11 May 2024, Saturday

ബിൽക്കീസ് ബാനു കേസ്; ദുരന്തമുഖങ്ങളുടെ മറ്റൊരു കണ്ണാടി

Janayugom Webdesk
August 21, 2022 5:00 am

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലും, രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളകളിലുമെല്ലാം തന്റെ സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവർത്തിച്ചുകൊണ്ടേയിരുന്നു. സ്ത്രീകളെ പ്രത്യേകമായി പരിഗണിക്കുന്നു എന്ന തോന്നലുളവാക്കി വാഗ്ധോരണികളിൽ ‘നാരി ശക്തി‘ക്കായി വാചാലനായി. സ്ത്രീ ശാക്തീകരണ നിലപാടുകളുടെ അപ്പോസ്തലനായി വാക്കുകളിൽ അലങ്കാരങ്ങൾ ചമച്ചു. എന്നാൽ ഗുജറാത്തിലെ ബിജെപി ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങളിൽ കരിനിഴൽ വീഴ്ത്തി ആപത്‌സൂചനകളുടെ മുഖം വെളിപ്പെടുത്തി. ബിൽക്കീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെയും ഗോധ്ര സബ് ജയിലിൽ നിന്ന് ഇതേ നാളിൽ തന്നെ മോചിപ്പിച്ചു. സ്ത്രീകൾ മുസ്‌ലിങ്ങളോ ദരിദ്രരോ എങ്കിൽ അവർ നേരിടുന്ന ദുരവസ്ഥകളിൽ വ്യഥയിലാകുന്നതാണ് മോഡി ബ്രാൻഡ് ‘നാരി ശക്തി’ യെന്ന് വ്യക്തമായി. ഗുജറാത്തിൽ നടമാടിയ വർഗീയ കലാപത്തിന്റെ നിർഭാഗ്യകരമായ ദിവസങ്ങളിൽ ഗോധ്രയിൽ നടന്ന സംഭവങ്ങൾ രാജ്യത്തിന് മറക്കാനാവുന്നതല്ല. കലാപകാരികൾ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസഹായരായ മുസ്‌ലിം സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിട്ടു. ബിൽക്കീസ് ബാനു കേസിൽ, ബലാത്സംഗമെന്ന നീച ചെയ്തിക്കു പുറമെ, മൂന്ന് വയസു മാത്രമുള്ള ശിശുവിനെയടക്കം അവളുടെ കുടുംബത്തിലെ ഏഴ് പേരെ കൊന്നു. അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിന്റെ പ്രത്യേക സ്വഭാവവും ദീർഘവും സങ്കീർണവുമായ നടപടികളും പരിഗണിച്ച് തുടർ വിസ്താരങ്ങൾ ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും രാജ്യത്തിന്റെ മതേതര മനഃസാക്ഷിയും സദാ ജാഗരൂകരായിരുന്നുവെങ്കിലും വിചാരണ പൂർത്തിയാക്കാൻ നീതിപീഠം ആറുവർഷമെടുത്തു.


ഇതുകൂടി വായിക്കൂ: ആസാദിയില്‍ നിന്ന് ആസ് ആകാനുള്ള യാത്ര


2008 ൽ കുറ്റവാളികളെ തടവിലാക്കിയപ്പോൾ മുതൽ പരിവാർ ശക്തികളും ഗുജറാത്ത് സർക്കാരും അവരുടെ സ്വാതന്ത്ര്യത്തിലും ക്ഷേമത്തിലും ആകുലരായിരുന്നു. അവരുടെ നീണ്ടതും പരിഹാസ്യവുമായ കാത്തിരിപ്പിന് ഇപ്പോൾ വിരാമമായിരിക്കുന്നു. ബലാത്സംഗക്കേസിലെ പ്രതികൾ സംഘ്പരിവാർ സംരക്ഷകർ സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ ലോകത്ത് ആഘോഷിക്കുന്നു. നിയമപരമായി സാധ്യമായ ഏറ്റവും കുറഞ്ഞ ശിക്ഷ അനുഭവിക്കുന്നതിനിടെ ബലാത്സംഗക്കേസിലെ പ്രതികൾ പുറത്തിറങ്ങിയിരിക്കുന്നു. ഇവരെ മോചിപ്പിക്കുന്നതിനുള്ള തിരക്കഥ പരിവാറിലെ പ്രമുഖരുടെ മാർഗനിർദ്ദേശത്തിൽ ശ്രദ്ധാപൂർവം തയാറാക്കിയതെന്ന് വെളിവാകുകയും ചെയ്തിരിക്കുന്നു. ബലാത്സംഗം നടന്ന തീയതി മുതൽ പ്രതികളുടെ പുറത്തേക്കുള്ള വഴി തെളിയും വരെയും പ്രതികളും സംഘ്പരിവാറും തമ്മിലുള്ള ഇഴചേർന്ന ബന്ധത്തിന് തെളിവുകളേറെയാണ്. 2022 മേയ് മാസം സുപ്രീം കോടതിയിൽ അവരുടെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കുന്നു. വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിടുന്നു. പിന്നീട് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ശിക്ഷാ കാലയളവിലെ നല്ല നടപ്പും ‘കുറ്റത്തിന്റെ സ്വഭാവവും’ അനുസരിച്ച് കുറ്റവാളികളെ വിട്ടയക്കാൻ ഏകകണ്ഠമായി കമ്മിറ്റി തീരുമാനിക്കുന്നു! ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘പ്രത്യേക വിടുതൽ പദ്ധതി‘യിലൂടെ അവരെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നീങ്ങി. സമിതിയുടെ പക്ഷപാതം ആദ്യന്തം വ്യക്തമായിരുന്നു. പുറത്തിറങ്ങിയ കുറ്റവാളികൾക്ക് വിഎച്ച്പി ഓഫീസിൽ വീരോചിതമായ സ്വീകരണവും നൽകി. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020 അനുസരിച്ച്, രാജ്യത്ത് ജയിലുകൾക്കുള്ളിലെ തടവുകാരിൽ 68 ശതമാനവും വിചാരണ പോലും കഴിയാത്തവരാണ്. അവരിൽ പലരെയും ഒരു കുറ്റപത്രം പോലും നൽകാതെയാണ് കാരാഗൃഹത്തിലടച്ചിരിക്കുന്നത്. ഭരണകൂടം കെട്ടിച്ചമച്ച ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആദിവാസി പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാനുള്ള സിപ്പർ പോലും നിഷേധിക്കപ്പെട്ടതും രാജ്യം ഓർമ്മിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം തീരാകളങ്കമായി രാജ്യത്തെ വേട്ടയാടുന്നു. തങ്ങളുടെ രാഷ്ട്രീയത്തോടും ഭരണാധികാരികളോടും അടുപ്പമുള്ളവർക്ക് പ്രത്യേക പരിഗണന എന്നതു തന്നെയാണ് ആർഎസ്എസ്-ബിജെപി സർക്കാർ നൽകുന്ന സന്ദേശം. നിയമവാഴ്ചയുടെയും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെയും അടിസ്ഥാന സിദ്ധാന്തങ്ങൾ ചവറ്റുകുട്ടയിലായിരിക്കുന്നു.


ഇതുകൂടി വായിക്കൂ: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍


ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ജീവിതവും അവകാശങ്ങളും നിഷേധിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്നു. ഇത്തരം പശ്ചാത്തലത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം മറ്റൊരു വെല്ലുവിളി തീർക്കുകയാണ്. ഉയർന്ന ജാതിയിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ മാത്രമുള്ള ഒരു കമ്മിറ്റിയേയാണ് ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വർത്തമാനത്തിൽ, ഇത്തരം കമ്മിറ്റികൾക്ക് കീഴാളരും ശബ്ദരഹിതരുമായവരോട് നീതി പുലർത്താനാവില്ല. ‘ആസാദി’ എന്നത് ആഘോഷങ്ങൾക്കും വാചകമടിക്കും വേണ്ടി മാത്രമുള്ള ഒരു ആശയമല്ല, എല്ലാത്തരം അടിച്ചമർത്തലുകളിൽ നിന്നും രാജ്യം തങ്ങളെ സംരക്ഷിക്കുമെന്ന ചരിത്രത്തിന്റെ വാഗ്ദാനമാണ്. പട്ടിണി, ദാരിദ്ര്യം, സാമൂഹികവും ലൈംഗികവുമായ ചൂഷണം എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനമാണിത്. സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവച്ച സ്വതന്ത്ര ഇന്ത്യ എന്ന ആശയത്തിന്റെ ഉണ്മയാണിത്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുത്ത സ്വാതന്ത്ര്യസമരത്തിൽ സംഘ്പരിവാറിനും ബിജെപിക്കും ഒരു പങ്കുമില്ല. അതുകൊണ്ടുതന്നെ വർത്തമാന ഭരണകൂടം ഇക്കാര്യങ്ങളിൽ അജ്ഞരുമാണ്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലക്ഷ്യത്തിലെത്താൻ അവർക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് ബിൽക്കീസ് ബാനു കേസ് ഇന്ത്യയിലെ സ്ത്രീപുരുഷന്മാരെ ഓർമ്മിപ്പിക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.