കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ, പ്രവാസി ഇന്ത്യക്കാരെ പൂർണ്ണമായും അവഗണിച്ചതിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എൽ ഐ സി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനും, കുത്തക കമ്പനികൾക്കും, മുതലാളിമാർക്കും, ധനികർക്കും നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങൾ വാരിക്കൊടുക്കാൻ ഒരു മടിയും കാണിയ്ക്കാത്ത കേന്ദ്ര ധനമന്ത്രി, പ്രവാസികളായ കോടിക്കണക്കിന് ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം തന്നെ മറന്ന പോലെയാണ് ബജറ്റ് അവതരിപ്പിച്ചത്. പേരിനു പോലും ഒരു പദ്ധതിയോ അനുകൂല്യമോ പ്രവാസികൾക്ക് വേണ്ടി പ്രഖ്യാപിയ്ക്കാൻ തയ്യാറായില്ല എന്നത് ഞെട്ടിയ്ക്കുന്ന വസ്തുതയാണ്.
ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ചു ഓർക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല എന്നത് വളരെ വേദനാജനകമാണ്. നിരന്തരം വർദ്ധിയ്ക്കുന്ന ഇന്ധന വിലവർദ്ധനവ് കുറയ്ക്കാനോ, വിമാനയാത്ര നിരക്കുകളിൽ ഇളവ് വരുത്താനോ ഉള്ള ഒരു നടപടികളും ഉണ്ടായിട്ടില്ല.
ഡിജിറ്റൽ കറൻസിയെപ്പറ്റിയും, ഫൈവ് ജി യെപ്പറ്റിയും ഉള്ള പൊങ്ങച്ചങ്ങളല്ലാതെ സാധാരണ ഇന്ത്യക്കാരന് ഗുണകരമായ ഒന്നും ഇല്ലാത്ത, സമ്പന്നർക്ക് വേണ്ടി മാത്രമുള്ള ചിന്തകൾ നിറഞ്ഞ, ഒരു വരണ്ട കേന്ദ്രബജറ്റ് അവതരിപ്പിച്ചതിൽ നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ENGLISH SUMMARY:Union Budget Forgets Expatriates: Navayugam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.