20 December 2024, Friday
KSFE Galaxy Chits Banner 2

രണ്ട് വിമാനങ്ങള്‍ ഒരുമിച്ച് പറന്നുയര്‍ന്ന സംഭവം; ടവറുകളുടെ ഏകോപനത്തില്‍ ഗുരുതര വീഴ്ച

Janayugom Webdesk
ന്യൂഡല്‍ഹി
January 19, 2022 11:02 pm

ഈ മാസം ഏഴിന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരേസമയം പറന്നുയര്‍ന്ന സംഭവത്തില്‍ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനങ്ങള്‍ കൂട്ടിയിടിച്ചിരുന്നെങ്കില്‍ രണ്ടുവിമാനങ്ങളിലുമായി ഉണ്ടായിരുന്ന നാനൂറിലധികം യാത്രക്കാരുടെ ജീവന്‍ അപകടത്തിലായേനെയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന 6ഇ 455, ബംഗളൂരുവില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന 6ഇ 246 വിമാനവുമാണ് ‘ബ്രീച്ച് ഓഫ് സെപ്പറേഷന്‍’ മറികടന്നതെന്ന് ഡിജിസിഎ അധികൃതര്‍ പറഞ്ഞു. എയര്‍സ്‌പേസില്‍വച്ച് തമ്മില്‍ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങള്‍ മറികടക്കുമ്പോഴാണ്ബ്രീച്ച് ഓഫ് സെപ്പറേഷന്‍ ഉണ്ടാകുന്നതെന്നും ഇക്കാര്യം രേഖപ്പെടുത്തുകയോ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ഡിജിസിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബംഗളുരു വിമാനത്താവളത്തില്‍ രണ്ട് റണ്‍വെയിലൂടെയാണ് വിമാനസര്‍വീസുകള്‍ നടത്തുന്നത്. സംഭവദിവസം രാവിലെ വിമാനം പറന്നുയരാനായി വടക്ക് റണ്‍വെയും ഇറക്കാനായി തെക്ക് റണ്‍വെയുമാണ് ഉപയോഗിച്ചത്. എന്നാല്‍ റണ്‍വെ ഓപ്പറേഷന്‍സിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തെക്ക് റണ്‍വെ അടച്ചിടുകയും അടുത്തതില്‍ ലാന്‍ഡിങും ടേക്ക് ഓഫും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ദക്ഷിണ ടവര്‍ കണ്‍ട്രോളറെ അറിയിച്ചിരുന്നില്ല. രണ്ട് ടവറുകള്‍ തമ്മിലുള്ള ഏകോപനത്തില്‍ ആശയക്കുഴപ്പമുണ്ടായതോടെയാണ് ഒരേ റണ്‍വേയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

എന്നാല്‍ റഡാര്‍ സംവിധാനം വിമാനങ്ങള്‍ കൂട്ടിയിടിച്ചേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതോടെ അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു. ഇക്കാര്യം ലോഗ് ബുക്കില്‍ രേഖപ്പെടുത്തുകയോ എഎഐയില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല. എഎഐ ആണ് വ്യോമഗതാഗതം നിയന്ത്രിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിസിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തില്‍ 176 യാത്രക്കാരും ഭുവനേശ്വറിലേക്കുള്ള വിമാനത്തില്‍ 238 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനത്തിലും ആറ് ജീവനക്കാര്‍ വീതം ഉണ്ടായിരുന്നു.

ENGLISH SUMMARY:Two planes fly togeth­er; Seri­ous fail­ure in coor­di­na­tion of towers
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.