8 January 2026, Thursday

Related news

January 1, 2026
December 30, 2025
December 23, 2025
December 19, 2025
December 19, 2025
December 19, 2025
December 14, 2025
December 7, 2025
November 29, 2025
November 5, 2025

ആവേശമായി യുവകലാസാഹിതി യുഎഇ കലോത്സവം

Janayugom Webdesk
ദുബായ്
November 29, 2025 6:11 pm

യുവകലാസാഹിതി യുഎഇയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ വിനീത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ: ആർ എൽ വി രാമകൃഷ്‌ണൻ, ഗൾഫ് ഇന്ത്യൻ ഹൈ സ്കൂൾ പ്രിൻസിപ്പാൾ ഡോ: എസ് രേഷ്‌മ എന്നിവർ പങ്കെടുത്തു. ദുബായ് ഗൾഫ് ഇന്ത്യൻ സ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾ കാണികളിൽ ആവേശമുണർത്തി. കുട്ടികളുടെ മത്സര നിലവാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുൻ കേരള സംസ്ഥാന കലാപ്രതിഭ കൂടിയായ വിനീത്കുമാർ അഭിപ്രായപ്പെട്ടു. പ്രവാസികളായ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന്റെ മുൻകൈയിൽ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് മുഹമ്മദ് മൊഹ്സിൻ എംഎൽഎ പറഞ്ഞു.

1200 ഓളം മത്സരാർത്ഥികൾ 5 കാറ്റഗറികളിലായി വ്യക്തിഗത ഇനങ്ങളിൽ മാറ്റുരച്ചു. റാസ് അൽ ഖൈമ റീജിയനു വേണ്ടി ബിജു കൊട്ടില സംവിധാനം ചെയ്ത ‘എലിപ്പെട്ടി’ മികച്ച നാടകത്തിനുള്ള തോപ്പിൽ ഭാസി പുരസ്‌കാരം നേടി. അബുദാബി, ദുബായ് റീജിയനുകൾ യഥാകൃമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച നടിക്കുള്ള കെ പി എ സി ലളിത പുരസ്‌കാരം ആവണി വികാസും, മികച്ച നടനുള്ള തിലകൻ പുരസ്‌കാരം ഓസ്റ്റിനും കരസ്ഥമാക്കി.

വാശിയേറിയ മേഖല മത്സരത്തിൽ കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ഷാർജ മേഖല ഇത്തവണയും വയലാർ രാമവർമ്മ ട്രോഫി നിലനിർത്തി. ദുബായ് മേഖല രണ്ടാം സ്ഥാനത്തും അബുദാബി മൂന്നാം സ്ഥാനത്തും എത്തി. കലാതിലകമായി മാളവിക മനോജിനേയും
കലാപ്രതിഭയായി ശ്രീഹരി അഭിലാഷിനെയും തെരെഞ്ഞെടുത്തു. വിവിധ കാറ്റഗറികളിൽ കൂടുതൽ പോയിന്റുകൾ നേടി ലയന നായർ, വേദിക മാധവ്, വേദിക നായർ, ആർദ്ര ജീവൻ എന്നിവരും പ്രത്യേക പുരസ്കാരത്തിന് അർഹരായി. വിജയികൾക്ക് മുഹമ്മദ് മുഹ്സിൻ എംഎൽഎയും വിനീത് കുമാറും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
ആർ എൽ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മികച്ച വിധികർത്താക്കളുടെ പാനലുകളാണ് വിജയികളെ നിർണയിച്ചത്.

മൺമറഞ്ഞ വിവിധ മേഖലകളിലെ പ്രതിഭകളുടെ പേരിലാണ് വിവിധ ട്രോഫികൾ നാമകരണം ചെയ്യപ്പെട്ടത്. വയലാർ രാമവർമ്മ, മൃണാളിനി സാരാഭായി, കെടാമംഗലം സദാനന്ദൻ, തോപ്പിൽ ഭാസി, കെപിഎസി ലളിത, തിലകൻ, ഇന്ദ്രാണി റഹ്മാൻ, രുഗ്മിണി ദേവി അരുന്ധേൽ, കണിയാപുരം രാമചന്ദ്രൻ, സുഗതകുമാരി, കുഞ്ഞുണ്ണി മാഷ്, എം ടി വാസുദേവൻ നായർ അടക്കമുള്ളവരുടെ നാമധേയത്തിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയത് സാംസ്കാരിക മേഖലയിൽ ഇവർ നൽകിയ സംഭാവന വരും തലമുറകളിൽ കൂടുതൽ പ്രകാശമായി എത്തിച്ചേരുവാൻ സഹായിക്കുമെന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു.
ചടങ്ങുകളിൽ സംഘാടകസമിതി ഭാരവാഹികളായ അജി കണ്ണൂർ, സുബീർ ആരോൾ യുവകലാസാഹിതി നേതാക്കളായ വിൽ‌സൺ തോമസ്, പ്രദീഷ് ചിതറ, സുഭാഷ് ദാസ്, ബിജു ശങ്കർ, സുനിൽ ബാഹുലേയൻ, പ്രശാന്ത് ആലപ്പുഴ, ജിബി ബേബി, നൗഷാദ് അറക്കൽ, നിംഷ ഷാജി, സർഗ്ഗ റോയ്, നമിത സുബീർ, അനീഷ് നിലമേൽ, മനു കൈനകരി, നൗഷാദ് പുലാമന്തോൾ, അഭിലാഷ് ശ്രീകണ്ഠപുരം, റോയ് നെല്ലിക്കോട്, രഘുരാജ് പള്ളിക്കാപ്പിൽ, രാജേഷ് എ ജി, ഷിജോയ് ചന്ദ്രൻ, റോണി തോമസ്, വിൽ‌സൺ എസ് എ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.