19 January 2026, Monday

Related news

January 13, 2026
January 6, 2026
January 2, 2026
January 2, 2026
November 25, 2025
November 15, 2025
November 14, 2025
November 5, 2025
October 14, 2025
September 24, 2025

സുരക്ഷ ഒരുക്കാന്‍ കഴിയുന്നില്ല; കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

Janayugom Webdesk
ശ്രീനഗര്‍
April 29, 2025 9:33 pm

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്‌ കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീരിലെ 87 ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ 48 കേന്ദ്രങ്ങളാണ്‌ അടച്ചത്‌. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഗുരെസ് താഴ്‌വര, ദോഡപത്രി, വെരിനാഗ്, ബംഗസ് താഴ്‌വര, യുസ്മാർഗ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ശ്രീനഗറിലെ ജാമിയ മസ്ജിദ് സന്ദർശിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിലപ്പോൾ കൂടുതൽ ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ കൂടി അടച്ചേക്കുമെന്നും സൂചനയുണ്ട്.

പഹല്‍ഗാമിന് പിന്നാലെ കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ്‌വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഭീകരരെ സഹായിക്കുന്നവരുടെ വീടുകള്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും തകര്‍ത്തിരുന്നു. ഇതിന് തിരിച്ചടി എന്ന നിലയില്‍ കൂടുതല്‍ ആള്‍നാശമുണ്ടാകുന്ന തരത്തില്‍ കടുത്ത ആക്രമണങ്ങള്‍ നടത്താനാണ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ദാല്‍ ലേക്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടെ പ്രധാന മേഖലകളില്‍ സുരക്ഷയ്ക്കായി ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ നിന്നുള്ള ആന്റി ഫിദായീന്‍ സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ഈ തീരുമാനം. ആക്രമണത്തെ തുടര്‍ന്ന് നിരവധി ടൂറിസ്റ്റുകള്‍ കശ്മീര്‍ വിട്ടുപോയിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി യാത്രികര്‍ കശ്മീര്‍ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. 80 ശതമാനത്തോളം ബുക്കിങ്ങുകളാണ് റദ്ദാക്കിയിട്ടുള്ളതെന്ന് കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.