
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആര്‍) നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി വിശദീകരണം തേടി. തൃണമൂൽ എംപിമാരായ ഡെറക് ഒ ബ്രയാൻ, ഡോള സെൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
വോട്ടർ പട്ടിക പുതുക്കുന്നതിൽ കമ്മിഷൻ സ്വീകരിക്കുന്ന അസാധാരണമായ നടപടികളെ ചോദ്യം ചെയ്താണ് എംപിമാർ പരമോന്നത കോടതിയെ സമീപിച്ചത്. തൃണമൂൽ എംപിമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഔദ്യോഗികമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് പകരം വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
ഔദ്യോഗിക ഉത്തരവുകളില്ലാതെ പ്രവർത്തിക്കാൻ ബൂത്ത് ലെവൽ ഓഫിസര്‍മാരെ (ബിഎല്‍ഒ) നിർബന്ധിക്കുന്നു, അനൗദ്യോഗിക മാർഗങ്ങളിലൂടെയുള്ള നിര്‍ദേശങ്ങൾ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു, വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലെ സുതാര്യതയും നിയമസാധുതയും നഷ്ടപ്പെടുന്നു, ഇതുവരെ പുറപ്പെടുവിച്ച ഇത്തരം അനൗദ്യോഗിക ഉത്തരവുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടിക പുതുക്കൽ പോലുള്ള ഭരണഘടനാപരമായ പ്രക്രിയകളിൽ വ്യക്തമായ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി വോട്ടർ പട്ടികയിൽ മാറ്റം വരുത്തുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. കേസിൽ ജനുവരി 19‑ന് കോടതി വീണ്ടും വാദം കേൾക്കും.
നേരത്തെ ഗോവയിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടും സമാനമായ പരാതികൾ ഉയർന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.