28 December 2025, Sunday

Related news

December 27, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025

ഉന്നാവോ ബലാത്സംഗ കേസ്: കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2025 4:21 pm

ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടിയെടുത്തത്. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്.

ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും പെണ്‍കുട്ടിയേയോ അവളുടെ അമ്മയേയോ ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശം നല്‍കി. അതേസമയം വ്യവസ്ഥകള്‍ എന്തെങ്കിലും ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണനയിലുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. സെന്‍ഗാറിനെ ബിജെപി പിന്നീട് പുറത്താക്കുകയായിരുന്നു.

2017 ജൂണ്‍ നാലിന് മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി പുറത്ത് വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിക്കുകയും കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.