1 January 2026, Thursday

Related news

December 23, 2025
November 18, 2025
November 15, 2025
October 28, 2025
October 24, 2025
October 13, 2025
October 11, 2025
October 4, 2025
September 26, 2025
July 17, 2025

ഇ കൊമേഴ്സ് വിപണി ആമസോണിനും വാള്‍മാര്‍ട്ടിനും തുറന്ന് നല്‍കണമെന്ന് യുഎസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2025 11:29 pm

ഇന്ത്യയിലെ ഇ‑കൊമേഴ്‌സ് വിപണി അമേരിക്കന്‍ കമ്പനികള്‍ക്ക് പൂര്‍ണമായും തുറന്ന് നല്‍കണമെന്ന ആവശ്യവുമായി യുഎസ്. 125 ബില്യന്‍ ഡോളർ (ഏകദേശം 10 ലക്ഷം കോടി) മൂല്യമുള്ള ഇന്ത്യന്‍ ഇ‑കൊമേഴ്‌സ് വിപണിയില്‍ യുഎസ് കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടിനും പൂര്‍ണ പ്രവര്‍ത്തനാധികാരം നല്‍കണമെന്നാണ് ആവശ്യം. തത്തുല്യ തീരുവയില്‍ നിന്നും ഒഴിവാക്കാന്‍ ഇന്ത്യക്ക് മുന്നില്‍ യുഎസ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ഇതാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു, 

ആമസോണും വാൾമാർട്ടും ഇന്ത്യയിൽ പ്രാദേശിക യൂണിറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നത്, എന്നാൽ ഇൻവെന്ററി കൈവശം വയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതിനും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥാവകാശം വാള്‍മാര്‍ട്ടിനാണ്. 2006 മുതല്‍ ഇന്ത്യന്‍ റീട്ടെയില്‍ വിപണിയിലേക്ക് യുഎസ് കമ്പനികള്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയായിരുന്നു, വാള്‍മാര്‍ട്ട് മേധാവി ഡഗ് മക്‌മിലന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത ബന്ധമുള്ളയാള്‍ കൂടിയാണ്, 

അതേസമയം, യുഎസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ ഇ‑കൊമേഴ്‌സ് മേഖലയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ആശങ്ക. രാജ്യത്തെ ഒമ്പത് കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പിനും ഭീഷണിയാണിത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ‑യുഎസ് സര്‍ക്കാരുകളോ ആമസോണ്‍, വാള്‍മാര്‍ട്ട് കമ്പനികളോ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന രീതിയിലുള്ള വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 26 ശതമാനം തത്തുല്യതീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സമവായ ചര്‍ച്ചകള്‍ക്കായി 90 ദിവസത്തെ അവധിയും ട്രംപ് അനുവദിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.