്ധരണിയും ചേർത്തിട്ടുണ്ട്. ഗുലാം നബി ആസാദ് എത്രമാത്രം പാർട്ടിയുടെ ഉൾക്കളികളിൽ ഭാഗമായിരുന്നുവെന്ന് ഇവ തെളിയിക്കുന്നു. ഇത്രയും പാർട്ടിക്കു വേണ്ടി നിലയുറപ്പിച്ച വ്യക്തിയെപ്പോലും പുകച്ച് പുറത്തുചാടിക്കുന്നതിൽ വൈദഗ്ദ്ധ്യം കോൺഗ്രസിന് മാത്രം സ്വന്തം.

കോൺഗ്രസിന്റെ ദുരവസ്ഥയെപ്പറ്റി ‘The Grand Old Par­ty: Bloop­ers and Bom­bast’ എന്ന തലക്കെട്ടിൽ 17-ാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്; ‘ഏതൊരു കോൺഗ്രസുകാരനോ, തന്നെപ്പോലുള്ള മുൻകോൺഗ്രസുകാർക്കോ, കോൺഗ്രസ് എന്ന പാർട്ടി തകർച്ചയിലേക്ക് കൂപ്പുകുത്തുന്നത് കാണുന്നതിനെക്കാൾ അലോസരപ്പെടുത്തുന്ന മറ്റൊന്നും ഇല്ല. വിദ്യാർത്ഥി ജീവിതം മുതൽ ആറു ദശാബ്ദക്കാലം പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയ തന്നെപ്പോലുള്ള ഏതൊരു വ്യക്തിക്കും ഈ തകർച്ച നിരാശയുണ്ടാക്കുന്നതാണ്. എന്നാൽ ഈ തകർച്ചയിൽ നിന്നും കരകയറാനും കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്താതിരിക്കാനുമുള്ള കാര്യക്ഷമമായ യാതൊരു നടപടികളുമുണ്ടാകുന്നില്ല എന്നതാണ് അതിലേറെ വിഷമിപ്പിക്കുന്നത്.

137 വയസായ ഇന്ത്യയിലെ ഏറ്റവും പുരാതനമായ പാർട്ടി, ഏകദേശം 55 വർഷക്കാലം ഇന്ത്യ ഭരിച്ച പാർട്ടി, ഇത്രയും ശുഷ്കിച്ചു പോയതും ദേശീയ രാഷ്ട്രീയ അപ്രധാന റോളിൽ നില്ക്കുന്നതും കശ്മീർ മുതൽ കന്യാകുമാരി വരെ പ്രാദേശിക പാർട്ടികളുടെ കാരുണ്യത്തിനായി കെഞ്ചുന്നതും വേദനയുളവാക്കുന്നു’. ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസിൽ ഇന്ന് ജനാധിപത്യം പേരിന് പോലുമില്ലെന്ന് ആസാദ് കുറ്റപ്പെടുത്തുന്നുണ്ട്.

പാർട്ടിയുടെ പരമോന്നത സമിതികളാണ് കോൺഗ്രസ് പാർലമെന്ററി ബോർഡും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും. വർക്കിങ് കമ്മിറ്റി അംഗങ്ങളായി നാമനിർദ്ദേശം വഴി ഇഷ്ടക്കാരെ നിയമിക്കുന്നു. പാർലമെന്ററി ബോർഡ് എന്ന സമിതി മൂന്ന് പതിറ്റാണ്ടുകളായി നിലവില്ലെന്നും പാർലമെന്ററി ബോർഡംഗമായിരുന്ന ഗുലാം നബി എഴുതുന്നു. കോൺഗ്രസിന് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥക്ക് പ്രധാന കാരണം ദേശീയ‑സംസ്ഥാന തലങ്ങളിൽ കഴിവുള്ള നേതാക്കളെ ഒതുക്കലും അവർക്ക് പകരം, ജനബന്ധമില്ലാത്ത, കഴിവ്കെട്ട ഏറാൻ മൂളികളെ അവരോധിക്കലുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ബന്ധപ്പെട്ട തലങ്ങളിൽ ഇവ ചൂണ്ടിക്കാട്ടിയിട്ടും ഒന്നും നടന്നില്ല എന്നദ്ദേഹം പറയുന്നുണ്ട്. ആരോട് പറയാൻ ആരു കേൾക്കാൻ എന്ന വിലാപവും ഗുലാം നബി ആസാദ് ഉയർത്തുന്നുണ്ട്.

 

Eng­lish Sam­mury: Con­gress and Unpleas­ant Truths; Truth read­ing through ‘Azaa­di’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.