23 January 2026, Friday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

തെറ്റ് തിരുത്തുന്ന സുപ്രീം കോടതി വിധി

Janayugom Webdesk
January 9, 2024 5:00 am

ബിൽക്കീസ് ബാനു കേസിൽ കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയും വിട്ടയച്ച ഗുജറാത്ത് സംസ്ഥാന സർക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി നിയമവാഴ്ചയും സ്വാഭാവിക നീതിയും വിലമതിക്കുന്ന മുഴുവൻ ഇന്ത്യക്കാരും ലോകവും ഏറെ ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് സ്വാഗതംചെയ്യുന്നത്. അത് ഗുജറാത്ത് സർക്കാരിനു മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘ്പരിവാർ പുരുഷാധിപത്യ പ്രത്യയശാസ്ത്ര വൈകൃതത്തിന്റെയും മുഖത്തേറ്റ അടിയാണ്. 2022ലെ ഗുജറാത്ത് വർഗീയകലാപത്തിനിടയിൽ ജീവനുംകൊണ്ട് പലായനം ചെയ്ത ബിൽക്കീസ് ബാനു എന്ന യുവതിക്കും അവരോടൊപ്പമുണ്ടായിരുന്ന 14 പേർക്കും നേരിടേണ്ടിവന്ന കൊടിയ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ നീണ്ടകരങ്ങൾ പിടികൂടി നിയമാനുസൃതം വിചാരണചെയ്ത് ശിക്ഷ വിധിക്കുകയുണ്ടായി. എന്നാൽ അധികാരത്തിന്റെ തണലിൽ നടന്ന അതിക്രമങ്ങളുടെ പേരിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ അതേ അധികാരം ദുരുപയോഗം ചെയ്ത് സ്വതന്ത്രരാക്കുകയായിരുന്നു ഗുജറാത്തിലെ ബിജെപി സർക്കാർ. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രധാനമന്ത്രിയായ കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് രാജ്യത്തെ നിയമവാഴ്ചയുടെ അടിത്തറയിളക്കുന്ന നടപടി അരങ്ങേറിയത്. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു 2022 മേയ് 22നു നേടിയെടുത്ത വിധിയുടെ പിൻബലത്തിലാണ് കുറ്റവാളികൾ ജയിൽ മോചിതരായത്. ജസ്റ്റിസ് ബി വി നാഗരത്നയും ഉജ്വൽ ഭുയാനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തെറ്റായ മാർഗത്തിലൂടെ നേടിയെടുത്ത ആ വിധിയും അതിന്റെ പിൻബലത്തിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് നൽകിയ വിടുതലും തിരുത്തുകയാണ് ഉണ്ടായത്. വിട്ടയക്കപ്പെട്ട കുറ്റവാളികളെ രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ ജയിലിലടയ്ക്കാനും സുപ്രീം കോടതി ഉത്തരവായി.


ഇതുകൂടി വായിക്കൂ:  ബിൽക്കീസ് ബാനു കേസ്; ദുരന്തമുഖങ്ങളുടെ മറ്റൊരു കണ്ണാടി


കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയുടെ ലക്ഷ്യം അവയുടെ ആവർത്തനം തടയുകയും കുറ്റവാളികളിൽ മനഃപരിവർത്തനം സൃഷ്ടിക്കുക എന്നതുമാണ്. ആ അടിസ്ഥാനത്തിലായിരിക്കണം ശിക്ഷാകാലാവധി ഇളവുചെയ്ത് കുറ്റവാളികളെ വിട്ടയയ്ക്കാൻ. അത്തരം യാതൊരു നവീകരണത്തിനും ഇവർ വിധേയരായിരുന്നില്ലെന്ന് പിൽക്കാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജയിലിലായിരുന്ന കാലത്ത് സംസ്ഥാന ബിജെപി സർക്കാരിന്റെ ഒത്താശയോടെ യഥേഷ്ടം പരോളും അനർഹമായ സ്വാതന്ത്ര്യവും അനുഭവിച്ചവരാണ് കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട 11 പേരും. സർക്കാർ നിയമവിരുദ്ധമായി അവരെ വിട്ടയച്ചപ്പോൾ അവർക്ക് സംഘ്പരിവാർ ഒരുക്കിയ വീരോചിത സ്വീകരണം നിയമവാഴ്ചയോടും പരിഷ്കൃത സമൂഹത്തോടുമുള്ള വെല്ലുവിളിയായിരുന്നു. കുറ്റവാളികളെ വിട്ടയക്കാൻ നിയുക്തമായ ഔദ്യോഗിക സമിതി അതിനു നിരത്തിയ കാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റെ മൂല്യബോധത്തെ വെല്ലുവിളിക്കുന്നതായിരുന്നു. കുറ്റവാളികളിൽ ചിലർ ബ്രാഹ്മണർ ആണെന്നതായിരുന്നു അത്. സമിതിയിലെ അംഗങ്ങളെല്ലാം ബിജെപിയടക്കം സംഘ്പരിവാർ സംഘടനകളിൽപ്പെട്ടവർ മാത്രമായിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച പ്രതികൾ അപ്പീലുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സംസ്ഥാനത്തെ കോടതികളിൽ നിന്നും തനിക്കു നീതി ലഭിക്കില്ലെന്ന ബിൽക്കീസ്ബാനുവിന്റെ പ്രാർത്ഥനയെത്തുടർന്നാണ് സുപ്രീം കോടതി കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റിയത്. കുറ്റവാളികളെ വിട്ടയക്കുന്നത് സംബന്ധിച്ച നിയമം ഏത് സംസ്ഥാനത്താണോ ശിക്ഷാവിധി ഉണ്ടായത് അവിടുത്തെ സർക്കാരിനു മാത്രമേ അതിന് അധികാരമുള്ളു എന്ന് നിഷ്കർഷിക്കുന്നു. ഇതിനെ മറികടന്നാണ് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത വിധിയുടെ പിൻബലത്തിൽ ഗുജറാത്തിലെ ബിജെപി സർക്കാർ ബലാത്സംഗികളും കൊലപാതകികളുമായ 11 പേരെ ജയിൽ മോചിതരാക്കിയത്.


ഇതുകൂടി വായിക്കൂ:  ബിൽക്കീസ് ബാനു: പ്രതികളുടെ വിട്ടയക്കൽ വലിയൊരു മുന്നറിയിപ്പാണ്


സുപ്രീം കോടതിവിധി ശിരസാവഹിച്ച് ബിജെപിയും മോഡി സർക്കാരും അടങ്ങിയിരിക്കുമെന്ന വ്യാമോഹം ആർക്കും ഉണ്ടാവില്ല. കോടതികളോടും നിയമത്തോടും നിയമവാഴ്ചയോടും, എന്തിന് ഭരണഘടനയോടുപോലും തെല്ലും പ്രതിബദ്ധതയും ആദരവുമില്ലാത്ത ജനാധിപത്യവിരുദ്ധ പ്രതിഭാസത്തെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. ഇപ്പോഴത്തെ കോടതിവിധിയുടെ പഴുതുകൾ ദുരുപയോഗംചെയ്ത്, ജനാധിപത്യത്തെ അരുംകൊലചെയ്ത് തങ്ങൾ മഹാരാഷ്ട്രയിൽ അവരോധിച്ച ഷിൻഡെ സർക്കാർവഴി ഈ കുറ്റവാളികളെ സമൂഹത്തിനുമേൽ തുറന്നുവിടാൻ ഇവർ മടിച്ചേക്കില്ല. എന്നിരിക്കിലും, ഉയർന്ന നീതിബോധത്തോടെയും ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധതയോടും കൃത്യനിർവഹണത്തിന് നിർഭയം സന്നദ്ധമായ ഒരുപറ്റം ന്യായാധിപർ ഇനിയും അവശേഷിക്കുന്നവെന്നത് ജനങ്ങൾക്ക് പ്രത്യാശയ്ക്ക് വകനൽകുന്നു. കനത്ത വെല്ലുവിളികളുടെയും പ്രലോഭനങ്ങളുടെയും നടുവിലും സ്വതന്ത്രവും നിർഭയവും നീതിബോധം കൈവിടാത്തതുമായ നീതിപീഠങ്ങളുടെയും നീതിന്യായവ്യവസ്ഥയുടെയും പ്രസക്തിയും പ്രാധാന്യവുമാണ് ഈ സുപ്രീം കോടതിവിധി ഉയർത്തിക്കാട്ടുന്നത്. രാജ്യത്തെ ക്ഷേത്രധ്വജങ്ങൾക്ക് നീതിപീഠങ്ങളുടെയും ഭരണഘടനയുടെയും മേൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് തന്നെ പ്രാമാണ്യം കല്പിച്ചുനൽകിയ ദിനങ്ങളിൽത്തന്നെയാണ് ഈ വിധി പുറത്തുവന്നിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. രാജ്യത്തെ ഗ്രസിക്കുന്ന ഇരുട്ടിനെ പഴിക്കാതെയും ശപിക്കാതെയും നിയമത്തിന്റെയും നീതിയുടെയും കൈത്തിരി കെടാതെ സൂക്ഷിക്കാനുള്ള നീതിപീഠത്തിന്റെ ശ്രമമായി ഈ വിധി ചരിത്രത്തിൽ ഇടംപിടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.