ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം സാധാരണ സംഭവമായി മാറുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2017 മുതല്‍ ഇതുവരെ 190 പേര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പൊലീസ് വെടിവയ്പ്പില്‍ 5,591 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനവും പൊതുജനങ്ങളുടെ സുരക്ഷയും ക്രിമിനലുകള്‍ക്ക് നിയമങ്ങളില്‍ ഭയമുണ്ടാക്കുന്നതിലുമാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പൊലീസ് സ്മൃതി ദിവസം ഈ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞത്. ഉത്തര്‍പ്രദേശ് ഗ്യാങ്സ്റ്റര്‍സ് ആന്റ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് നിയമം 1986 അനുസരിച്ചാണ് സംസ്ഥാനത്ത് വ്യാപകമായ തോതില്‍ ഏറ്റുുമുട്ടല്‍ കൊലപാതകം അരങ്ങേറുന്നത്.
മാഫിയ ‑ഗുണ്ട പ്രവര്‍ത്തനം നടത്തുന്നവരെ അമര്‍ച്ച ചെയ്യാനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ മറപിടിച്ചാണ് കൊന്നൊടുക്കല്‍. സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടാ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതായി പലപ്പോഴും അലഹബാദ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും ബിജെപി ഭരണത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകം വര്‍ധിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനാണ് നിയമത്തെ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യുന്നതെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. ഗുണ്ടാ വിരുദ്ധ നിയമം സംസ്ഥാനം വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്നതായി സാമുഹ്യ പ്രവര്‍ത്തകനായ രാജീവ് യാദവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞമാസം അംബേദ്കര്‍ നഗറില്‍ രണ്ടു യുവാക്കളെ പൊലീസ് 16 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വെടിവച്ച് പരിക്കേല്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ യഥാസമയം കോടതിയില്‍ ഹാജരാക്കി ശിക്ഷ വാങ്ങി നല്‍കേണ്ടതിന് പകരം കാടന്‍ നിയമമാണ് യുപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാനും മാസം മുമ്പാണ് മുന്‍ എംപിയും സഹായിയും പൊലീസ് സാന്നിദ്ധ്യത്തില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ച സംഭവം അരങ്ങേറിയത്. പ്രതികള്‍ക്ക് സുരക്ഷയൊരുക്കേണ്ട പൊലീസ് എത്രമാത്രം നിഷ്ക്രിയമായാണ് പെരുമാറിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പൊലീസ് പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിക്കുന്ന പ്രവണത വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആദിത്യനാഥിന്റെ ഭരണകാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകം നാലുമടങ്ങായി വര്‍ധിച്ചുവെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
English Summary: Since Adityanath Took Over in 2017, UP Police Have Killed 190 People in ‘Encounters’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.