ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ രണ്ടരലക്ഷം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന ആശങ്കകളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച വ്യക്തമായ പഠന റിപ്പോര്‍ട്ട് ലഭ്യമല്ലായിരുന്നു. പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന മാഗസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കൊളംബിയ സർവകലാശാലയിലെയും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
ഒരു മൈക്രോമീറ്ററില്‍ താഴെ നീളം അല്ലെങ്കില്‍ മുടിനാരിഴയുടെ ഏഴിലൊന്ന് വീതിയുമുള്ള പ്ലാസ്റ്റിക് കണത്തെയാണ് നാനോപ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. നേരത്തെ കണക്കുകൂട്ടിയിരുന്നതിലും നൂറിരട്ടി നാനോപ്ലാസ്റ്റിക് കണങ്ങളാണ് കുപ്പിവെള്ളത്തില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഒന്നുമുതല്‍ 500 മൈക്രോമീറ്ററിനുള്ളില്‍ വരുന്ന മൈക്രോപ്ലാസ്ക്കിക് കണങ്ങളെ മാത്രമാണ് നേരത്തെ തിട്ടപ്പെടുത്തിയിരുന്നത്.
മനുഷ്യകോശങ്ങളിലൂടെ തുളച്ചുകയറി രക്തത്തില്‍ പ്രവേശിക്കുന്നതിലൂടെ അവയവങ്ങളെവരെ തകരാറിലാക്കാന്‍ ശേഷിയുള്ളവയാണ് നാനോ പ്ലാസ്റ്റിക്കുകള്‍. അമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെ ഗര്‍ഭസ്ഥ ശിശുവിലേക്കും നാനോ പ്ലാസ്റ്റിക്കുകള്‍ക്ക് എത്താന്‍ കഴിയും.
ഇത്തരത്തിലുള്ള നാനോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കുപ്പിവെള്ളത്തില്‍ സംശയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധിച്ച പഠനം നടത്താന്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലായിരുന്നു. ഏറ്റവും ചെറിയ പ്ലാസ്റ്റിക് കണിക പോലും കണ്ടെത്താൻ കഴിയുന്ന നൂതനമായ ലേസർ സാങ്കേതികവിദ്യയാണ് നിലവില്‍ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് കുപ്പിവെള്ളത്തിൽ കണ്ടെത്താനാകുന്ന പ്ലാസ്റ്റിക് കണങ്ങളുടെ എണ്ണം പത്തിലധികം മടങ്ങ് വർധിപ്പിച്ചു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ കൂടുതലായും വരുന്നത് പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് തന്നെയാണെന്നും ബാക്കിയുള്ളവ മറ്റ് മലിനീകരണം തടയാൻ ഉപയോഗിക്കുന്ന റിവേഴ്സ് ഓസ്മോസിസ് മെംബ്രൻ ഫിൽട്ടറിൽ നിന്നാണെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗവേഷകർ പഠനത്തിൽ ഉപയോഗിച്ച മൂന്ന് കുപ്പിവെള്ള ബ്രാൻഡുകൾ ഏതാണെന്ന് വെളിപ്പടുത്തിയിട്ടില്ല. മറ്റ് ബ്രാൻഡുകളിൽ കൂടി പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ ബ്രാൻഡുകളുടെ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്നാണ് സൂചന.
ചെറിയ നാനോകണങ്ങൾ കുപ്പിവെള്ള ഉല്പാദനത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഉണ്ടാവുന്നവയാണ്. പ്രോസസിങ്ങിലൂടെ അവ കൂടുതൽ ചെറിയ ഭാഗങ്ങളായി വിഘടിപ്പിക്കുന്നതാകാമെന്നാണ് ഗവേഷകർ നല്‍കുന്ന സൂചന. പോളിമൈഡ്, പോളിസ്റ്റൈറൈൻ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്നത് ഇവ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ വെള്ളം ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന മെംബ്രൻ മെറ്റീരിയലായാണ് ഉപയോഗിക്കുന്നത് എന്നതാണ്.
English Summary: Two and a half lakh plastic particles enter the body through one liter of bottled water
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.