അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ട് സോളാർ ബോട്ടുകൾ നീറ്റിലിറങ്ങാൻ തയ്യാറായി.
ഇതിൽ ആദ്യത്തെ സോളാർ ബോട്ട് അടുത്തമാസം രണ്ടാമത്തെ ആഴ്ചയിൽ വകുപ്പിന് ലഭിക്കും. നിർമാണം പൂർത്തിയായ രണ്ടാമത്തെ ബോട്ട് നവംബറിലും ലഭിക്കും. മറ്റ് ബോട്ടുകളുടെ നിർമാണം തൊട്ടടുത്ത മാസങ്ങളിൽ പൂർത്തിയാകും. നിർമാണം പൂർത്തിയായ ആദ്യത്തെ സോളാർബോട്ട് എറണാകുളം ജില്ലയിലാണ് സർവീസ് നടത്തുന്നത്. ടൂറിസവുമായി ബന്ധപ്പെടുത്തിയായിരിക്കും സർവീസ് നടത്തുക. രണ്ടാമത്തെ ബോട്ട് ആലപ്പുഴ ജില്ലയിലായിരിക്കും സർവ്വീസ് നടത്തുക എന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു.
കുസാറ്റാണ് നിർമാണ സാങ്കേതികസഹായം വഹിക്കുന്നത്. സുരക്ഷിതവും ശബ്ദരഹിതവുമാണ് സോളാർബോട്ടുകൾ. ചേർത്തല പാണാവള്ളിയിലെ യാർഡിൽ ബോട്ടുകളുടെ ഹൾ നിർമാണം നേരത്തെ പൂർത്തിയായി. സൂപ്പർ സ്ട്രക്ചർ സ്ഥാപിക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്ങിന്റെയും (ഐആർഎസ്) മാരിടൈം ബോർഡിന്റെയും സുരക്ഷാപരിശോധനയ്ക്ക് ശേഷമാകും സർവീസ് ആരംഭിക്കുക.
1.80 കോടി രൂപയാണ് ഒരു ബോട്ടിന്റെ നിർമാണച്ചെലവ്. 30 സീറ്റ് വീതമാണ് നാല് ബോട്ടിലും ഉണ്ടാകുക. രണ്ടാംഘട്ടമായി 75 ഉം 100 ഉം സീറ്റുള്ള ബോട്ട് നിർമിക്കാനും പദ്ധതിയുണ്ട്. ആലപ്പുഴയ്ക്ക് പുറമേ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സോളാർ ഫെറി പരിഗണിക്കുന്നുണ്ട്. സോളാർ ബോട്ടുകൾ പരിഗണിക്കുന്ന റൂട്ടുകളിൽ സാധാരണ ഡീസൽ ബോട്ടുകൾക്ക് പ്രതിമാസം 12,000 രൂപവരെയാണ് ശരാശരി ഇന്ധനച്ചെലവ്. സോളാർ ബോട്ടുകൾക്ക് മാസം 350 മുതൽ 500 രൂപ വരെ മാത്രമേ ചെലവാകൂ. അറ്റകുറ്റപ്പണിയും കുറവ്. സൂര്യപ്രകാശം കുറയുന്ന മൺസൂൺ സമയത്താണ് ഇവയ്ക്ക് റീച്ചാർജിങ്ങിനായി ചെലവുണ്ടാകുക.
വൈക്കം–തവണക്കടവ് റൂട്ടിൽ അഞ്ച് വർഷമായി സർവീസ് നടത്തുന്ന ‘ആദിത്യ’ സോളാർ ബോട്ടിന്റെ മാതൃകയിലാണ് ജലഗതാഗത വകുപ്പിനായി സോളാർ ബോട്ടുകൾ ഒരുങ്ങുന്നത്. യാത്രക്കാരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലാണ് സീറ്റുകൾ കൂടുതലുള്ള സോളാർ ബോട്ടുകൾ ഇറക്കുക. നിലവിൽ വകുപ്പിന് സ്വന്തമായുള്ള 60 പാസഞ്ചർ ബോട്ടുകൾ എല്ലാ ദിവസവും 59 ഷെഡ്യൂൾഡ് ട്രിപ്പുകൾ നടത്തുന്നുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ബോട്ട് സർവീസ് നടത്തുന്നത്. പ്രതിവർഷം 1.5 കോടി യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. പാസഞ്ചർ ബോട്ടുകൾക്കൊപ്പം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പാക്കേജിൽ സർവീസ് നടത്താനും വകുപ്പ് ആലോചിക്കുന്നുണ്ട്.
English summary;Two more solar boats are ready to launch
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.