26 April 2024, Friday

Related news

April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024

ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകാരിയായ പ്ലൂട്ടോണിയം

ഡോ. അരുണ്‍ മിത്ര
February 14, 2023 4:55 am

ഇത്തവണയും പശു ചിത്രത്തിലുണ്ട്, ഉത്തരവാദിത്തമുള്ള ഭരണസംവിധാനത്തിന്റെ അംഗീകാരത്തോടെ തന്നെ. മൃഗസംരക്ഷണ‑ക്ഷീരവകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിന്റെ വിവാദമായ സര്‍ക്കുലറിലൂടെ. ‘വൈദിക പാരമ്പര്യവും’ പശുവിന്റെ മഹത്വവും ആഘോഷമാക്കുന്നതിന് ഫെബ്രുവരി 14 ന് ‘പശു ആലിംഗന ദിനം’ ആഘോഷിക്കാൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയാണ് ജനങ്ങളോട് അഭ്യർത്ഥിച്ചത്. വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു. ജനരോഷത്തെത്തുടർന്ന് വിഴുങ്ങേണ്ടിവന്നെങ്കിലും ഭരണസംവിധാനത്തിന്റെ അഭിപ്രായമാണ് പ്രസ്താവനയായത് എന്നത് ഓര്‍മ്മയിലുണ്ടാകണം. നേരത്തെയും ഗോമൂത്രവും ചാണകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശാസ്ത്രീയമെന്ന നിലയില്‍ പ്രചരിപ്പിച്ചത് നമ്മുടെ മുമ്പിലുണ്ട്. ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ തന്റെ കാൻസർ ഗോമൂത്രത്തിലൂടെ ഭേദമായെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്തനാർബുദം മാറ്റുന്നതിനായി മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നുവെന്ന് ലഖ്‌നൗ റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സർജന്‍ ഡോ. എസ് എസ് രജ്പുത് സ്ഥിരീകരിച്ചു. തന്റെ സ്തനാർബുദത്തിന് ഗോമൂത്രം മരുന്നാണെന്ന എംപിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു ഡോക്ടറുടെ മൊഴി.
കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സയായി ഗോമൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. പശുവിന്റെ ചാണകത്തിനു കൊറോണയെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുണ്ടെന്ന് അവകാശവാദമുയര്‍ന്നു. ആണവ വികിരണങ്ങളിൽ നിന്നുള്ള ശക്തമായ സംരക്ഷണമാണ് ചാണകം എന്നും അവകാശപ്പെടുന്നുണ്ട്. പശുക്കൾ ഓക്‌സിജൻ പുറന്തള്ളുമെന്നതിനാൽ അവ പുറന്തള്ളുന്ന വായു ശ്വസിക്കുന്നത് പല രോഗങ്ങൾക്കും ശമനം നൽകുമെന്നും പ്രചരിപ്പിക്കുന്നു.

ശാസ്ത്രം തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതും സംവാദത്തിന് തയ്യാറുള്ളതും നിർദേശങ്ങൾക്ക് വഴങ്ങുന്നതുമാണ്. വിശ്വാസങ്ങളെപ്പോലെ അതിന് പിടിവാശിയല്ല. ആധുനിക വൈദ്യശാസ്ത്രം മുൻകാലങ്ങളിൽ നേടിയ അറിവ് മെച്ചപ്പെടുത്തുകയും പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശരീരഘടനയും ശരീരശാസ്ത്രവും ജീവിത വ്യവസ്ഥകളുടെ അടിസ്ഥാന ഘടനയും പ്രവർത്തനവും അത് മനസിലാക്കിയിട്ടുണ്ട്. ആവശ്യമുള്ളത് ഉപയോഗിക്കാനും ആവശ്യമില്ലാത്തതോ ഹാനികരമോ ആയ വസ്തുക്കളെ പുറന്തള്ളാനും നമ്മുടെ ശരീരത്തിന് വിപുലമായ സംവിധാനമുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ദഹിപ്പിക്കപ്പെടുകയും ബാക്കിയുള്ളവ ദഹനനാളത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നുവെന്നത് പൊതുവായ അറിവാണ്. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെടുത്ത ശേഷം മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. അതിനാൽ പശുവിന്റെയും മനുഷ്യരുടെയും മൂത്രത്തിന്റെ രാസഘടന താരതമ്യം ചെയ്യുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഗോമൂത്രത്തിന്റെ ഉപയോഗവും ശ്രേഷ്ഠതയും തെളിയിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വൃക്കകൾ ഉല്പാദിപ്പിക്കുന്ന ദ്രാവകമാണ് മൂത്രം. വെള്ളം, യൂറിയ, സോഡിയം, ക്ലോറൈഡ്, സൾഫേറ്റ്, പൊട്ടാസ്യം, ഫോസ്ഫേറ്റ്, ക്രിയാറ്റിനിൻ, അമോണിയ, യൂറിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം എന്നിവയാണ് എല്ലാ മൂത്രത്തിന്റെയും അടിസ്ഥാന ഘടന. മനുഷ്യന്റെയും ഗോമൂത്രത്തിന്റെയും ഘടന സമാനമായതിനാൽ, ഗോമൂത്രം മനുഷ്യശരീരത്തിന് എങ്ങനെയാണ് ഉപയോഗപ്രദമാവുക.


ഇതുകൂടി വായിക്കൂ: സുഗന്ധം പൊഴിക്കുന്ന സ്വരമാധുരി


മനുഷ്യശരീരത്തിന് ഗോമൂത്രത്തിന്റെ ഉപയോഗത്തെക്കുറിച്ച് കേന്ദ്ര മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിലുള്ളത്: “ഇത്തരം വിവരങ്ങൾ ഈ ഓഫിസില്‍ സൂക്ഷിക്കുന്നില്ല” എന്നാണ്. അതേ സമയം ലുധിയാനയിലെ ഗുരു അംഗദ് ദേവ് വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലയിൽ നിന്നും ഇതേ വിവരങ്ങൾ തേടിയിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) നടത്തിയ കാർഷിക സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും റാങ്കിങ്ങില്‍ രാജ്യത്തെ 14 സംസ്ഥാന വെറ്ററിനറി സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തുള്ള സര്‍വകലാശാലയാണിത്. പശു പുറന്തള്ളുന്ന വായു ഉപയോഗപ്രദമാണെന്ന അവകാശവാദം ഒരു സൂക്ഷ്മപരിശോധനയും ഇല്ലാത്തതാണ്. നാം ശ്വസിക്കുന്ന വായുവിൽ 21 ശതമാനം ഓക്സിജനും 0.04 ശതമാനം കാർബൺ ഡൈഓക്സൈഡും അടങ്ങിയിരിക്കുന്നു. അതേസമയം നിശ്വസിക്കുന്ന വായുവിൽ 16.4 ശതമാനം ഓക്സിജനും 4.4 ശതമാനം കാർബൺ ഡൈ ഓക്സൈഡുമാണുണ്ടാവുക. എല്ലാ മൃഗങ്ങൾക്കും ഇത് ഒരുപോലെയാണ്. അതുകൊണ്ടാണ് അടിയന്തര സാഹചര്യങ്ങളിൽ വായിൽ നിന്ന് വായിലൂടെ ശ്വാസോച്ഛ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശുപാർശ ചെയ്യുന്നത്. പശുവിനെ മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുകയും അവയെ സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം.
പശു ആലിംഗന പ്രസ്താവനയും വൈരുധ്യങ്ങൾ നിറഞ്ഞതാണ്. നമ്മുടെ വൈദിക സംസ്കാരം സംരക്ഷിക്കണമെന്ന് അതില്‍ പറയുന്നു. എന്നാല്‍ ജീവിതം ചലനാത്മകമായ ഒരു പ്രക്രിയയാണെന്ന് മൃഗസംരക്ഷണ വകുപ്പ് പോലുള്ള ശാസ്ത്രസംഘം വിസ്മരിക്കുന്നത് ഖേദകരമാണ്. അർഹമായ ആദരവോടെയും അതിൽ നിന്നുള്ള നല്ല പാഠങ്ങളോടെയും നമുക്ക് വൈദിക സംസ്കാരത്തെ ഉള്‍ക്കൊള്ളാം. എന്നാൽ ജീവിതം ഏറെ മുന്നോട്ട് നീങ്ങി. ശാസ്ത്രം എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്.

വൈദിക സംസ്കാരത്തെയും പുരാതന കാലത്തെയും കുറിച്ച് സംസാരിക്കുന്നവർ പാശ്ചാത്യനാടുകളിലിരുന്ന് ആധുനിക ശാസ്ത്രം വികസിപ്പിച്ച ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ‘പാശ്ചാത്യ ശൈലിയിൽ’ ജീവിതം നയിക്കുന്നു. അവർ ഷൂസിനു പകരം മെതിയടിയല്ല ധരിക്കുന്നത്. വേദകാലങ്ങളിലെ വസ്ത്രധാരണരീതിയുമല്ല അവരുടേത്. പശുവിനെക്കുറിച്ചുള്ള സമീപകാല പ്രചാരണങ്ങളെല്ലാം ആർഎസ്എസിന്റെയും അതിന്റെ സംഘടനകളുടെയും ഹിന്ദുത്വ അജണ്ടയുമായി ബന്ധപ്പെട്ടതാണ്. അസത്യം പ്രചരിപ്പിക്കാനും ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുമാണ് അവരിതെല്ലാം പ്രയോഗിക്കുന്നത്. എല്ലാ രംഗത്തും പരാജയപ്പെട്ട ഈ ശക്തികൾ ഇത്തരം മിഥ്യാധാരണകൾ നിരന്തരം പ്രചരിപ്പിക്കുകയാണ്. ഏതൊരു വളർത്തുമൃഗത്തിൽ നിന്നും അതിനെ സ്നേഹിക്കുന്ന ഒരാൾക്ക് സന്തോഷം ലഭിക്കും. പരമാവധി സന്തോഷവും ശക്തിയും ലഭിക്കുക, സഹജീവികളായ മനുഷ്യരെ കെട്ടിപ്പിടിച്ച് ചുറ്റുമുള്ളവരെ സംരക്ഷിക്കുന്നതിൽ നിന്നാണ്. പശു ആലിംഗന ദിനാചരണ ഉത്തരവ് പിൻവലിച്ചതായി അറിയുമ്പോഴും അശാസ്ത്രീയതയുടെ ശക്തികൾ മറ്റെന്തെങ്കിലും ആശയവുമായി വരുന്നതിനെതിരെ നാം ജാഗ്രത പാലിക്കണം. ഇവര്‍ 1995ൽ ഗണേശ പ്രതിമയെ പാൽ കുടിപ്പിച്ചു, കൊറോണ വൈറസിൽ നിന്ന് മുക്തി നേടാൻ പാത്രം കൊട്ടാനോ കയ്യടിക്കാനോ ജനങ്ങളെ നിര്‍ബന്ധിച്ചു എന്നതൊന്നും മറക്കരുത്. ആധുനിക കാലത്തിനനുസരിച്ച് സുസ്ഥിര വികസനത്തിന് അടിസ്ഥാനമായ ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.