
ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ യുഎസ് പിൻവലിച്ചു. ഇളവുകൾ നീക്കം ചെയ്യുമെന്നും ഈ മാസം 29 മുതൽ ഉപരോധം നിലവിൽ വരുമെന്നും യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞു. ഇതോടെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ക്കോ അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കോ ഉപരോധങ്ങള്‍ നേരിടേണ്ടിവരും. 2018ല്‍ അനുവദിച്ച ഇളവ്, ഇറാൻ ഫ്രീഡം ആന്റ് കൗണ്ടർ പ്രോലിഫെറേഷൻ ആക്ട്(ഐഎഫ്‌സിഎ) പ്രകാരമുള്ള യുഎസ് ഉപരോധങ്ങള്‍ നേരിടാതെ തന്നെ തുറമുഖ വികസനത്തില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയെ അനുവദിച്ചിരുന്നു. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് യുഎസ് നിലപാട്. നടപടി ഇന്ത്യയുടെ നിർണായക പദ്ധതികളെ ബാധിക്കും.
ഇന്ത്യയും-ഇറാനും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന തുറമുഖമാണ് ചബഹാർ. ഇറാന്റെ തെക്കൻതീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാൻ‑ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് 7,200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബായ ചബഹാർ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജണ്ടയാണ് ചബഹാർ വഴിയുള്ള വ്യാപാര മുന്നേറ്റം. 2024–25 വർഷത്തേക്ക് തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ഇന്ത്യ അനുവദിച്ചിരുന്നു. ഷാഹിദ് ബെഹേഷ്ടി ടെര്‍മിനലിന്റെ പ്രവര്‍ത്തന നിയന്ത്രണം ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന് അനുവദിച്ചുകൊണ്ട് 2024 മേയില്‍ ഇന്ത്യ ഇറാനുമായി 10 വര്‍ഷത്തെ കരാറിലും ഒപ്പുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.