22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

മോഡി ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണം; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2023 9:40 pm
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും രംഗത്ത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ നടപടിയായി മോഡി ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളോടും കോളജുകളോടും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) നിര്‍ദേശിച്ചു.
വിവിധ മേഖലകളില്‍ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ കൂടുതല്‍ യുവാക്കളിലേക്കെത്തിക്കാനാണ് സെല്‍ഫി പോയിന്റുകള്‍ എന്നാണ് യുജിസി പറയുന്നത്. വിദ്യാര്‍ത്ഥികളെയും സന്ദര്‍ശകരെയും ഈ പോയിന്റുകളില്‍ നിന്ന് സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടാന്‍ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച 3ഡി ലേ ഔട്ടിന്റെ മാതൃകയില്‍ മാത്രമേ ഇവ ക്രമീകരിക്കാന്‍ പാടുള്ളൂ എന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ യുജിസി സെക്രട്ടറി പ്രൊഫസര്‍ മനീഷ് ആര്‍ ജോഷിയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.
സെല്‍ഫി പോയിന്റുകള്‍ക്കായി യുജിസി നിരവധി ഡിസൈനുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണം, നാനാത്വത്തില്‍ ഏകത്വം, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, ബഹുഭാഷാവാദം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനത്വം എന്നിവയിലെ ഇന്ത്യയുടെ ഉയര്‍ച്ച എന്നിങ്ങനെ ഓരോ ഡിസൈനും ഒരു പ്രത്യേക തീമായി അവതരിപ്പിച്ചിരിക്കുന്നു. ഓരോ സെല്‍ഫി പോയിന്റും കാമ്പസിലെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥാപിക്കുകയും 3ഡി ലേഔട്ട് ഉണ്ടായിരിക്കുകയും വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം യുജിസിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് സംഭവിക്കുന്നത് ഒരു കള്‍ട്ട് ഫിഗര്‍ കെട്ടിപ്പടുക്കാനുള്ള പ്രചാരണമാണെന്ന് ഒരു ഉന്നത സ്ഥാപനത്തിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പൊതു സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ഭരണകൂടം ഇത് ചെയ്യുന്നത്. അത്തരം പ്രചരണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അക്കാദമിക് സ്ഥാപനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിനെയോ യുജിസിയെയോ പ്രാപ്തരാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റോസ്ഗാര്‍ മേളകളില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ പുതുതായി നിയമിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ മോഡി കട്ട് ഔട്ടുകള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുത്തിരുന്നു. എല്ലാ നേട്ടങ്ങള്‍ക്കും ഉത്തരവാദി ഒരു നേതാവ് മാത്രമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി ഇത്തരം സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കാറുണ്ടെങ്കിലും ക്യാമ്പസ് ഭരണകര്‍ത്താക്കള്‍ക്ക് അവ അവഗണിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഒരു മാനേജ്മെന്റ് അധ്യാപകന്‍ അഭിപ്രായപ്പെട്ടു.
Eng­lish Sum­ma­ry: UGC Urges Uni­ver­si­ties to Set Up Naren­dra Modi Self­ie Points on Campuses
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.