28 December 2024, Saturday
KSFE Galaxy Chits Banner 2

യൂണിഫോം സിവിൽ കോഡ്

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
July 9, 2023 4:30 am

കർണാടക നിയമസഭ (വിധാൻസഭ) തെരഞ്ഞെടുപ്പു ഫലത്തിന്റെ ആഘാതത്തിൽ നിന്നും ബിജെപി ഇനിയും കരകയറിയിട്ടില്ല. തിരിച്ചടി ഇത്ര ശക്തമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തായാലും ചിന്തിച്ചിട്ടേ ഉണ്ടാവില്ല. അതിന്റെ ആഘാതത്തിലായ ബിജെപി നേതൃത്വം 2024ലെ പൊതുതെരഞ്ഞെടുപ്പിനെ ഭയന്നുതുടങ്ങി. എങ്ങനെ കേന്ദ്രഭരണം തുടരാനാകും, 2024ൽ തങ്ങള്‍ പ്രതിപക്ഷത്താകുമോ എന്ന ആശങ്കയും പ്രതിവിധി കണ്ടുപിടിക്കാനുള്ള വെപ്രാളത്തിനുമിടയിലാണ് പ്രധാനമന്ത്രി ഒരു നിധി കിട്ടിയ ഉത്സാഹത്തിൽ ‘യുറേക്കാ, യുറേക്കാ’ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തുള്ളിച്ചാടിയത്. ചുറ്റുംകൂടിയ നേതാക്കളോട് അദ്ദേഹം പറഞ്ഞു, പ്രതിവിധി ഞാൻ കണ്ടുപിടിച്ചു. എന്റെ യുറേക്കയാണ്, ഏകീകൃത സിവിൽ കോഡ്. ബിജെപി നേതാക്കൾ അടുത്ത തെരഞ്ഞെടുപ്പ് വിജയത്തിന് ഒറ്റമൂലി കണ്ടുപിടിച്ച മോഡിയെ അഭിനന്ദിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ അയോധ്യയിലെ രാമക്ഷേത്രവും ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവിയും അജണ്ടയാക്കിയ ബിജെപി ക്ക് ഹിന്ദു വോട്ടുകള്‍ ഒരു പരിധിവരെ ഏകോപിപ്പിക്കുവാൻ കഴിഞ്ഞു. എന്നിട്ടും 37ശതമാനം വോട്ടു നേടാനേ അവർക്കു കഴിഞ്ഞിട്ടുള്ളു. ഒരായുധവുമില്ലാതെ അന്തംവിട്ടു കളത്തിലിറങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 19.86 ശതമാനം വോട്ടും ലഭിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് മോഡിപ്രഭാവം ഗുണം ചെയ്യുകയില്ലെന്ന് കർണാടക തെരഞ്ഞെടുപ്പിൽക്കൂടി ബോധ്യമായതുകൊണ്ടാണ് പുതിയ ”യൂണിഫിക്കേഷൻ ഓഫ് ഹിന്ദുവോട്ട്” എങ്ങനെ എന്ന് ബിജെപി ചിന്തിച്ചത്. കർണാടകത്തിലെ തിരിച്ചടിക്കു ശേഷമാണ് യൂണിഫോം സിവിൽ കോഡ് എന്ന ആശയം ഉദയം ചെയ്തത്. 2018ൽ ജസ്റ്റിസ് (റിട്ട) ബൽബീർ സിങ് ചൗഹാൻ ചെയർമാനായ 21-ാം നിയമ കമ്മിഷൻ യൂണിഫോം സിവിൽ കോഡ് ഇപ്പോൾ അനാവശ്യവും അനഭിലഷണീയവുമാണെന്ന റിപ്പോർട്ടാണ് കേന്ദ്രത്തിനു നൽകിയത്. ഈ റിപ്പോര്‍ട്ടിനോടുള്ള വിദ്വേഷത്തിൽ 21-ാം നിയമ കമ്മിഷന്റെ കാലാവധി തീർന്നശേഷം പുതിയ കമ്മിഷനെ വയ്ക്കാനേ തയ്യാറായില്ല. സുപ്രീം കോടതിയിൽ ഹർജി വന്നപ്പോഴാണ് 2020ൽ രണ്ടു വർഷത്തിനു ശേഷം 22-ാം നിയമ കമ്മിഷനെ നിയമിക്കുന്നത്. എന്നിട്ടും ചെയർമാനായില്ല.

2022 നവംബറിലാണ് കർണാടകയിലെ റിട്ട. ജസ്റ്റിസ് റിതുരാജ് അവാസ്തിയെ ചെയർമാനായി നിയമിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് യൂണിഫോം സിവിൽ കോഡ്, കമ്മിഷനെക്കൊണ്ട് വീണ്ടും പുറത്തെടുപ്പിച്ചത്. 21-ാം കമ്മിഷൻ അനാവശ്യമെന്ന് കേവലം അഞ്ചു വർഷം മുൻപ് പറഞ്ഞത് 22-ാം നിയമ കമ്മിഷൻ ശുപാർശ ചെയ്യുന്നു. അതാണ് മോഡി മാജിക്. പ്രധാനമന്ത്രി പറയുന്ന ന്യായം ഇന്ത്യൻ ഭരണഘടനയുടെ നിർദേശകതത്വങ്ങളിലെ അനുച്ഛേദം 44ൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നതാണ്. എന്നാൽ അതേ നിർദേശകതത്വങ്ങളിൽ ”ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്നും വേർതിരിച്ച് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഉറപ്പാക്കാൻ രാഷ്ട്രം നടപടികൾ എടുക്കണ“മെന്നും പറഞ്ഞിട്ടുണ്ട്. അതിൽ എന്തുകൊണ്ട് മോഡി സർക്കാർ തൊടുന്നില്ല. ഭരണഘടനയെ മാനിക്കുന്ന ഭരണകൂടമാണെങ്കിൽ എന്തുകൊണ്ട് ഏഴാം പട്ടികയിൽ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള അധികാര പരിധിയിൽ കേന്ദ്ര സർക്കാർ കൈകടത്തുന്നു. സംസ്ഥാനത്തിന് ഭരണഘടന നൽകിയിട്ടുള്ള അധികാര വിഷയങ്ങളിൽ പാർലമെന്റിൽ നിയമം നിർമ്മിച്ച്, അധികാരം കവരുന്നു. അപ്പോൾ ഭരണഘടനയെയൊന്നുമല്ല മോഡി അവലംബിക്കുന്നത്, ബിജെപിയുടെ പ്രകടന പത്രികയും ഹിന്ദുത്വ വർഗീയതയുടെ അജണ്ടയെയുമാണ്. ഏകീകൃത സിവിൽ കോഡ് എന്ന ആശയം പ്രഖ്യാപിച്ചപ്പോൾ തന്നെ ഗോത്രവർഗ സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നു. ഇന്ത്യയുടെ വടക്കും വടക്കുകിഴക്കുമായി നിരവധി ഗോത്രവർഗ വിഭാഗങ്ങൾ ഇന്നും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളും ദായക്രമങ്ങളും പിന്തുടരുന്നവരായിട്ടുണ്ട്. 730ൽ പരം ഗോത്ര വർഗ വിഭാഗങ്ങളെ ഇന്ത്യൻ ഭരണഘടന തന്നെ അംഗീകരിച്ചിട്ടുണ്ട്. ആകെ ജനസംഖ്യയുടെ 8.6 ശതമാനം വരുന്ന 10.43 കോടി ജനങ്ങളാണ് ഇന്ത്യയിൽ എസ്‌ടി വിഭാഗത്തിൽപ്പെടുന്നത്. വിവാഹം, മരണം, സ്വത്തവകാശ ദായക്രമം ഇവയിലെല്ലാം ഇവർക്ക് വ്യത്യസ്തമായ ലിഖിതവും അലിഖിതവുമായ നിയമങ്ങളുണ്ട്. ഇവയെയെല്ലാം ഏകീകരിക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിനു തുല്യമായിരിക്കും. ഇപ്പോൾ തന്നെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ അതിർത്തികളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കാനും കൂടുതൽ അസ്വസ്ഥതകളും അശാന്തിയും പടർത്താനുമേ ഇതെല്ലാം സഹായിക്കൂ.


ഇതുകൂടി വായിക്കൂ:വിവര സുരക്ഷാ നിയമം പഴുതുകള്‍ സംശയാസ്പദം


കലാപകലുഷിതമായ മണിപ്പൂരിൽ അസാം റൈഫിൾസ്, സിആർപിഎഫ്, ഇന്ത്യൻ മിലിട്ടറി, മണിപ്പൂർ പൊലീസ് സേന ഇവയെയെല്ലാം വിന്യസിച്ചിട്ടും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും കുറയുന്നില്ലല്ലോ. ഇനിയും വർധിക്കാനാണ് സാധ്യത. കേരളമൊഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലും ഹിന്ദു വിഭാഗത്തിൽ കൂട്ടുകുടുംബവ്യവസ്ഥിതി നിയമപരമായി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ സി അച്യുതമേനോൻ സര്‍ക്കാര്‍ 1975 ൽ ഹിന്ദു ജോയിന്റ് ഫാമിലി അബോളിഷൻ ആക്ട് പാസാക്കി, കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാക്കി. മരുമക്കത്തായവും ഇവിടെ ഇപ്പോഴില്ല. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകിച്ച്, പ്രബലമായ മാർവാടി കുടുംബങ്ങളില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി (ഹിന്ദു അൺഡിവൈഡഡ് ഫാമിലി വ്യവസ്ഥ) നിയമപ്രകാരം നിലനിൽക്കുന്നു. മിതാക്ഷര നിയമം പിൻതുടരുന്നവരും ദയാ ഭാഗ നിയമം പിൻതുടരുന്നവരും ഹിന്ദു സമുദായത്തിൽ തന്നെ പ്രബലമായ നിലയിലുണ്ട്. മേൽപ്പറഞ്ഞവയിലെല്ലാം കേന്ദ്ര സർക്കാർ നിലപാട് എന്ത് എന്ന് വ്യക്തമാക്കേണ്ടതില്ലേ? മുസ്ലിം വ്യക്തി നിയമത്തെയും ദായക്രമങ്ങളേയും മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്നതിനെ എങ്ങനെയാണ് ഏകീകൃത സിവിൽ കോഡ് എന്നു പറയുന്നത്. ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന ഇന്ത്യൻ പീനൽകോഡ്, സിആർപിസി, സിപിസി, സ്പെഷ്യൽ മാര്യേജ് ആക്ട് 1955, ഇന്ത്യൻ സക്സഷൻ ആക്ട്, കോൺട്രാക്ട് ആക്ട്, ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് ഇവയെല്ലാം എല്ലാ ജാതിമതസ്ഥർക്കും ഒരുപോലെ ബാധകമാണ്. രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളെ ഭയപ്പെടുത്തുവാനും കൂടെ നിൽക്കുന്ന ഹിന്ദുത്വ വർഗീയവാദികളെ പ്രീതിപ്പെടുത്താനും മാത്രമായി ഏകീകൃത സിവിൽ കോഡ് ബിജെപി ആയുധമാക്കുകയാണ്. മോഡി സർക്കാർ ഇതിന് ഒരു കരടുബില്ലുപോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ ഇരുന്ന് ഏതാനും ഹിന്ദുത്വ വർഗീയവാദികൾ ഇന്ത്യയെ ഭിന്നിപ്പിക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനും ശ്രമിച്ചാൽ അതിന് ഇന്ത്യൻ പാർലമെന്റ് കൂട്ടുനിൽക്കാൻ പാടില്ല. മറിച്ചായാൽ ഇന്ത്യൻ മതേതരത്വം മാത്രമല്ല, നമ്മുടെ ജനാധിപത്യവും തകരും. അതുകൊണ്ടുതന്നെ ഇന്നത്തെ ഇന്ത്യയിൽ ഇപ്പോൾ അനാവശ്യവും അപ്രസക്തവുമായ ഒന്നാണ് ഏകീകൃത സിവിൽ കോഡ്.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.