ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് അംഗീകാരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്‌സഭാ –നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപ്പോർട്ടാണ് റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചത്.
ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം. പലപ്പോഴായി തെരഞ്ഞെടുപ്പു നടത്തുമ്പോൾ, ഓരോ ഘട്ടത്തിലും മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതു വികസന, ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാണു നിർദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല.
അതേസമയം, 2029 ൽ ഇതു നടപ്പാക്കുകയാണെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി 3 വർഷമായി ചുരുങ്ങും. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും വേണം. നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കണക്കെടുപ്പു നടത്തി വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും ലഭ്യത, സുരക്ഷാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.