നാഷണൽ സാമ്പിൾ സർവേ ഓഫിസ് (എന്‍എസ്എസ്ഒ) തയ്യാറാക്കിയ 2023 ജൂലായ് മുതൽ 24 ജൂൺ വരെയുള്ള ആനുകാലിക തൊഴിൽ സേനാ സർവേയുടെ (പിഎല്‍എഫ്എസ്) ആദ്യ റിപ്പോർട്ട് സെപ്റ്റംബറിൽ സർക്കാർ പുറത്തുവിട്ടു. ഇതിനുമുമ്പ് 2017–18ൽ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരുന്നത്. സ്വാഭാവികമായും 2019 ജനുവരിയില്‍ വെളിപ്പെടുത്തേണ്ട റിപ്പോര്‍ട്ട് മേയ് മാസമാണ് അന്ന് വെളിച്ചം കണ്ടത്. സർക്കാരിന്റെ ഈ അലസത നിശിതമായ വിമര്‍ശനത്തിനിടയാക്കി. സത്യത്തില്‍ സർവേ റിപ്പോർട്ടിലെ വര്‍ധിച്ച തൊഴിലില്ലായ്മ പുറത്തുവരാൻ സർക്കാർ ആഗ്രഹിച്ചിരുന്നില്ല. ഡാറ്റ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനുകളുടെ ചെയർപേഴ്‌സണും ഒരു സഹപ്രവർത്തകനും രാജിവച്ചു. ഇത് അഞ്ച് വർഷം മുമ്പത്തെ കഥ.
ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യം തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഡാറ്റയ്ക്കായി പ്രധാനമായും പിഎല്‍എഫ്എസിനെ ആശ്രയിക്കുന്നു. പ്രത്യേകിച്ചും ദശാബ്ദങ്ങളില്‍ നടക്കേണ്ട സെൻസസ് നടക്കാത്ത സാഹചര്യത്തില്‍. രാജ്യത്ത് യുവാക്കളും വനിതകളും രൂക്ഷമായ തൊഴിലില്ലായ‍്മ അനുഭവിക്കുന്നുവെന്ന് പുതിയ ആനുകാലിക തൊഴില്‍ സര്‍വേ പറയുന്നു. തൊഴില്‍ സേനാ പങ്കാളിത്ത നിരക്കും (എല്‍എഫ‍്പിആര്‍) തൊഴിലാളി ജനസംഖ്യാ അനുപാതവും (ഡബ്ല്യുപിആര്‍) തമ്മിലുള്ള അസമത്വവും ഉയര്‍ത്തിക്കാട്ടുന്നു. തൊഴില്‍ ചെയ്യുന്നവരുടെയും തേടുന്നവരുടെയും അനുപാതം പരിശോധിക്കുന്നതാണ് എല്‍എഫ‍്പിആര്‍. തൊഴില്‍ ചെയ്യുന്ന പ്രായത്തിലുള്ള മൊത്തം ജനസംഖ്യയിൽ ജോലി ചെയ്യുന്ന /ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണയായി ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയെന്നാല്‍ 15 മുതൽ 65 വയസുവരെയാണ്.
തൊഴിൽ സേനാ പങ്കാളിത്ത നിരക്കും, തൊഴിലാളി ജനസംഖ്യാ അനുപാതവും തമ്മിലുള്ള അസമത്വവും സര്‍വേ ഉന്നയിക്കുന്നു. സജീവമായി ജോലിയില്‍ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ ജോലി തേടുന്നവരുടെ അനുപാതം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളിലും നഗരങ്ങളിലും വളരെ ഉയർന്നതാണ്. ഗ്രാമങ്ങളില്‍ 84.3 ശതമാനവും നഗരങ്ങളില്‍ 81.9 ശതമാനവുമാണിത്. എന്നാല്‍ സ്ത്രീകളുടെ എല്‍എഫ‍്പിആര്‍ വളരെ പിന്നിലാണ്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ — 31.2 ശതമാനം. സാമ്പത്തിക വളർച്ചയും നഗരവൽക്കരണവും ഉണ്ടായിരുന്നിട്ടും, സാമൂഹികവും ഘടനാപരവുമായ തടസങ്ങൾ സ്ത്രീകളുടെ തൊഴിൽ വിപണിയിലേക്കുള്ള പ്രവേശനം തടയുകയാണ്.
താരതമ്യേന ഉയർന്ന എൽഎഫ്‌പിആർ ഉണ്ടായിട്ടും വർക്കർ പോപ്പുലേഷൻ റേഷ്യോ (യഥാർത്ഥത്തിൽ ജോലിചെയ്യുന്ന ജനസംഖ്യയുടെ അനുപാതം ‑ഡബ്ല്യുപിആർ) വ്യത്യസ്തമായ ഒരു ചിത്രം മുന്നോട്ടുവയ്ക്കുന്നു. എല്ലാ പ്രായക്കാരിലും ഡബ്ല്യുപിആർ വളരെ കുറവാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. ഗ്രാമീണ സ്ത്രീകളുടെ ഡബ്ല്യുപിആർ 34.8 ശതമാനവും നഗരങ്ങളിലേത് 20.7 ശതമാനവുമാണ്. എല്‍എഫ‍്പിആറും ഡബ്ല്യുപി ആറും തമ്മിലുള്ള വിടവ് സൂചിപ്പിക്കുന്നത് ജോലി അന്വേഷിക്കുന്നവരിൽ ഗണ്യമായ ഒരു വിഭാഗത്തിന് അത് കണ്ടെത്താൻ കഴിയുന്നില്ലെന്നും തൊഴിലാളികളുടെ ആവശ്യത്തിലും വിതരണത്തിലും പൊരുത്തക്കേടുണ്ടാകുന്നുവെന്നുമാണ്. ഇത് തൊഴിലില്ലായ്മ, അല്ലെങ്കിൽ തൊഴിൽ വിപണി തടസങ്ങൾ എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നു.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയും നഗര കുടിയേറ്റവും തൊഴിൽ വിപണികളിൽ വലിയസമ്മർദം ചെലുത്തുന്ന ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്ത് ഈ വൈരുധ്യം ഏറെ പ്രസക്തമാണ്. പുരുഷന്മാർക്കിടയിൽ ഉയർന്ന എൽഎഫ്‌പിആർ ഉണ്ടായിരുന്നിട്ടും, പങ്കാളിത്തത്തെ യഥാർത്ഥ തൊഴിലിലേക്കെത്തിക്കാനുള്ള കഴിവില്ലായ്മയാണ് താഴ്ന്ന ഡബ്ല്യുപിആർ സൂചിപ്പിക്കുന്നത്. ഇത് തൊഴിൽ വിപണിയിലെ കാര്യക്ഷമതയില്ലായ്മയെ എടുത്തുകാണിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകൾ അധികവെല്ലുവിളികൾ നേരിടുന്നത് അവരുടെ കുറഞ്ഞ പങ്കാളിത്തവും തൊഴിൽ നിരക്കുമാണ് വ്യക്തമാക്കുന്നത്.
ഗ്രാമീണ ഇന്ത്യയിൽ, വിവിധ വിദ്യാഭ്യാസ നിലവാരത്തിലുള്ള 15 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക്, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകളിലാണ് ഏറ്റവും ഉയർന്നതെന്ന് ഡാറ്റ കാണിക്കുന്നു — 83 ശതമാനം. ഇത് ബിരുദാനന്തര ബിരുദത്തിലുള്ളവരുടെ 78.1 ശതമാനത്തെക്കാള്‍ കൂടുതലാണ്. നഗരപ്രദേശങ്ങളില്‍ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കുന്നവരുടെ എൽഎഫ്‌പിആർ 78 ശതമാനവും ബിരുദാനന്തര ബിരുദവും അതിനുമുകളിലും ഉള്ളവരുടേത് 67.3 ശതമാനവുമാണ്. ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവരുടെ മൊത്തത്തിലുള്ള എൽഎഫ്‌പിആർ-80.6 ശതമാനമായിരിക്കുമ്പോള്‍ ബിരുദാനന്തര ബിരുദവും മുകളിലുമുള്ളവരുടേത് 71 ശതമാനം ആണ്.
ഡിപ്ലോമ — പിജി കാര്യത്തിൽ സ്ത്രീകളുടെ സ്ഥിതി ദയനീയമാണ്. ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ സ്ത്രീകളുടെ എൽഎഫ്‌പിആർ 55.8 ശതമാനം മാത്രമാണ്. ബിരുദാനന്തര ബിരുദവും അതിനുമുകളിലും ഉള്ളവരില്‍ ഇത് 51.1 ശതമാനവും. ഉയർന്ന തലത്തിലുള്ളതോ സാങ്കേതികമോ ആയി സമാന വിദ്യാഭ്യാസമുള്ളവരാണെങ്കിലും സ്ത്രീകൾ തൊഴിൽ വിപണിയില്‍ പുരുഷന്മാരെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നര്‍ത്ഥം.
2021–24 കാലയളവിൽ എല്ലാ പ്രായത്തിലുമുള്ള ഗ്രാമീണ, നഗര സ്ത്രീകളുടെ തൊഴിൽസേനാ പങ്കാളിത്ത നിരക്കിലും തൊഴിലാളി ജനസംഖ്യാ അനുപാതത്തിലും സ്ഥിരതയാർന്ന വർധനവാണ് കഴിഞ്ഞ മൂന്ന് വർഷത്തെ ഡാറ്റ വെളിപ്പെടുത്തുന്നത്, പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളില്‍. 15 വയസിനു മുകളിലുള്ള ഗ്രാമീണ സ്ത്രീകളുടെ എൽഎഫ്‌പിആർ 2021–22ലെ 36.6 ശതമാനത്തിൽ നിന്ന് 23–24ൽ 47.6 ആയി ഗണ്യമായി ഉയർന്നു. അതേസമയം നഗരങ്ങളില്‍ ഇതേ കാലയളവിൽ 23.8ൽ നിന്ന് 28 ശതമാനമായാണ് ഉയർന്നത്. ഇത് സൂചിപ്പിക്കുന്നത് തൊഴിൽശക്തിയിലേക്ക് ഗ്രാമീണ മേഖലകൾ സ്ത്രീകളെ കൂടുതൽ അടുപ്പിക്കുകയും, പ്രകടമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവെന്നാണ്. സാമ്പത്തിക ആവശ്യകതയുമായി ബന്ധപ്പെട്ടതും പരമ്പരാഗത കാർഷിക മേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങളുടെ സാധ്യതകൂടിയതുമാകാം ഇതിന് കാരണം.
വിദ്യാഭ്യാസത്തിലും യോഗ്യതയിലും പുരോഗതിയുണ്ടായിട്ടും, സ്ത്രീ തൊഴിൽപങ്കാളിത്തം, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, പുരുഷന്മാരെക്കാൾ വളരെ കുറവാണെന്നും കണക്കുകള്‍ കാണിക്കുന്നു. 15–29 വയസ് പ്രായമുള്ള നഗരങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 2023–24ൽ 20.1 ശതമാനമായിരുന്നു. അതേസമയം ഗ്രാമീണ തൊഴിലില്ലായ്മ 8.2 ശതമാനവും. ഈ അസമത്വം നഗരപ്രദേശങ്ങളിലെ ഘടനാപരമായ വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികമായ ഉയർന്ന സ്ത്രീ പങ്കാളിത്തം തൊഴിലായി മാറണമെന്നില്ല. ഒരുപക്ഷേ വൈദഗ്ധ്യത്തിലെ പൊരുത്തക്കേടുകളോ അനുയോജ്യമായ തൊഴിലവസരങ്ങളുടെ കുറവോ ആകാം കാരണം. തൊഴിൽ പങ്കാളിത്തത്തിലും തൊഴിലില്ലായ്മയിലും ഉള്ള ഗ്രാമ‑നഗര വിഭജനം തൊഴിൽ ശക്തിയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ ബാധിക്കുന്ന സാമൂഹിക‑സാമ്പത്തിക സാഹചര്യങ്ങളെയാണ് കാണിക്കുന്നത്.
അതേസമയം, മൊത്തത്തിലുള്ള തൊഴിലാളി ജനസംഖ്യാ അനുപാതവും തൊഴിലില്ലായ്മാ നിരക്കും ജോലി അന്വേഷിക്കുന്നവരുടെ എണ്ണവും, നിലവിലുള്ള യഥാർത്ഥ തൊഴിലും തമ്മിലുള്ള പൊരുത്തക്കേടും കണക്കുകൾ വെളിപ്പെടുത്തുന്നു. തൊഴിൽശക്തി പങ്കാളിത്തം പുരുഷന്മാരുടെ ഇടയിൽ താരതമ്യേന ഉയർന്ന നിലയിലാണെങ്കിലും, കുറഞ്ഞ ഡബ്ല്യുപിആറും ഉയർന്ന തൊഴിലില്ലായ്മാ നിരക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതില്‍ സമ്പദ്‌വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുന്നതിനെ സൂചിപ്പിക്കുന്നു.
ചില മേഖലകളിൽ മെച്ചപ്പെടലുണ്ടായതായി കാണിക്കുന്നുണ്ടെങ്കിലും, തൊഴിലിലെ ലിംഗ വ്യത്യാസം നികത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കൂടുതൽ തുല്യമായ തൊഴിൽ വിപണി അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങളുടെ ആവശ്യകത അടിവരയിടുന്നതാണ് പിഎല്‍എഫ്എസ് ഡാറ്റ. രാജ്യത്ത് സുസ്ഥിരമായ സാമ്പത്തിക വികസനം കൈവരിക്കുന്നതിന്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലിംഗഭേദമില്ലായ്മ ഉറപ്പാക്കുന്നതും വിദ്യാഭ്യാസത്തെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കുന്നതുമായ സമഗ്രമായ സമീപനവും ആവശ്യം.
(അവലംബം: ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.