
സ്പാനിഷ് ലാലിഗയില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ലെവന്റയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. കിലിയന്‍ എംബാപ്പെ ഇരട്ടഗോളുകളുമായി തിളങ്ങി. 28-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിറ്റില്‍ ഫ്രാങ്കോ മസ്തന്റുവാനോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ ആദ്യപകുതി 2–0ന് റയല്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ ലെവന്റെ ഒരു ഗോള്‍ മടക്കി. എറ്റ ഇയോങ്ങാണ് സ്കോറര്‍. എന്നാല്‍ പിന്നീട് റയല്‍ ലീഡുയര്‍ത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. 64-ാം മിനിറ്റില്‍ റയലിനനുകൂലമായ പെനാല്‍റ്റിയെത്തി. കിക്കെടുത്ത എംബാപ്പെ പന്ത് ലെവന്റെയുടെ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ എംബാപ്പെ വീണ്ടും ഗോള്‍ നേടിയതോടെ റയല്‍ വിജയമുറപ്പിച്ചു.
പന്തടക്കത്തിലും പാസിങ്ങിലും റയല്‍ ഏറെ മുന്നിലായിരുന്നു. അപരാജിതരായി മുന്നേറുന്ന റയല്‍ ആറും ജയിച്ച് 18 പോയിന്റോടെ തലപ്പത്താണ്. ഒരു മത്സരം കുറച്ച് കളിച്ച രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാള്‍ അഞ്ച് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. നാല് പോയിന്റുള്ള ലെവന്റെ 16-ാമതാണ്.
മറ്റൊരു മത്സരത്തില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് വിയ്യാറയല്‍. 17-ാം മിനിറ്റില്‍ ടാനി ഒളുവസെയാണ് വിയ്യാറയലിന് ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ 51-ാം മിനിറ്റില്‍ ഡിജിബ്രില്‍ സൗ നേടിയ ഗോളില്‍ സെവിയ്യ സമനില കണ്ടെത്തി. എന്നാല്‍ 86-ാം മിനിറ്റില്‍ മാനൊര്‍ സൊളോമന്‍ ഗോള്‍ നേടി വിയ്യാറയലിന് വിജയം സമ്മാനിച്ചു. ആറില്‍ നാല് വിജയവും ഒരു തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടെ 13 പോയിന്റോടെ മൂന്നാമതാണ് വിയ്യാറയല്‍. അത്‌ലറ്റിക് ക്ലബ്ബ്-ജിറോണ മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് അത്‌ലറ്റിക് ക്ലബ്ബ് സമനില വഴങ്ങുന്നത്. 10 പോയിന്റുമായി അഞ്ചാമതാണ് അത്‌ലറ്റിക് ക്ലബ്ബ്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ജിറോണ ഈ സീസണില്‍ ഒരു ജയം പോലും നേടാനായില്ല. നിലവില്‍ അവസാന സ്ഥാനത്താണ് (20) ജിറോണയുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.