
വിലകയറ്റ വര്‍ധനവിനെതിരെ ഇറാനില്‍ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. 2,300 ൽ അധികം പേർ അറസ്റ്റിലായതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ്, ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നെറ്റ്, മൊബെെല്‍ ഫോണ്‍ സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും യഥാർത്ഥ വ്യാപ്തി മറച്ചുവയ്ക്കുകയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആനംസ്റ്റി ആരോപിച്ചു.
തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും പ്രതിഷേധങ്ങൾ വർധിച്ചുവരികയാണെന്ന് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇറാനില്‍ പ്രവര്‍ത്തനാനുമതിയുള്ള ഏക വിദേശമാധ്യമമാണ് അല്‍ജസീറ. സുരക്ഷാ നടപടികൾ കർശനമാക്കുക, പൗരന്മാർക്ക് പുതിയ സബ്‌സിഡി പദ്ധതി അവതരിപ്പിക്കുക തുടങ്ങിയ “വ്യത്യസ്ത സമീപനങ്ങളിലൂടെ” സ്ഥിതിഗതികൾ നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പ്രതിഷേധക്കാര്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന സൂചനയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി നല്‍കിയത്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ആരെയും “ദൈവത്തിന്റെ ശത്രു” ആയി കണക്കാക്കുമെന്നും വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകി. കലാപകാരികളെ സഹായിച്ചവരും കുറ്റം നേരിടേണ്ടിവരുമെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്രമങ്ങൾ ദാക്ഷിണ്യമോ, അനുകമ്പയോ, വിട്ടുവീഴ്ചയോ ഇല്ലാതെ നടത്തണമെന്ന് അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു.
അതിനിടെ, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ്. ഇറാനിലെ ധീരരായ ജനങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവന. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തര്‍ക്കത്തിന് നില്‍ക്കരുതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ യുഎസ് ഇടപെടുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ആവര്‍ത്തിച്ചത്. അത്തരത്തിലുള്ള ഏതെങ്കിലും ഇടപെടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
യുഎസ് ഇടപെടല്‍ സാധ്യത വര്‍ധിച്ചതോടെ എന്തുവില കൊടുത്തും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. സുപ്രീം കമാൻഡർ-ഇൻ‑ചീഫിന്റെ നേതൃത്വത്തിൽ സൈന്യം, മറ്റ് സായുധ സേനകളുമായി ചേർന്ന്, മേഖലയിലെ ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം, ദേശീയ താൽപ്പര്യങ്ങൾ, രാജ്യത്തിന്റെ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ, പൊതു സ്വത്ത് എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കും, സെെന്യം വ്യക്തമാക്കി. നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ്‌ലവി വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ഇറാന്റെ പഴയ സിംഹ‑സൂര്യ പതാകയും മറ്റ് ദേശീയ ചിഹ്നങ്ങളും വഹിക്കാനും അദ്ദേഹം പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.