19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 11, 2026

ഭീതയൊഴിയാതെ പശ്ചിമേഷ്യ; ഇറാനില്‍ ആക്രമണം നടത്താന്‍ യുഎസ് സെെന്യം സജ്ജം

ട്രംപിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്
Janayugom Webdesk
വാഷിങ്ടണ്‍
February 19, 2026 9:51 pm

ഈ ആഴ്ച അവസാനത്തോടെ ഇറാനെതിരെ ആക്രമണം നടത്താൻ യുഎസ് സൈന്യം സജ്ജമാണെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിന് സജ്ജമാണെന്ന് സെെന്യം വെെറ്റ് ഹൗസിനെ അറിയിച്ചതായി സിഎന്‍എന്‍, സിബഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഉത്തരവുണ്ടാകുന്നതനുസരിച്ച് നടപടി ആരംഭിക്കുമെന്നുമാണ് സൂചന. ഇസ്രയേലുമായി ചേർന്നുള്ള സംയുക്ത നടപടിയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആണവ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനീവയിൽ നടന്ന ആണവ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഏറ്റവും ഉചിതമായ നടപടി എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഉപദേശകര്‍ക്കിടയിലും അടുത്ത വൃത്തങ്ങള്‍ക്കിടയിലും ട്രംപ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയെന്നാണ് വിവരം. സൈനിക ആക്രമണം വേണോ അതോ ഉപരോധങ്ങൾ കർശനമാക്കണോ എന്നതിലാണ് അദ്ദേഹം അഭിപ്രായം തേടുന്നത്. ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനെതിരെ ശക്തമായ നിലപാട് ആവശ്യപ്പെടുമ്പോൾ, മറ്റ് സഖ്യകക്ഷികൾ മേഖലയിലെ സമാധാനം തകരുമെന്ന ആശങ്കയിലാണ്. വിഷയത്തില്‍ വൈറ്റ് ഹൗസിനുള്ളിൽ തന്നെ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സിനെ മാറ്റിയതും ഇത്തരം ആഭ്യന്തര തർക്കങ്ങളുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു. മിക്ക അമേരിക്കക്കാരും ഇറാനെതിരെയുള്ള സൈനിക ഇടപെടലിനെ എതിർക്കുന്നുവെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. നാറ്റോ സഖ്യകക്ഷികൾക്കിടയിലും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക നടപടിക്ക് പിന്തുണയില്ല.
യുഎസ് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തുകയാണെങ്കിൽ വെറും ഒറ്റപ്പെട്ട ആക്രമണമല്ല, മറിച്ച് ആഴ്ചകൾ നീളുന്ന വിപുലമായ ഒരു യുദ്ധമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പശ്ചിമേഷ്യയില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹമാണ് യുഎസ് ഒരുക്കിയിരിക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണിനു പുറമേ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ഡിസ്ട്രോയറുകളും ഇതിനോടൊപ്പമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അത്യാധുനികമായ വ്യോമനിരയാണ് യുഎസ് മേഖലയിലേക്ക് അയച്ചിരിക്കുന്നത്. ഇവയിൽ എഫ്-22 റാപ്‌റ്റർ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.