
ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം എട്ടായി. അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞാണ് അപകടമുണ്ടായത്. 54 തൊഴിലാളികളായിരുന്നു വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ടത്. 46 പേരെ രക്ഷപ്പെടുത്തി.
കരസേന, വ്യോമസേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഡല്‍ഹിയില്‍ നിന്നെത്തിച്ച ഗ്രൗണ്ട്-പെനെട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് സ്നിഫര്‍ ഡോഗുകള്‍, ഡ്രോണുകള്‍, തെര്‍മ്മല്‍ ഇമേജിങ് കാമറകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരുന്നു. പട്രോളിങ്ങിനും തിരച്ചിലിനുമായി മൂന്ന് സൈനിക യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
വെള്ളിയാഴ്‌ചയാണ് മനയ്ക്കും ബദരീനാഥിനുമിടയിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമുണ്ടായ കനത്ത ഹിമപാതത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ 55 പേരെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ അനധികൃതമായി അവധിയിലായിരുന്നു. ഇയാള്‍ സുരക്ഷിതമായി സ്വന്തം വീട്ടിലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ‑ടിബറ്റ് അതിർത്തിയിലെ 3,200 മീറ്റർ ഉയരത്തിലുള്ള അവസാന ഗ്രാമമാണ് മന. രക്ഷപ്പെടുത്തിയവരില്‍ 45 പേര്‍ ജ്യോതിര്‍മഠിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
നട്ടെല്ലിന് ക്ഷതമേറ്റ ഒരാളെ ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.