
ഇറാനെതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ പക്ഷംചേര്‍ന്ന് യുഎസ്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം പൂർത്തിയാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിക്കുകയായിരുന്നു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവ ഗവേഷണകേന്ദ്രങ്ങളാണിവ. യുഎസ് ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടി തുടങ്ങി. ഗുവാമിലെ സൈനിക കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ആറ് ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഫോർദോ ആണവ നിലയത്തില്‍ ജിബിയു 57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചത്. 15,000 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കുന്ന ഒരു ഡസനോളം ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎസ് അറിയിച്ചു. നതാൻസിലും ഇസ്ഫഹാനിലും യുഎസ് അന്തര്‍വാഹിനികളില്‍ നിന്നും ടോമാഹോക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തി.
1979ന് ശേഷം ഇറാനിൽ നടക്കുന്ന ആദ്യ യുഎസ് സൈനിക ആക്രമണമാണിത്. ഫോർദോ ആണവ കേന്ദ്രത്തില്‍ ആറിടങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി യുഎസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരു ഭാഗം മാത്രമാണ് യുഎസ് വ്യോമാക്രമണത്തിൽ തകർന്നതെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലിലെ പത്തിടങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചതായാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലും ഹൈഫയിലും ജറുസലേമിലും നെസ് സിയോണയിലും ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ആക്രമണത്തിൽ 86 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തിനും ഇറാന്റെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകള്‍ തടയാനായില്ല. 27 ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമപ്രതിരോധം മറികടന്ന് നേരിട്ട് പതിച്ചു. ഖൈബര്‍ ഷെക്കാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖോറാംഷഹര്‍4 മിസൈലുകള്‍ ആദ്യമായി ഇസ്രയേലിനെതിരെ പ്രയോഗിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ അറിയിച്ചു. ബെന്‍ ഗുരിയണ്‍ വിമാനത്താവളം, ബയോളജിക്കല്‍ റിസര്‍ച്ച് സെന്റര്‍, സൈനിക ആസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ഇറാന്‍ വന്‍ നാശം വരുത്തി.
ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രയേലിനെ സഹായിച്ച് രംഗത്തെത്തുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ യുഎസ് ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്കയിലാണ് ലോകം. യുദ്ധത്തിനിറങ്ങരുതെന്ന് യുഎസിനോട് റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ആക്രമിച്ചാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് യെമനിലെ വിമതരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിക്കാനാണ് സാധ്യത. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചകളിലൂടെ നയതന്ത്രതലത്തില്‍ പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷകള്‍ക്കും യുഎസിന്റെ കടന്നാക്രമണം തിരിച്ചടിയായി.
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്ക. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ഇനിയും ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. അമേരിക്കയുടെ ഏതെങ്കിലും സൈനിക താവളം ലക്ഷ്യമിട്ടാല്‍ തിരിച്ചടി ഭയാനകമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ആക്രമണവാർത്ത ആദ്യം സമൂഹമാധ്യമങ്ങളിലൂടെയും പിന്നീട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തും സ്ഥിരീകരിച്ച ട്രംപ് യുഎസ് വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും അറിയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. മേഖലയില്‍ ഒറ്റയ്ക്ക് യുദ്ധം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഇറാന്റെ ഫോര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ യുഎസ് സഹായിക്കണമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിര്‍വ്യാപന കരാറിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് ഇറാന്‍.
ഇറാന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണത്തെ യുഎന്‍ ചാര്‍ട്ടര്‍ അനുസരിച്ച് പ്രതിരോധിക്കാനുളള അവകാശം ഇറാനുണ്ട്. ഈ അവകാശം വിനിയോഗിക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സുരക്ഷാകൗണ്‍സില്‍ ചേരണമെന്നും ഇറാന്‍ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് യുഎൻ സെക്രട്ടറി ജനറലിനും യുഎന്‍ സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും ഇറാന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി അമീർ സയീദ് ഇറവാനി കത്ത് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.