
ഒഡിഷയിലെ നിയമസഭാംഗങ്ങള്‍ പുതുവത്സരാഘോഷം മോടിയാക്കുന്നതിനു മുന്നോടിയായി എടുത്ത വിവാദ തീരുമാനം പിന്‍വലിക്കുന്നു. തങ്ങളുടെ ശമ്പളവും അലവന്‍സും മൂന്നിരട്ടിയായി വര്‍ധിപ്പിക്കുന്ന നാല് ബില്ലുകള്‍ ഏകകണ്ഠമായി നിയമസഭ പാസാക്കിയിരുന്നു. മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നിയമസഭാംഗങ്ങളായും ഒഡിഷ എംഎല്‍മാര്‍ മാറിയിരുന്നു. എന്നാല്‍ കടുത്ത പൊതുജന രോഷം ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. തിരിച്ചടി ഭയന്ന് ഭരണകക്ഷിയായ ബിജെപിയും രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികളായ ബിജു ജനതാദളും (ബിജെഡി) കോൺഗ്രസും വിഷയത്തിൽ പുനർവിചിന്തനം നടത്താൻ നിർബന്ധിതരായി. ജനവികാരം കണക്കിലെടുത്ത് വർധനവ് പുനഃപരിശോധിക്കണമെന്ന് ബിജെപി, ബിജെഡി അംഗങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളും വർധനവ് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടു.
ബില്ലുകൾക്ക് പിന്നിൽ പ്രവർത്തിച്ച് സഭയിൽ വിജയകരമായി അവതരിപ്പിച്ച സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ദേശീയ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.11 ലക്ഷം രൂപയിൽ നിന്ന് 3.45 ലക്ഷം രൂപയായും, മുഖ്യമന്ത്രിയുടെ ശമ്പളം 98,000 രൂപയിൽ നിന്ന് 3.74 ലക്ഷം രൂപയായും, മന്ത്രിമാരുടെ ശമ്പളം 97,000 രൂപയിൽ നിന്ന് 3.58 ലക്ഷം രൂപയായും, സ്പീക്കറുടെയും ഉപമുഖ്യമന്ത്രിയുടെയും ശമ്പളം 97,500 രൂപയിൽ നിന്ന് 3.68 ലക്ഷം രൂപയായും ഉയര്‍ത്തിയിരുന്നു. കാബിനറ്റ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും നിലവിലുള്ള 97,000 രൂപയിൽ നിന്ന് 3.62 ലക്ഷം രൂപ ലഭിക്കും. മുൻ എംഎൽഎമാരുടെ പെൻഷൻ നിലവിലുള്ള 30,000 രൂപയിൽ നിന്ന് 80,000 രൂപയായി പരിഷ്കരിച്ചു, കൂടാതെ യാത്രാ അലവൻസും പുതുക്കിയ മെഡിക്കൽ അലവൻസും ഉള്‍പ്പെടെ 1,25,000 രൂപ അവർക്ക് ലഭിക്കും. 2024 ജൂൺ അഞ്ച് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ വർധനവ് ഖജനാവിന് 43 കോടി രൂപയുടെ അധിക ബാധ്യത വരുത്തും.
സിപിഐ(എം) എംഎൽഎ ലക്ഷ്മൺ മുണ്ട മാത്രമാണ് തുടക്കത്തിലേ ശമ്പള വർധനവിനെ എതിർത്തത്. എന്നാൽ ബില്ലുകൾ പാസാക്കിയപ്പോൾ അദ്ദേഹം സംസ്ഥാന നിയമസഭയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതോടെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക് തന്റെ ശമ്പള വർധനവ് അംഗീകരിക്കാൻ വിസമ്മതിക്കുകയും സംസ്ഥാനത്തെ ദരിദ്ര ജനങ്ങളുടെ ക്ഷേമത്തിനായി അത് ചെലവഴിക്കണമെന്ന് സർക്കാരിനോട് കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സർക്കാരിനെതിരായ വിമർശനം ശക്തമായി. ഇതോടെ ബിജെപി നേതാക്കൾ പാർട്ടി ഓഫീസിൽ യോഗം ചേർന്ന് മുഖ്യമന്ത്രി മോഹന്‍ മാജിയോട് വർധനവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. ഒരു ദിവസത്തിനുശേഷം ബിജെഡി നേതാക്കളും സമാനമായ അഭ്യർത്ഥന നടത്തി, ഇതോടെ തീരുമാനം പിന്‍വലിക്കാനും ധാരണയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.