10 December 2025, Wednesday

സുരക്ഷാ ആശങ്ക നിലനില്‍ക്കെ യുറേനിയം ഖനനം സ്വകാര്യ മേഖലയ്ക്ക്

Janayugom Webdesk
ന്യൂഡ‍ല്‍ഹി
August 13, 2025 9:38 pm

ആണവ വസ്തുക്കളുടെ ദുരുപയോഗം, വികിരണം, തന്ത്രപരമായ സുരക്ഷ എന്നീ ആശങ്കകള്‍ നിലനില്‍ക്കെ യുറേനിയം ഖനന-ഇറക്കുമതി-സംസ്കരണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി മോഡി സര്‍ക്കാര്‍. യുറേനിയം വ്യവസായത്തില്‍ പ്രത്യേക നിയന്ത്രണം ഒഴിവാക്കാന്‍ നിയമത്തില്‍ പൊളിച്ചെഴുത്ത് നടത്തിയാണ് സ്വകാര്യ കമ്പനികള്‍ക്കായി മോഡി സര്‍ക്കാര്‍ വാതില്‍ തുറന്നത്. ആണവ മേഖലയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സര്‍ക്കാര്‍ കുത്തക ഇല്ലാതകുന്ന വിധത്തിലാണ് ചട്ടക്കൂട് പരിഷ്കരിക്കുക. ആണവോര്‍ജ് ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ മറപിടിച്ചാണ് സ്വകാര്യ കമ്പനിള്‍ക്ക് യുറേനിയം ഖനനത്തിനും ഇറക്കുമതിക്കും സംസ്കരണത്തിനും അനുമതി നല്‍കാന്‍ മോഡി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുതിയ നയം പ്രഖ്യാപിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

ആണവ വസ്തുക്കളുടെ ദുരുപയോഗം, വികിരണ സുരക്ഷ, തന്ത്രപരമായ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് ഇന്ത്യ യുറേനിയത്തിന്റെ പൂർണ നിയന്ത്രണം സര്‍ക്കാറിര്‍ നിലനിര്‍ത്തിയത്. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ സ്വകാര്യ മേഖലയില്‍ യുറേനിയത്തിന്റെ ഖനനം, സംസ്കരണം എന്നിവ അനുവദിച്ചിട്ടുള്ളത്. വര്‍ധിച്ചു വരുന്ന ആണവ ഇന്ധനത്തിന്റെ ആവശ്യകത നിറവേറ്റുന്നതായാണ് നിയമത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 2047 ആകുമ്പോഴേക്കും ആണവോർജ ഉല്പാദന ശേഷി 12 മടങ്ങ് വർധിപ്പിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് സ്വകാര്യ കമ്പനികളെ ലക്ഷ്യമിട്ടായിരുന്നു. സ്വകാര്യ കമ്പനികളുടെ രംഗംപ്രവേശനം വഴി അധികമായി അഞ്ച് ശതതമാനം ആണവോര്‍ജം ഉല്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

30 വർഷത്തേക്ക് 10,000 മെഗാവാട്ട് ആണവോർജം ഉല്പാദിപ്പിക്കാന്‍ ആവശ്യമായ ഏകദേശം 76,000 ടൺ യുറേനിയം ഇന്ത്യയിലുണ്ട്. ഇത് പ്രതീക്ഷിക്കുന്ന വർധനവിന്റെ 25 ശതമാനം മാത്രമേ ഉൾക്കൊള്ളുന്നുള്ളു. ബാക്കിയുള്ള യുറേനിയം ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഖനനം, വൈദ്യുതി, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവ നിയന്ത്രിക്കുന്നതുൾപ്പെടെ അഞ്ച് നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയാണ് സ്വകാര്യ കമ്പനികളെ മേഖലയിലേക്ക് എത്തിക്കുക. പുതിയ നയം മാറ്റം സംബന്ധിച്ച് ധനകാര്യ‑ആണവോര്‍ജ്ജ വകുപ്പ്, പ്രധാന മന്ത്രിയുടെ ഓഫിസ് എന്നിവ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.