20 December 2024, Friday
KSFE Galaxy Chits Banner 2

ഇനി കല്യാണമില്ലാ കാലവും വരുമോ!

ദേവിക
വാതിൽപ്പഴുതിലൂടെ
February 20, 2023 4:45 am

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മംഗളൂരുവില്‍ നൂറുകണക്കിനു ചെറുപ്പക്കാരുടെ ഒരു പ്രകടനം നടന്നു. ദോഷം പറയരുതല്ലോ, പുട്ടിനു പീരയെന്ന മട്ടില്‍ പ്രകടനത്തില്‍ ഇടയ്ക്കിടെ ചില വൃദ്ധരുമുണ്ട്. എല്ലാം അവിവാഹിതര്‍. എല്ലാപേരുടെയും കയ്യില്‍ പ്ലക്കാര്‍ഡുകളുമുണ്ട്. മിക്സ്ചര്‍ വാരിവിതറിയപോലുള്ള കന്നഡ അക്ഷരങ്ങളില്‍ എഴുതിവച്ചിരിക്കുന്നത് തങ്ങള്‍ക്കും കല്യാണം കഴിക്കണമെന്ന്! എന്തു ചെയ്യാന്‍ നാട്ടില്‍ പെണ്ണുകിട്ടാനില്ല. ബൊമ്മെ സര്‍ക്കാര്‍ നീതിപാലിക്കുക, ഞങ്ങള്‍ക്ക് പെണ്ണുതരിക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ചഡുഗുഡുഭാഷയില്‍ വൃദ്ധര്‍വരെ ആഞ്ഞുവിളിക്കുന്നു. കര്‍ണാടകയിലാണെങ്കില്‍ ജനസംഖ്യയില്‍ ആണിനേക്കാള്‍ പെണ്ണുങ്ങളാണ് കൂടുതല്‍. എന്നിട്ടും മംഗല്യവരള്‍ച്ച. എന്തായാലും ഇതൊരു നീറുന്ന സാമൂഹ്യ ദുരന്തമല്ലേ എന്നോര്‍ത്ത് നമ്മുടെ മാധ്യമങ്ങള്‍ അന്വേഷണപരതയോടെ തിരക്കിയപ്പോള്‍ ദേ ഒരു പഠനം മുന്നില്‍ വന്നു വീഴുന്നു. ഇന്ത്യയിലെ 81 ശതമാനം സ്ത്രീകള്‍ക്കും വിവാഹത്തോട് അലര്‍ജിയാണത്രേ. അവിവാഹിതരായി കഴിയുന്നതിലെ സുഖം ഒന്നു വേറെയാണത്രേ. ജീവിതം അനായാസമായി ഒരു തെളിനീരരുവി പോലെ ഒഴുകുമത്രേ. അഥവാ കല്യാണം കഴിച്ചാല്‍ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഭര്‍ത്താവ് ജീവിച്ചുകൊള്ളണമെന്ന് 69 ശതമാനം തരുണീമണികള്‍ക്കും നിര്‍ബന്ധം. ബന്ധുമിത്രാദികളുടെ നിര്‍ബന്ധം മൂലമാണ് തങ്ങള്‍ കല്യാണം കഴിച്ചതെന്ന് 33 ശതമാനം പേര്‍. അതായത് അച്ഛനും കൊച്ചാട്ടനും നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം വിവാഹജീവിതത്തിലേക്ക് പുതുപദം എടുത്തുവച്ചവര്‍! വിവാഹം ആഗ്രഹിക്കാത്തവരില്‍ 90 ശതമാനത്തിനും ആശങ്കകള്‍ വേറെയെന്നും പഠനം. വയസാംകാലത്ത് കിടപ്പിലായാല്‍ ഒരുതുള്ളി ദാഹജലം തരാന്‍ ആരെങ്കിലുമുണ്ടാകുമോ എന്ന ആധി.

അവിവാഹിതരായി കഴിയുന്നവര്‍ ജീവിതം അടിച്ചുപൊളിക്കാന്‍ ഒരു ചുളുവിദ്യയും കണ്ടുപിടിച്ചിട്ടുണ്ടെന്ന് മറ്റൊരു പഠനം. കണ്ണിനു പിടിച്ച ഒരു പയ്യനെ പങ്കാളിയായി ലിവിങ് ടുഗദര്‍ ആയി കഴിയാനാണ് 80 ശതമാനത്തിനും ഇഷ്ടം. കല്യാണക്കുറി അടിക്കേണ്ട, പന്തല്‍ വേണ്ട, സദ്യവേണ്ട, വിവാഹരജിസ്ട്രേഷനും വേണ്ട. ജനത്തെ നോക്കുകുത്തികളാക്കി അങ്ങനെയങ്ങു ജീവിക്കാം. പേറും വയറ്റാട്ടിയും വേണമെങ്കിലാകാം. പക്ഷേ ഈ അവിവാഹിത പങ്കാളിത്ത ജീവിതം അത്യന്തം ആപല്‍ക്കരമായിക്കൊണ്ടിരിക്കുന്നുവെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ മുന്നറിയിപ്പ്. പങ്കാളിയാകുന്ന പെണ്ണിനെ വെട്ടിനുറുക്കിയും ശ്വാസംമുട്ടിച്ചും കൊല്ലുന്ന സംഭവങ്ങള്‍ പെരുകുന്നു. ‍ഡല്‍ഹിയിലാണ് നാടിനെ പിടിച്ചുലയ്ക്കുന്ന ഈ സംഭവങ്ങള്‍ ഏറെയും നടക്കുന്നത്. ഏതാനുംമാസം മുമ്പാണ് ശ്രദ്ധ എന്ന സുന്ദരിക്കുട്ടിയെ പങ്കാളി വെട്ടിക്കൊന്നത്. പശ്ചിമ ‍ഡല്‍ഹിയില്‍ ഒരു പെണ്ണിനെ പങ്കാളിച്ചെക്കന്‍ വെട്ടിക്കൊന്ന് ചവറ്റുകൂനയില്‍ ഒളിപ്പിച്ചു. ഡല്‍ഹിയില്‍ തന്നെ ഒരു പെണ്ണിനെ പങ്കാളിപ്പയ്യന്‍ വെട്ടി കട്‌ലറ്റ് പീസാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം അന്നുതന്നെ മറ്റൊരു പെണ്ണിനു താലിചാര്‍ത്തി. പങ്കാളിയായല്ല ജീവിത പങ്കാളിയായി! കല്യാണച്ചെലവിനു പണമുണ്ടാക്കിയത് കൊന്ന പെണ്ണിന്റെ ചട്ടികലങ്ങള്‍ വിറ്റ്. ചത്ത നഴ്സിന്റെ കഴുത്തിലെ മാലയായിരുന്നു പുതിയ ജീവിതപങ്കാളിയുടെ കഴുത്തില്‍ ചാര്‍ത്തിയ മംഗല്യമാല! നമ്മുടെ പെണ്‍കുലത്തിനെന്തുപറ്റി? കല്യാണ ലോകത്ത് നിന്ന് പിന്നെയും എത്രയോ വാര്‍ത്തകള്‍. ചന്ദ്രനില്‍ ആദ്യം കാലുകുത്തിയവരാരൊക്കെ എന്നു ചോദിച്ചാല്‍ നമുക്ക് ഗൂഗിളില്‍ പരതേണ്ടിവരും.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകാരിയായ പ്ലൂട്ടോണിയം


ജനത്തിന്റെ ഓര്‍മ്മയില്‍ നിന്ന് താന്‍ മായുന്നുവെന്നു തോന്നിയ, ചന്ദ്രനില്‍ രണ്ടാമതായി കാല്‍കുത്തിയ എഡ്വിന്‍ ആല്‍ഡ്രിന് 93 വയസായി. ഭാര്യ മരിച്ചു. ഇനി തന്നെക്കുറിച്ച് ലോകമറിയണമെങ്കില്‍ താന്‍ മരിക്കണം. അങ്ങനെയങ്ങു വിട്ടുകൊടുത്താല്‍ കൊള്ളില്ലല്ലോ. തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തില്‍ അന്‍കാ ഫൗരിന്‍ എന്ന 63കാരിയെ കല്യാണം കഴിച്ചു. ലോകമാകെയുള്ള മാധ്യമങ്ങള്‍ സമീപകാലത്ത് കൊട്ടിഘോഷിച്ച ഏറ്റവും വലിയ വിവാഹം! ഇനി മൂപ്പിലും മൂത്തമ്മയും തമ്മില്‍ മധുവിധു ആഘോഷിക്കാന്‍ ചന്ദ്രനിലോ ചൊവ്വയിലോ പൊയ്ക്കളയുമോ! എന്തായാലും വിവാഹ വിമനസ്കരായ പെണ്ണുങ്ങള്‍ പെരുകുന്ന ഇന്ത്യയിലെ പയ്യന്മാരെ നോര്‍വേ മാടിവിളിക്കുന്നു. അവിടെ 25 വയസിനു മുമ്പ് ആണും പെണ്ണും കല്യാണം കഴിച്ചിരിക്കണം. അല്ലെങ്കില്‍ മാലോകര്‍ ചേര്‍ന്ന് അവിവാഹിതരെ തെരുവില്‍ പിടിച്ചു നിര്‍ത്തി സുഗന്ധദ്രവ്യങ്ങള്‍ പൂശി അപമാനിക്കും. അപമാനമായാലും വേണ്ടില്ല. നമ്മുടെ 25 കഴിഞ്ഞ അവിവാഹിത ചെറുപ്പക്കാരും വൃദ്ധരും നേരേ നോര്‍വേയിലേക്ക് വച്ചുപിടിച്ചാലോ! നമ്മളും ബിഹാര്‍ മോഡലിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്നു. ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പിടിച്ചെടുത്തു സൂക്ഷിച്ചിരുന്ന 900 കോടിയുടെ മദ്യം അപ്രത്യക്ഷമായപ്പോള്‍ സര്‍ക്കാര്‍ വിശദീകരിച്ചു, അതെല്ലാം എലികള്‍ കുടിച്ചുവറ്റിച്ചതാണെന്ന്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ കഞ്ചാവ് കാണാതായപ്പോള്‍ അവിടെയും പ്രതി എലി.

കഞ്ചാവ് മുഴുവന്‍ എലി കരണ്ടുതിന്നുവെന്ന്. മറ്റൊരു കേസില്‍ പിടിച്ചെടുത്ത രാസ മയക്കുമരുന്നുകള്‍ കാണാതായതില്‍ പ്രതികളായ പൊലീസുകാരെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് മിനി‍ഞ്ഞാന്ന് സര്‍വീസില്‍ തിരിച്ചെടുത്തു. ബിഹാറില്‍ റെയില്‍പ്പാളങ്ങളും ഒരു മൊബൈല്‍ ടവറും മോഷണം പോയപ്പോള്‍ അതെല്ലാം ദേശീയ വാര്‍ത്തയായി. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ 29 ഭീമന്‍ മൊബൈല്‍ ടവറുകള്‍ കാണാതായപ്പോള്‍ ആ വാര്‍ത്ത നാമാരെങ്കിലും കണ്ടോ! ബിഹാറിനെ കവച്ചുവയ്ക്കാനുള്ള വ്യഗ്രതയിലല്ലേ നമ്മള്‍. കഴിഞ്ഞദിവസം വയനാട്ടിലെ വിശ്വനാഥന്‍ എന്ന ആദിവാസിയുവാവ് തൂങ്ങിമരിച്ചു. ആ ഹതഭാഗ്യന്റെ പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് ഏതാനും നാണയത്തുട്ടുകളും മുറുക്കാനും ബീഡിയും തീപ്പെട്ടിയും മാത്രം. ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്റെ ഭാര്യ പ്രസവിച്ചതറിഞ്ഞ സന്തോഷത്തിലെത്തിയതാണ്. വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷത്തിനുശേഷം പിതാവായ അതിരറ്റ ആഹ്ലാദമായിരുന്നു ആ ഗോത്രവര്‍ഗ യുവാവിന്. ആഹ്ലാദം ഏറെ നീണ്ടില്ല, മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അയാളെ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കി. ഫോണ്‍ മോഷ്ടിച്ചില്ല എന്നുപറിഞ്ഞിട്ടും കൊടുംമര്‍ദനം. മര്‍ദനത്തില്‍ വേദനയും അപമാനഭാരവും സഹിക്കാതെ അയാള്‍ ഒരു മരക്കൊമ്പില്‍ ജീവനൊടുക്കി. വിശ്വനാഥന് മരം കയറാനറിയില്ലെന്നത് മറ്റൊരു കാര്യം. ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും ആ ഹതഭാഗ്യന്റെ കൊലയാളികളെ പിടികൂടാതെ പൊലീസ് അന്വേഷണം നടത്തുന്നുവെന്ന പതിവു പല്ലവി. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ അയാളുടെ പേരിലുള്ള ആരോപണം വിശന്നപ്പോള്‍ ഒരുപിടി അരി മോഷ്ടിച്ചുവെന്നായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ കേസിന്റെ വിചാരണപോലും പൂര്‍ത്തിയായിട്ടില്ല. നമ്മുടെ പൂര്‍വികരായ ആദിവാസികളോട് നമുക്കെന്തേ ഈ ദയാശൂന്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.