ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോള്‍ ഭരണകക്ഷിയായ ബിജെപിക്കെതിരായ ജനവികാരം പ്രകടമാണ്. തീവ്രഹിന്ദുത്വ വികാരം ഇളക്കിവിട്ട് ഇതു മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി ആദിത്യനാഥുംനടത്തുന്ന പ്രസംഗങ്ങളും,പരമാര്‍ശങ്ങളും, വര്‍ഗ്ഗീയത വളര്‍ത്തുന്നു. അധികാരം നേടാനായി എന്തും ചെയ്യുന്ന അവസ്ഥായണ് ബിജെപി അഴിച്ചു വിടുന്നത്.
കര്‍ഷസമരത്തിനു മുന്നില്‍ മുട്ടുകുത്തിയ സര്‍ക്കാരാണ് കേന്ദ്രത്തിന്‍റേത്. അതിനാല്‍ എങ്ങനെയും നിലനില്‍പ്പിനായി ശ്രമിക്കുകയാണ് ബിജെപി. ‘ജാട്ടുകൾ മുഗളന്മാർക്കെതിരെ പൊരുതി, ഞങ്ങളും അതാണ് ചെയ്യുന്നത്’ എന്ന് അമിത് ഷാ നടത്തിയ പരാമർശവും’ ‘സമാജ്‌വാദി പാർടിയുടെ ചുവന്നതൊപ്പിയിൽ നിരപരാധികളായ രാമഭക്തരുടെ രക്തം പുരണ്ടിരിക്കുന്നു’ എന്നുള്ള ആദിത്യനാഥിന്റെ വാക്കുകളും ഈ ശ്രമത്തിന്റെ ഭാഗമാണ്. കലാപങ്ങളിൽ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ രക്തത്തിന്റെ നിറമാണ് സമാജ്‌വാദി പാർടിയുടെ തൊപ്പിക്ക്’ എന്നുകൂടി ഗാസിയാബാദിൽ പ്രസംഗിക്കവെ ആദിത്യനാഥ് പറഞ്ഞുവച്ചു.
മറുവശത്ത് ജനങ്ങൾ കരിങ്കൊടികളുമായാണ് ബിജെപി സ്ഥാനാർഥികളെ സ്വീകരിക്കുന്നത്. പടിഞ്ഞാറൻ യുപിയിൽ കഴിഞ്ഞദിവസങ്ങളിൽ പന്ത്രണ്ടിലേറെ ഇടത്ത് ഇത്തരം സംഭവങ്ങളുണ്ടായി. പ്രതിഷേധിക്കുന്നവർക്കുനേരെ പൊലീസ് കേസെടുക്കുന്നുണ്ട്.ഗംഗാനദിയുടെ പടിഞ്ഞാറൻ തീരത്ത് വടക്ക് ഉത്തരാഖണ്ഡിനെ അതിരിടുന്ന സഹരൻപ്പുർമുതൽ തെക്ക് ആഗ്രവരെ നീളുന്ന പടിഞ്ഞാറൻ യുപിയിലെ എഴുപതോളം സീറ്റ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗതിനിർണയിക്കുന്നതിൽ നിർണായകമാകും.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പടിഞ്ഞാറൻ യുപി പൂർണമായും ബിജെപിയെ തുണച്ചു. പ്രബല ജാതിവിഭാഗമായ ജാട്ടുകളുടെ പിന്തുണയാണ് ബിജെപിയെ തുണച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങളും അതിനെതിരായ ഐതിഹാസിക കർഷക പ്രക്ഷോഭവും സമവാക്യങ്ങൾ മാറ്റിമറിച്ചു. ജാട്ടുകൾ ബിജെപിയോട് അകലുന്ന കാഴ്‌ചയാണ് പടിഞ്ഞാറൻ യുപിയിൽകാണാന്‍ കഴിയുന്നത്പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലമാണ് 14ന് ആദ്യ ഘട്ടത്തിൽ ബൂത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 സീറ്റിൽ ജയം ബിജെപിക്ക്. എസ്‌പിയും ബിഎസ്‌പിയും രണ്ടുവീതം സീറ്റും ആർഎൽഡി ഒരു സീറ്റുംനേടി. എസ്‌പി–ആർഎൽഡി സഖ്യത്തിൽ മത്സരിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല.
2012ൽ കോൺഗ്രസിന് അഞ്ച് സീറ്റുണ്ടായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ 16 ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചിടത്ത് എസ്‌പി–- ബിഎസ്‌പി സഖ്യത്തിന് ജയിക്കാനായി. എന്നാൽ, സഖ്യത്തിന്റെ ഭാഗമായിരുന്ന ആർഎൽഡി മത്സരിച്ച മൂന്നിടത്തും തോറ്റു. ജാട്ടുകൾക്ക് ആധിപത്യമുള്ള മേഖലയായി പൊതുവിൽ വിശേഷിക്കപ്പെടുമെങ്കിലും ദളിത് ജാട്ടവ്–- മുസ്ലിം വോട്ടുകളും ഇവിടെ നിർണായകം. ജാട്ട് വോട്ടുകൾക്കൊപ്പം ദളിത് വോട്ടുകളും സമാഹരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നിലെത്തിയത്. കർഷകസമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വ്യത്യസ്‌തമാണ്. ജാട്ടുകളിൽ നല്ലൊരു പങ്ക് ബിജെപിക്ക് എതിരായി.
ഒബിസി അവകാശവാദം, കരിമ്പ് കർഷകരോടുള്ള അവഗണന, ഉയർന്ന വൈദ്യുതി നിരക്ക്, ഇന്ധന വിലവർധന, തൊഴിലില്ലായ്‌മ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങളും ജാട്ട് വിഭാഗങ്ങൾ ഉയർത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ എസ്‌പി–- ബിഎസ്‌പി-കോൺഗ്രസ് പാർടികളിലായി ചിതറാറുണ്ടെങ്കിലും ഇക്കുറി എസ്‌പി-ആർഎൽഡി സഖ്യത്തിനൊപ്പം അടിയുറച്ച സ്ഥിതിയാണ്. എന്നാൽ, ‘ജാദവ’ വോട്ടുകളുടെ ഒഴുക്ക് ഏത് ദിശയിലെന്നത് പ്രവചനാതീതം. ഈ വോട്ടുകൾ നേടാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും മായാവതി രംഗത്തിറങ്ങിയതോടെ സാധ്യത മങ്ങി. ജാതി-മത സമവാക്യങ്ങൾ മാറ്റിനിർത്തിയാലും യോഗി സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം പടിഞ്ഞാറൻ യുപിയിൽ ശക്തം.
ഇത് എസ്‌പി-ആർഎൽഡി സഖ്യത്തിന് അനുകൂലമായ വോട്ടായാൽ ബിജെപിക്ക് അടിതെറ്റും. മന്ത്രിമാരടക്കം പല മണ്ഡലത്തിലും ബിജെപി സ്ഥാനാർഥികൾക്കെതിരായി ഉയരുന്ന പ്രതിഷേധം ഇതിന്റെ സൂചനയായി കാണാം.സർക്കാർനയത്തിന്റെ ഫലമായി കന്നുകാലികൾ പെരുകിയതും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ എണ്ണം വർധിച്ചതും കർഷകർക്ക് വിനാശകരമായി. വിളകൾ തിന്നുതീർക്കുന്ന കന്നുകാലികളെ നേരിടാൻ കഴിയാതെ ചെറുകിട, നാമമാത്ര കർഷകർ പ്രതിസന്ധിയിലാണ്. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കേന്ദ്രസർക്കാരും യുപി സർക്കാരും നിരാകരിച്ചതും പിന്നാക്കവിഭാഗങ്ങളിൽ രോഷം പടർത്തി.
യുപിയിൽ ഭരണം കിട്ടിയാൽ മൂന്ന് മാസത്തിനകം ജാതിസെൻസസ് നടത്തുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ബിജെപിയുടെ സാമൂഹ്യ, രാഷ്‌ട്രീയ നിലപാടുകൾ ദളിത്, പിന്നാക്ക, ന്യൂനപക്ഷവിഭാഗങ്ങളുടെ പുരോഗതിക്ക് പ്രതിബന്ധമാണെന്ന തിരിച്ചറിവ് വളർന്നു.മതനിരപേക്ഷ രാഷ്‌ട്രീയം. ജാട്ട്–-മുസ്ലിം വിഭജനത്തിന് കർഷകപ്രക്ഷോഭം അന്ത്യംകുറിച്ചു. ജാട്ട് കർഷകരെ വർഗീയമായി ചൂഷണംചെയ്‌ത് കൂടെ നിർത്തുന്ന തന്ത്രം പൊളിഞ്ഞതിന്റെ ഇച്ഛാഭംഗത്തിലാണ് ബിജെപി. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ നരേഷ് ടിക്കായത്ത് എസ്‌പി സഖ്യത്തിനു പിന്തുണയുമായി പ്രചാരണത്തിൽ സജീവമാണ്. 18 ജില്ലയിൽ ബികെയു പിന്തുണ എസ്‌പി സഖ്യത്തിന് നിർണായക മേൽക്കൈ നൽകും. ഇതു മനസ്സിലാക്കിയാണ് എസ്‌പി സഖ്യത്തിൽനിന്ന് ആർഎൽഡിയെ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നത്.
ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി ബിജെപിയുടെ ക്ഷണത്തെ കൈയോടെ തള്ളിയിട്ടുണ്ട്. കർഷകപ്രക്ഷോഭത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും ബഹുസ്വരതയും യുപിയിൽ രാഷ്‌ട്രീയമാറ്റത്തിനും സാധ്യത തുറന്നിരിക്കുകയാണ്. ഹിന്ദുത്വരാഷ്‌ട്രീയത്തിനെതിരെ സാമൂഹ്യനീതിയുടെ രാഷ്‌ട്രീയം കടന്നുവരാൻ വഴിയൊരുങ്ങി. ഈ പാതയിൽ എസ്‌പി സഖ്യത്തിന് എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന് മാത്രമാണ് അറിയാനുള്ളത്.ഭരണരാഷ്‌ട്രീയനേതൃത്വത്തിലെ പ്രമുഖ സ്ഥാനങ്ങൾ ഠാക്കൂർവിഭാഗം കൈയടക്കി. ഇതിൽ പ്രകോപിതരായ ഇതര മേൽജാതിക്കാരെ അനുനയിപ്പിക്കാൻ ബിജെപി ചില നീക്കങ്ങൾ നടത്തി
കോൺഗ്രസിൽനിന്ന് ജിതിൻ പ്രസാദയെ ബിജെപിയിൽ എത്തിക്കുകയും അജയ് മിശ്രയ്‌ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകുകയും ചെയ്‌തു. ലഖിംപുർ ഖേരി കൂട്ടക്കൊലയോടെ അജയ് മിശ്ര ബിജെപിക്ക് ബാധ്യതയുമായി. അജയ് മിശ്രയുടെ കാര്യത്തിൽ മധുരിച്ചിട്ട് തുപ്പാൻ വയ്യ, കയ്‌ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് ബിജെപി. കൂടാതെ, ഹിന്ദുത്വപദ്ധതി ന്യൂനപക്ഷങ്ങളെ മാത്രമല്ല, ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും കൂടി പാർശ്വവൽക്കരിക്കുമെന്ന് പൊതുവെ ബോധ്യപ്പെട്ടു. അതിനാല്‍ ബിജെപിക്ക് ഇത്തവണ ഏറെ ദുര്‍ഘടമായിരിക്കുന്നു. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി ഏറെ മുന്നേറിയിരിക്കുന്നത്.സമാജ്‌വാദി പാർടിയുടെ മാറിയ മുഖവും പ്രവർത്തനശൈലിയും പ്രചാരണത്തിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്.
പഴയ സോഷ്യലിസ്‌റ്റ് പരിവാർ പാരമ്പര്യമുള്ള പാർടിയാണെങ്കിലും കുടുംബാധിപത്യം നിലനിൽക്കുന്നുവെന്ന ദുഷ്‌പേര് ഇവരെ കാര്യമായി അലട്ടിയിരുന്നു. മുസ്ലിങ്ങളുടെ പിന്തുണയുള്ള യാദവപാർടിയെന്ന പ്രതിച്ഛായയും എസ്‌പിയെ പിന്തുടർന്നു. 2017ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർടിയുടെ നിർണായക പദവികളിലെല്ലാം മുലായം സിങ് യാദവിന്റെ കുടുംബാംഗങ്ങളായിരുന്നു. മകൻ അഖിലേഷ് യാദവ് മുഖ്യമന്ത്രി. മുലായം, അഖിലേഷിന്റെ ഭാര്യ ഡിംപിൾ, കുടുംബാംഗങ്ങളായ ധർമേന്ദ്ര യാദവ്, തേജ് പ്രതാപ് സിങ് യാദവ് തുടങ്ങിയവർ എംപിമാർ. ബിജെപി ഈ സ്ഥിതി നന്നായി ഉപയോഗിച്ചു. എസ്‌പി–-കോൺഗ്രസ് സഖ്യത്തെ കുടുംബപാർടികളുടെ കൂട്ടായ്‌മയായി വിശേഷിപ്പിച്ചു. തീവ്ര ഹിന്ദുത്വപ്രചാരണം, ജാതികളുടെ ഏകോപനം എന്നിവയ്‌ക്കൊപ്പം എസ്‌പിയുടെ ഈ പരാധീനതയും കഴിഞ്ഞ തവണ വോട്ടർമാരെ സ്വാധീനിച്ചു.
ഈ ദൗർബല്യം മറികടക്കാൻ ഇത്തവണ പാർടി അധ്യക്ഷൻ അഖിലേഷ് കാര്യമായി ശ്രമിച്ചു. നിലവിൽ മുലായം കുടുംബത്തിൽനിന്ന് അഖിലേഷ് മാത്രമാണ് പാർടിയെ നിയന്ത്രിക്കുന്നത്. പൊതുവേദികളിലും കുടുംബാംഗങ്ങളായ മറ്റുള്ളവർ പ്രത്യക്ഷപ്പെടുന്നില്ല. അതേസമയം, മുലായത്തിന്റെ സഹോദരൻ ശിവ്‌പാൽ യാദവുമായുള്ള പിണക്കം അഖിലേഷ് പരിഹരിക്കുകയും ചെയ്‌തു. മുലായത്തിന്റെ ഇളയമകൻ പ്രതീക്കിന്റെ ഭാര്യ അപർണ യാദവ് ബിജെപിയിലേക്ക് പോയത് അഖിലേഷിന് യഥാർഥത്തിൽ ഗുണകരമായി. 2017ൽ എസ്‌പി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട അപർണയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്‌നാഥ് മഠവുമായി ബന്ധമുള്ളവരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപർണ പലതവണ പരസ്യമായി പ്രശംസിച്ചിരുന്നു. അപർണയുടെ നിലപാടുകൾ എസ്‌പിയെ പലപ്പോഴും വിഷമവൃത്തത്തിലാക്കിയിരുന്നു. ഇനി ഈ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് എസ്‌പി. മുതിർന്ന മൂന്ന് മന്ത്രിമാരും ഡസനോളം എംഎൽഎമാരും പാർടി വിട്ട് എസ്‌പിയിൽ ചേർന്നതിന്റെ ക്ഷീണം തീർത്തുവെന്ന ഭാവത്തിലാണ് ബിജെപി അപർണയെ വരവേറ്റത്. എന്നാൽ എസ്‌പിക്ക് പുതിയ മുഖം നൽകാൻ ശ്രമിക്കുന്ന അഖിലേഷിന് ഇതു സന്തോഷകരമായ നഷ്‌ടമായി.
വാർത്താസമ്മേളനങ്ങളിലും പൊതുസമ്മേളനങ്ങളിലും അഖിലേഷ് പങ്കെടുക്കുന്നത് ഓം പ്രകാശ് രാജ്‌ഭർ, രാം അചൽ രാജ്‌ഭർ, സ്വാമി പ്രസാദ് മൗര്യ, ധാരാസിങ് ചൗഹാൻ എന്നീ നേതാക്കൾക്കൊപ്പമാണ്. യാദവപാർടിയെന്ന പ്രതിച്ഛായ മറികടക്കാൻ എസ്‌പിക്ക് കഴിഞ്ഞിരിക്കുന്നു. പിന്നാക്കവിഭാഗങ്ങളിൽത്തന്നെ താഴെത്തട്ടിൽ നിൽക്കുന്നവരുടെയും പിന്തുണ നേടുകയാണ് എസ്‌പിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് അധികാരം പിടിച്ചെടുത്തശേഷം ആദിത്യനാഥിനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയാക്കിയ ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് മുന്നിൽവച്ച ജാതിസഖ്യസങ്കൽപ്പത്തെ നിരാകരിക്കുകയാണ് ചെയ്‌തത്. ഹിന്ദുത്വം കലർത്തിയ താക്കൂർഭരണമാണ് ജനങ്ങൾ കണ്ടത്. ബിജെപിയും , ആദിത്യനാഥും ഉയര്‍ത്തുന്ന പച്ചയായ വര്‍ഗ്ഗീയതക്ക് കനത്ത തിരിച്ചടിയായിരിക്കും തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നു വിലയിരുത്തുന്നു.
Englihs Sumamry: Uttar Pradesh Assembly election campaign in full swing; BJP issues communal card
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.