സൈന്യവും അര്‍ധ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാർ. വിദേശ പൗരന്മാരെ ഒഴിപ്പിക്കാൻ പിന്തുണ നല്‍കുമെന്ന് സുഡാന്‍ സെെന്യം ഇന്നലെ അറിയിച്ചിരുന്നു. തുടര്‍ന്ന് സൗദി അറേബ്യ, ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
സൗദി അറേബ്യ സ്വന്തം പൗരന്മാര്‍ക്ക് പുറമെ സുഹൃദ്‌രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഇതിലാണ് ഇന്ത്യക്കുള്ള ഏക പ്രതീക്ഷ. നേരത്തെ സൗദിയുമായി ഇക്കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം സുഡാന്‍ ദൗത്യത്തിന് തയ്യാറാകാന്‍ ഇന്ത്യന്‍ വ്യോമ നാവിക സേനകള്‍ക്ക് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുക. സൗദി പൗരന്മാര്‍ക്കൊപ്പം ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ പിന്നീട് വ്യോമമാര്‍ഗം തിരികെയെത്തിക്കാനാണ് ആലോചന.
സുഡാനിലെ അര്‍ധസെെനിക വിഭാഗവും സെെന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരാഴ്ച പിന്നിട്ടിട്ടുണ്ട്. ഒഴിപ്പിക്കലിനായി വിമാനത്താവളങ്ങള്‍ തുറക്കാന്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നേതാവ് മുഹമ്മദ് ഹംദാന്‍ ദഗാലോ സമ്മതിച്ചിരുന്നു. സൈനികമേധാവി അബ്ദുല്‍ ഫത്തേഹ് അല്‍ ബുര്‍ഹാനും ഇത് അംഗീകരിച്ചതോടെ യുഎസും മറ്റ് ചില രാജ്യങ്ങളും പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ഖാർത്തൂമിൽ നിന്ന് നയതന്ത്രജ്ഞരെയും മറ്റ് പൗരന്മാരെയും വരും മണിക്കൂറുകളിൽ ഒഴിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. സൗദി അറേബ്യ, ജോര്‍ദാന്‍ എംബസികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ സ്വരാജ്യങ്ങളിലെത്തിച്ചു.
റംസാന്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇരു വിഭാഗവും സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഫോടനങ്ങളില്‍ അയവ് വന്ന സാഹചര്യമാണുള്ളത്. ഇരു വിഭാഗത്തിനും വിജയം നേടാനാകുമെന്നോ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നോ ഉള്ള സൂചനകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. സൈന്യത്തിന് വ്യോമ ശക്തിയുണ്ടെങ്കിലും മധ്യ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള പ്രധാന നഗരപ്രദേശങ്ങളില്‍ ആര്‍എസ്‍എഫിനാണ് മുന്‍തൂക്കം. നിലവിലെ സംഘര്‍ഷത്തില്‍ മലയാളിയടക്കം 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
English Summary: Uncertainty in evacuation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.