4 December 2024, Wednesday
KSFE Galaxy Chits Banner 2

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഇന്ത്യ സഖ്യവും

Janayugom Webdesk
നിത്യ ചക്രവര്‍ത്തി
December 3, 2024 4:45 am

2024ലെ അവസാനത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നവംബർ 23ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ മഹായുതിയുടെ വൻ വിജയം ബിജെപിക്ക് പുതിയ ആത്മവിശ്വാസം നൽകി. ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പാർട്ടിയുടെ നഷ്ടം നികത്തപ്പെട്ടു. ഇന്ത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം ഒരു നല്ല സൂചനയാണ്. എങ്കിലും നേരത്തെ നടന്ന ഹരിയാന തെരഞ്ഞെടുപ്പിനു പിന്നാലെ 2025ലും 26ലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ബിജെപി സഖ്യമാണ് മുന്നില്‍. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്ത്യയിലെ വോട്ടർമാരുടെ ചിന്താഗതി തികച്ചും അസ്ഥിരമാണെന്നും വളരെ വേഗത്തിൽ മാറുന്നതാണെന്നും തെളിയിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിലെ നേട്ടങ്ങളെ നിർവീര്യമാക്കുന്ന തരത്തില്‍ പുതിയ ഘടകങ്ങൾ ഉയർന്നുവരുന്നു. ഇത് രാജ്യത്തെ വോട്ടർമാരുടെ പക്വതയാണ് തെളിയിക്കുന്നത്. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ ഇരുഭാഗത്തെയും രാഷ്ട്രീയ തന്ത്രജ്ഞർക്ക് വോട്ടര്‍മാരുടെ മാനസികാവസ്ഥ കൃത്യമായി വിലയിരുത്തുക എന്നത് കടുപ്പമേറിയതാണ്.

ഇന്ത്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ ഫലങ്ങളിൽ ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. ഒപ്പം ചില നേട്ടങ്ങളുമുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, ഭരണകക്ഷിയെ, പ്രത്യേകിച്ച് ബിജെപിയെ ഒതുക്കാന്‍ ഇന്ത്യ സഖ്യം തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തൽ പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്. രണ്ട് പാഠങ്ങളാണുള്ളത്. മഹാരാഷ്ട്രയിൽ അവസാന നിമിഷം, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കിയത് വനിതാ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തി. അത് മഹായുതിയെ വൻ വിജയത്തിലേക്ക് നയിച്ചു. രണ്ടാമത്തേത്, ബിജെപിയുടെ എല്ലാ ഹേമന്ത് വിരുദ്ധ പ്രചരണങ്ങളെയും മറികടന്ന് ഗോത്രവർഗക്കാർ ഝാർഖണ്ഡിലെ ബിജെപി വിരുദ്ധ സഖ്യത്തോടൊപ്പം ഉറച്ചുനിന്നു.

ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഫെബ്രുവരിയിൽ നടക്കും. വർഷാവസാനം ബിഹാർ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഡൽഹിയിൽ എഎപിയും കോൺഗ്രസും വെവ്വേറെ മത്സരിക്കുമെന്നാണ് സൂചന. ബിജെപിയെ പരാജയപ്പെടുത്താൻ വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് എഎപി കരുതുന്നത്. ഇന്ത്യ സഖ്യത്തിലെ പങ്കാളികളായ കോണ്‍ഗ്രസും എഎപിയും അങ്ങനെ ഉറച്ചുനിൽക്കുകയാണെങ്കിൽ, ബിജെപിക്ക് നേട്ടമുണ്ടാകുന്ന ത്രികോണ മത്സരമാണ് നടക്കുക. ഡൽഹി കേരളമല്ലെന്നാണ് എഎപി ഓർക്കേണ്ടത്. ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. ഇത്തവണ ആം ആദ്മി പാർട്ടിയുടെ വെല്ലുവിളി നേരിടാൻ അനുകൂല സാഹചര്യവുമുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പോലെ ധാരണയിലെത്താൻ ഇന്ത്യ സഖ്യത്തിന്റെ മുതിർന്ന നേതാക്കൾ ശ്രമം നടത്തണം. അങ്ങനെ നടന്നില്ലെങ്കിൽ, ഫലം കെെവിട്ടു പോകും.

ബിഹാറിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യ സഖ്യത്തിന്റെ പ്രധാന ഉത്തരവാദിത്തം ആർജെഡിക്കാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യ പരാജയപ്പെട്ടിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ പ്രചരണത്തിൽ വലിയ വിള്ളലുകൾ വെളിപ്പെട്ടു. ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എൻഡിഎയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആർജെഡി നേതാവ് തേജസ്വി യാദവ് ഇന്ത്യ സഖ്യ നേതാവായി പ്രവർത്തിക്കേണ്ടതുണ്ട്. കോൺഗ്രസ് അതിന്റെ ശക്തിയനുസരിച്ച് മാത്രം സീറ്റുകൾക്കായി വിലപേശണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അതിന്റെ വിജയ ശതമാനം ഏറ്റവും കുറവായിരുന്നു.

2026ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇന്ത്യ സഖ്യം ഏറെക്കുറെ ഭദ്രമാണ്. ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടായാലും ഇല്ലെങ്കിലും തൃണമൂൽ കോൺഗ്രസ് ആകെയുള്ള 294ൽ നിലവിലുള്ള 223 സീറ്റുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. 294ലും വിജയിക്കുന്നത് മുന്‍നിര്‍ത്തി, മുഖ്യമന്ത്രി മമതാ ബാനർജി തൃണമൂൽ നേതാക്കൾക്ക് 260 എന്ന ലക്ഷ്യം നൽകിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം മുതൽ ബൂത്ത് തല പ്രവര്‍ത്തനം തുടങ്ങും. 2021ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 77 സീറ്റുകൾ ലഭിച്ചെങ്കിലും കൂറുമാറ്റങ്ങള്‍ മൂലം അംഗബലം 69 ആയി കുറഞ്ഞിരിക്കുന്നു.

കേരളത്തിൽ ഭരണം നിലനിർത്താൻ ശക്തമായ പോരാട്ടം നടത്താനുള്ള ഒരുക്കത്തിലാണ് സിപിഐ(എം)ന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും. അവിടെ വിജയിക്കുന്ന പാർട്ടി ഏതായാലും ഇന്ത്യ സഖ്യത്തില്‍ പെട്ടതായിരിക്കും. തമിഴ്‌നാട്ടിൽ, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ എല്ലാ ഘടകകക്ഷികളെയും ഫലപ്രദമായി ഒരുമിച്ച് കൊണ്ടുപോകുന്നു. ഡിഎംകെ സർക്കാരിന് നിലവില്‍ ഭീഷണിയൊന്നുമില്ല. ഡിഎംകെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് എല്ലാ സൂചനകളും. പുതുച്ചേരിയിൽ അധികാരം പിടിക്കാൻ ഇന്ത്യ സഖ്യം കിണഞ്ഞുശ്രമിക്കേണ്ടതുണ്ട്. കുറച്ചുകൂടി ആസൂത്രണം ചെയ്ത് മികച്ച സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്താല്‍ അത് സാധ്യമാക്കാം.

2016 മുതൽ ബിജെപി ഭരിക്കുന്ന അസം ആണ് മറ്റൊരു പ്രധാന സംസ്ഥാനം. ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വളരെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനാണ്. അധികാരത്തിൽ തുടരാൻ അദ്ദേഹം ഇന്ത്യ സഖ്യം പാർട്ടികളെ വിജയകരമായി വിഭജിച്ചു. സംസ്ഥാനത്തെ മുൻനിര പാർട്ടിയെന്ന നിലയിൽ ഭിന്നിപ്പിന്റെ വലിയ നഷ്ടം കോൺഗ്രസിനാണ്. ആ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം വളരെ മോശമായ അവസ്ഥയിലാണ്. ഇത്തവണ കോൺഗ്രസ് ഹൈക്കമാൻഡ് അസമിനാണ് മുൻഗണന നൽകേണ്ടത്. ഇടത് പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും ടിഎംസിയുടെയും പങ്കാളിത്തത്തോടെ ഇന്ത്യ സഖ്യം സജീവമാക്കേണ്ടതുണ്ട്. ഹിമന്ത സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങളും തുടരണം. നല്ലൊരു വിഭാഗം ആളുകൾ ഹിമന്തയെ മടുത്തു. പക്ഷേ ഇന്ത്യ സഖ്യത്തിന് യോജിച്ച് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അവർ മറ്റൊരു ബദല്‍ കാണുന്നില്ല. 

ഇന്ത്യ സഖ്യത്തിന്റെ തന്ത്രങ്ങളിലേക്ക് ഇടതുപക്ഷ ക്യാമ്പുകള്‍ക്ക് ബൗദ്ധികമായ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഈ വർഷം ജൂൺ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗം നടന്നിട്ടില്ല. കേന്ദ്രതലത്തിൽ അടിയന്തര ഇടപെടൽ ആവശ്യമായ നിരവധി പ്രശ്നങ്ങൾ സംസ്ഥാനങ്ങളിലുണ്ട്. അത് ദേശീയ തലത്തിലുള്ള ഇന്ത്യ സഖ്യം നേതാക്കൾ ഏറ്റെടുക്കണം. ഉടൻ പുതിയ കൺവീനറെ നിയമിക്കണം. ശരിയായ സമയമാണിത്. ഇന്ത്യ സഖ്യം ഊര്‍ജസ്വലമായി പ്രവർത്തിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.