ഒരേ കംപാർട്ട്മെന്റിലെ ട്രെയിൻ യാത്രയിൽ വ്യത്യസ്ത വംശജരും അപരിചിതരുമായ വ്യക്തികൾക്കിടയിലുണ്ടാക്കുന്ന ആത്മബന്ധം വരച്ചുകാട്ടുന്ന ചിത്രമാണ് ജുഹോ കൗസ്മോനെൻ സംവിധാനം ചെയ്ത കംപാർട്ട്മെന്റ് നമ്പർ ആറ്. ദീർഘ യാത്രയിൽ തീർത്തും അപരിചിതനായ ആളോടൊപ്പം ചിലവഴിക്കേണ്ടി വരുമ്പോൾ ആദ്യകാഴ്ചയിൽ നമ്മൾ മനസിലാക്കുന്നതല്ല ഒരാളുടെ യഥാർത്ഥ സ്വഭാവം എന്നതുകൂടി സിനിമ പറഞ്ഞുവയ്ക്കുന്നു. ഫിന്നിഷ് എഴുത്തുകാരിയായ റോസ ലിക്സോമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ചിത്രമാണിത്.
മോസ്കോയിൽ നിന്നും തന്റെ പങ്കാളിയായ ഐറീനയെ വിട്ട് പെട്രോഗ്ലിഫ്സ് (ശിലാചിത്രങ്ങൾ) കാണാൻ ആർട്ടിക് തുറമുഖമായ മർമാൻസ്കിലേക്ക് യാത്ര പുറപ്പെടുന്ന ലോറയുടെയും ട്രെയിനിലെ അവളുടെ സഹയാത്രികനായ ലോഖയുടെയും കഥപറയുന്ന ചിത്രമാണിത്. റഷ്യൻ ഭാഷ പഠിക്കുന്നതിനു വേണ്ടിയാണ് ലോറ മോസ്കോയിലെ ഐറീനയുടെ വീട്ടിൽ താമസിക്കുന്നത്. മർമാൻസ്കിലേക്കുള്ള യാത്രയുടെ തലേന്ന് ഐറീനയുടെ വീട്ടിലെ പാർട്ടിക്കിടയിൽ വച്ച് ഒരുപാട് ബുദ്ധിജീവികളുടെ ഇടയിൽ അരക്ഷിതാവസ്ഥയിൽ പെട്ടുപോകുന്ന ലോറയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവസാന നിമിഷത്തിൽ യാത്രയിൽ നിന്നും ഐറീന പിന്മാറുമ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ നിന്നുംകൂടിയാണ് പിന്മാറ്റം. ഇതോടെ ലോറ ഒറ്റപ്പെടലിന്റെ ലോകത്തിലേക്ക് യാത്രപുറപ്പെടുന്നു. ലോറ റിസർവ് ചെയ്ത തന്റെ കമ്പാർട്ട്മെന്റിൽ പ്രവേശിക്കുമ്പോൾ മദ്യപിച്ചുകൊണ്ടിരിക്കുന്ന ലോഖയെ ആണ് കാണുന്നത്. നിർത്താതെയുള്ള അയാളുടെ സംസാരവും അടക്കുംചിട്ടയുമില്ലാത്ത രീതികളും ലോറയെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ആദ്യ കാഴ്ചയിൽ തന്നെ ലോറ ഒരു ലൈംഗികത്തൊഴിലാളിയാണെന്ന് കരുതി ലോഖ അനുചിതമായ അഭിപ്രായപ്രകടനം നടത്തുന്നു.
കൈക്കൂലി കൊടുത്ത് കമ്പാർട്ട്മെന്റ് മാറാനും അടുത്ത സ്റ്റേഷനിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ യാത്ര തുടരാനും ലോറ ശ്രമിക്കുന്നുവെങ്കിലും ലോഖയ്ക്കൊപ്പം ആറാം കമ്പാർട്ട്മെന്റിൽ തന്നെ യാത്ര തുടരാൻ നിർബന്ധിതയാകുന്നു. ലോറയുടെയും ലോഖയുടെയും റഷ്യയിലെ മൂന്നുദിവസം നീളുന്ന ട്രെയിൻ യാത്രയിലൂടെ ചിത്രം പുരോഗമിക്കുന്നു. ‘ഐ ലവ് യു’ എന്ന വാക്കിന് ഫിന്നിഷ് വിവർത്തനം ചോദിക്കുമ്പോൾ അസഭ്യമായ വാക്കാണ് ലോറ, ലോഖയ്ക്ക് പറഞ്ഞു നൽകുന്നത്. എന്നാൽ ഈ വാക്ക് സിനിമയുടെ അന്ത്യത്തിൽ ലോഖയുടെ കയ്യക്ഷരങ്ങളിൽ ലോറയ്ക്ക് ലഭിക്കുമ്പോൾ മറ്റൊരു അർത്ഥം കൈവരിക്കുന്നു. യാത്രയുടെ മധ്യത്തിൽ ക്ലാസ് മാറി കയറിയ മറ്റൊരു യുവാവിനെ തന്റെ കംപാർട്ട്മെന്റിലേക്ക് ലോറ ക്ഷണിക്കുമ്പോൾ ലോഹയ്ക്കുണ്ടാകുന്ന അസൂയ നാം തിരിച്ചറിയും.
പെട്രോഗ്ലിഫ്സ് കാണണമെന്നുള്ള ലോറയുടെ ആഗ്രഹം പൂവണിയിക്കാൻ ഏത് സാഹചര്യത്തെയും നേരിടുന്ന നായകനായി ലോഖ മാറുന്നുണ്ട്. ആദ്യകാഴ്ചയിലെ ഇഷ്ടക്കേട് പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുന്നുണ്ടെങ്കിലും ഒരു ക്ലീഷേ അന്ത്യത്തിലേക്ക് സിനിമ എത്തുന്നില്ല. പ്രണയകഥ ആണെങ്കിൽ കൂടി സ്വയം കണ്ടെത്തലിന്റെയും യഥാർത്ഥ ബന്ധങ്ങളുടെയും നേർരൂപമാണ് ചിത്രം. സ്ഥിരത പരിഗണിക്കാതെ തന്നെ എല്ലാ ബന്ധങ്ങളെയും അതിന്റെ പ്രധാന്യത്തോടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. നിരവധി റഷ്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുറി ബോറിസോവും സെയ്ദി ഹാർലയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരത്തിനും അർഹമായിരുന്നു.
English Summary: Unspeakable love in compartment number six
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.