
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലും പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്.
തുര്‍ക്കിയുടെ സൈനിക വിമാനങ്ങള്‍ ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി വ്യോമ സേനയുടെ ആറ് ഹെര്‍ക്കുലീസ് 7 സി 130 ചരക്ക് വിമാനങ്ങളാണ് പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയ യുദ്ധോപകരണങ്ങളുമായി കറാച്ചിയിലെത്തിയത്. ഒരു വിമാനം ഇസ്ലാമാബാദിലും ഇറങ്ങി.
പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങള്‍ കറാച്ചിയിലാണ്. പാകിസ്ഥാനും തുര്‍ക്കിയും പ്രതിരോധ സഹകരണമുണ്ട്. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ പാകിസ്ഥാന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാന്റെ മറ്റൊരു പ്രധാന പങ്കാളിയായ ചൈന പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകള്‍ അടിയന്തരമായി എത്തിച്ചുനല്‍കി. പാകിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 ബ്ലോക്ക് 3 യുദ്ധവിമാനങ്ങളില്‍ പിഎല്‍-15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകള്‍ ഘടിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുളള മിസൈലുകളാണിത്.
മറ്റൊരു തന്ത്രപ്രധാനമായ നീക്കത്തില്‍ പാകിസ്ഥാന്റെ എഫ് 16 ബ്ലോക്ക് 52 പ്ലസ് വിമാനങ്ങളില്‍ പകുതിയും പസ്നി എയര്‍ഫീല്‍ഡിലേക്ക് മാറ്റി. ഇന്ത്യയുടെ അത്യാധുനിക എസ് 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാന പരിധിക്ക് പുറത്താണ് ഖ്വാദര്‍ തീരമേഖലയിലെ പസ്നി വ്യോമത്താവളം. കൂടാതെ ചൈനീസ് നിര്‍മ്മിത എസ്എച്ച്-15 ട്രക്ക് മൗണ്ടഡ് 155 മില്ലീമീറ്റര്‍ പീരങ്കി സംവിധാനങ്ങൾ ലാഹോറിലെ ജനവാസ മേഖലകളിലേക്കും വിന്യസിച്ചു.
ഇന്ത്യയുടെ സൈനികാക്രമണം ആസന്നമാണെന്നും തിരിച്ചടിക്കാന്‍ സജ്ജമാണെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. സേനയെ ശക്തിപ്പെടുത്തിയതായും തന്ത്രപരമായ തീരുമാനങ്ങളെടുത്തതായും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ആക്രമണോത്സുകമായ നിലപാട് സ്വീകരിക്കരുതെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ലഭ്യമായ എല്ലാ നയതന്ത്ര വഴികളും ഉപയോഗിക്കണമെന്നും ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്, ഇളയ സഹോദരനും നിലവിലെ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിന് ഉപദേശം നല്‍കി.
ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍;പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷാ തയ്യാറെടുപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കാനാണ് പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചും സൈന്യം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടാകുന്നതിനാല്‍ അതേരീതിയില്‍ മറുപടി എന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ ചര്‍ച്ചയില്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗവും വിളിച്ചുചേര്‍ത്തു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ഡിഫന്‍സും യോഗം ചേര്‍ന്നു. സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ് തുടരുകയാണ്. തുടര്‍ച്ചയായി നാലാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. പൂഞ്ചിലും കുപ്‌വാരയിലുമാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.