
ഇന്ത്യക്ക് മേല്‍ അമേരിക്ക ചുമത്തിയ 50 ശതമാനം താരിഫ് വാണിജ്യ- സമുദ്രോല്പന്ന കയറ്റുമതിയെ ദീര്‍ഘകാലം ബാധിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോടാണ് (പിഎസി) മന്ത്രാലയം യുഎസ് തീരുവ ഭവിഷ്യത്ത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. പിഎസി ചെയര്‍മാന്‍ കെ സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദി പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് ഓണ്‍ ദി എക്സ്പോര്‍ട്ട് പ്രമോഷന്‍ ക്യാപിറ്റല്‍ ഗുഡ്സ് സ്കീം സംബന്ധിച്ച വിഷയമാണ് ചര്‍ച്ച ചെയ്തത്. യുഎസ് തീരുവയുടെ പ്രത്യാഘാതം ഇന്ത്യന്‍ കയറ്റുമതി മേഖലയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നശേഷം ചെമ്മീന്‍ കയറ്റുമതി ഇടിഞ്ഞു. വിപണി വൈവിധ്യവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി വാണിജ്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പിഎസിയെ അറിയിച്ചു. ഉയർന്ന താരിഫുകൾ ഇന്ത്യയെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതികൂല സാഹചര്യത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുകെ, സ്വിറ്റ്സർലൻഡ്, ഐസ്‌ലാൻഡ്, നോർവേ, ലിച്ചെൻസ്റ്റൈൻ എന്നിവ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് യൂണിയൻ ബ്ലോക്കുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉൾപ്പെടെ വിപണി വൈവിധ്യവൽക്കരണത്തിനായി ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വിശകലനത്തിലും താരിഫ് ചെമ്മീൻ വ്യവസായത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യൻ ഉല്പാദനം വർധിപ്പിക്കുന്നതിനായി മൂലധന വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കുന്നതിന് ലക്ഷ്യമിടുന്ന കയറ്റുമതി പ്രോത്സാഹന മൂലധന ചരക്ക് പദ്ധതിയിൽ നിന്ന് വ്യക്തമായ ഫലങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് കമ്മിറ്റി അംഗങ്ങൾ വിവരം തേടി. 50 ശതമാനം താരിഫ് ഇന്ത്യയുടെ ഔഷധ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും ചൈന ഇന്ത്യയുടെ പ്രധാന എതിരാളിയായി തുടരുന്നതിനാൽ സമാനമായ താരിഫുകൾ ചൈനയെയും ബാധിച്ചിട്ടുണ്ടെന്നും അഗർവാൾ പിഎസിയെ അറിയിച്ചു.
അതേസമയം താരിഫ് ആഘാതത്തെ മറികടക്കാന്‍ കയറ്റുമതി പ്രോല്‍സാഹ്ന പദ്ധതി നീട്ടി 2026ലേക്ക് നീട്ടി. കയറ്റുമതി ഉല്പന്നങ്ങളുടെ തീരുവയും ഡ്യൂട്ടിയും ഒഴിവാക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം വരെയാണ് മേഖലയ്ക്ക് ഈ ആശ്വാസം ലഭിക്കുക. 10,000‑ത്തിലധികം ഉല്‍പ്പന്നങ്ങളുടെ നികുതി ഇത് പ്രകാരം കയറ്റുമതിക്കാര്‍ക്ക് തിരികെ നല്‍കും. 1–4% റിബേറ്റുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതേസമയം കൂടുതല്‍ പദ്ധതികള്‍ മേഖലയ്ക്കായി നടപ്പാക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.