17 November 2024, Sunday
KSFE Galaxy Chits Banner 2

വൈക്കം സത്യഗ്രഹം — നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ്

കാനം രാജേന്ദ്രൻ
March 11, 2023 4:30 am

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക വികാസ പരിണാമങ്ങളിൽ സമാനതകൾ ഇല്ലാത്ത ഐതിഹാസിക സമര ചരിത്രമാണ് 1924ൽ നടന്ന വൈക്കം സത്യഗ്രഹ സമരം. സാമൂഹികമായ ഒരു അനാചാരത്തിന്റെ പരിഹാരത്തിനുള്ള പോരാട്ടം എന്ന നിലയിൽ സത്യഗ്രഹം അതിന്റെ എല്ലാ തലത്തിലും പരീക്ഷിക്കപ്പെട്ട മണ്ണാണ് വൈക്കത്തിന്റേത്. രാഷ്ട്രീയ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സംഘടിതമായ രീതിയിൽ സാമൂഹ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങൾ കേരളത്തിൽ വേരൂന്നിയിരുന്നു. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം ആയിരുന്നു ഇതിൽ ആദ്യത്തേത്. കീഴാള ജനതയായി ഗണിക്കപ്പെട്ട ചാന്നാർ സ്ത്രീകൾക്ക് മനുഷ്യോചിതമായി മാറുമറച്ച് വസ്ത്രം ധരിക്കുവാൻ അവകാശം ഉണ്ടായിരിക്കണം എന്നതായിരുന്നു ആ സമരത്തിന്റെ ലക്ഷ്യം. എന്നാൽ ജാതിവ്യവസ്ഥയെ മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു സമരമായി അത് പരിവർത്തനം ചെയ്യപ്പെടുകയുണ്ടായില്ല. പക്ഷേ 1888ൽ ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ ജാതിവ്യവസ്ഥയുടെ ഏറ്റവും മൗലികമായ പ്രമാണത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു. ഇത് കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പകർന്ന ഊർജം ചെറുതല്ല. ആചാര പരിഷ്കരണങ്ങളിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും നവോത്ഥാന നായകർ അത് അനുസ്യൂതം തുടർന്നു വന്നു. മനുഷ്യസമത്വവും സാമൂഹ്യനീതിയും അവഗണിക്കുന്ന ജാതിബദ്ധമായ ഒരു സമൂഹത്തിൽ നിലനിൽക്കാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ ആയ കേരളീയ സമൂഹത്തെ നവോത്ഥാന പന്ഥാവിലേക്ക് വഴികാട്ടിയത് ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ, പൊയ്കയിൽ യോഹന്നാൻ, ഡോ. വേലുക്കുട്ടി അരയൻ, പണ്ഡിറ്റ് കറപ്പന്‍ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ ആയിരുന്നു. പിന്നാക്ക വിഭാഗങ്ങളിലും അതുപോലെ തന്നെ സവർണ വിഭാഗത്തിലും ഉൾപ്പെട്ട ഉത്പതിഷ്ണുക്കളുടെ ലക്ഷ്യം തന്നെ ജാതി സമ്പ്രദായത്തിന്റെ മതിൽക്കെട്ടുകളെ തകർക്കുക, ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. കേരളത്തിൽ ജാതി ചിന്തകളുടെ പേരിൽ കെട്ടിപ്പൊക്കിയ വിവേചനങ്ങൾ ഓരോന്നായി അടർന്നു വീഴുന്നതിന് തുടക്കമിട്ട സമരം കൂടിയാണ് വൈക്കം സത്യഗ്രഹം. ഇത്തരം സമരങ്ങളുടെ പൈതൃകം നിലനിർത്തി എന്നതാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ചത്. സമര സത്യഗ്രഹ പോരാട്ടങ്ങളുടെ അനുകരണീയ മാതൃകകൾ ഉൾക്കൊണ്ട് സാമൂഹിക പരിവർത്തനത്തിനും അധഃകൃത വിഭാഗങ്ങളുടെ മോചനത്തിനും പണിയെടുക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശ പോരാട്ടങ്ങളെ നയിക്കാനും ദേശീയ പ്രസ്ഥാനത്തിലെ പുരോഗമന ഇടതു ചേരികൾക്കും വിശിഷ്യ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ അടിത്തറയുടെ രാഷ്ട്രീയ ഉല്പന്നമാണ് 1957ലെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റ്. അതുവരെ കേരളീയ സമൂഹം നേടിയെടുത്ത എല്ലാ നവോത്ഥാന രാഷ്ട്രീയ മൂല്യങ്ങളും ചേർത്തുപിടിച്ചു കൊണ്ടാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരള സംസ്ഥാനത്തിന് അടിത്തറ ഇട്ടത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വളരെ ദീർഘവീക്ഷണത്തോടെയുള്ള ഭരണ നടപടികൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. കാർഷിക പരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, സാമൂഹിക സുരക്ഷാ ഇങ്ങനെ എല്ലാ രംഗത്തും വൻ നേട്ടങ്ങൾ കൈവരിച്ചു.


ഇതുകൂടി വായിക്കൂ: ചെത്തുതൊഴിലാളികളെ ആക്ഷേപിച്ച് വീണ്ടും സുരേന്ദ്രന്‍


നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും അതിന്റെ ലക്ഷ്യങ്ങൾക്കും തുടർച്ചയുണ്ടായി. ശ്രീനാരായണഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും സി വി കുഞ്ഞിരാമൻ, ടി കെ മാധവൻ തുടങ്ങിയ ഊർജസ്വലരായ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രവർത്തകരുടെയും ശ്രമഫലമായി പൗരാവകാശ സംബന്ധിയായ ചർച്ചകൾക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിച്ചു. ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, ഇ വി രാമസ്വാമി നായ്ക്കർ, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹാരഥന്മാർ നേരിട്ട് ഇടപെട്ട അഭൂതപൂർവമായ ചരിത്രം കൂടി വൈക്കം സത്യഗ്രഹത്തിനു അവകാശപ്പെട്ടതാണ്. 1865ലാണ് തിരുവിതാംകൂറിലെ എല്ലാ പൊതുനിരത്തുകളും ജാതിമതഭേദമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കുമായി തുറന്നുകൊടുത്തത്. എന്നാൽ അതിനു ശേഷം ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിൽനിന്നും വിഭിന്നമായിരുന്നു വൈക്കം മഹാദേവക്ഷേത്ര പരിസരം. ക്ഷേത്രപരിസരത്തെ നാലു നിരത്തുകളിലും അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുണ്ടായി. ശ്രീനാരായണഗുരുവിന് പോലും വിലക്ക് നേരിടേണ്ടതായിവന്നു. 1923 കാക്കിനാട സമ്മേളനത്തിൽ ടി കെ മാധവന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സമ്മേളനം അയിത്തത്തിനെതിരായ സത്യഗ്രഹത്തിന് കോൺഗ്രസ് അനുമതി നൽകി. വൈക്കം സത്യഗ്രഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 1924 സെപ്റ്റംബർ 27ന് ശ്രീനാരായണഗുരു സമരവേദിയിൽ വന്നത് സമരാനുകൂലികൾക്ക് വലിയ ആവേശം പകരുന്നതായിരുന്നു.
1925 മാർച്ചിൽ ആണ് ഗാന്ധിജി വൈക്കത്ത് എത്തി ചരിത്രപ്രധാനമായ ഇണ്ടംതുരുത്തി മനയിൽ വച്ച് ജാതീയമായി തുടരുന്ന ഉച്ചനീചത്വങ്ങൾക്കെതിരായി ചർച്ചയിലേർപ്പെട്ടത്. അവർണരെ പടിക്ക് പുറത്തു നിർത്തിയിരുന്ന പാരമ്പര്യമായിരുന്നു ഇണ്ടംതുരുത്തി മനക്കുണ്ടായിരുന്നത് . വൈക്കത്തെ 48 ഇല്ലങ്ങളുടെ മേൽക്കോയ്മ ഇണ്ടം തുരുത്തി മനയിലെ കാരണവർ നീലകണ്ഠ നമ്പ്യാതിരിക്ക് ആയിരുന്നു. ഈശ്വര കല്പിതമായ ഒരു നീതിയെയാണ് തങ്ങൾ കാത്തുസൂക്ഷിക്കുന്നത് എന്ന് യാഥാസ്ഥികന്മാരായ ബ്രാഹ്മണർ വിശ്വസിച്ചു പോന്നിരുന്നു. ഇണ്ടംതുരുത്തി മന സന്ദർശിച്ച വേളയിൽ ഗാന്ധിജിക്ക് ഇത് നേരിട്ട് ബോധ്യപ്പെടുകയുമുണ്ടായി.


ഇതുകൂടി വായിക്കൂ: അപചരിത്രബോധം തലയ്ക്കു പിടിക്കരുത്


അയിത്ത ജാതിക്കാർ അയിത്ത ജാതികളിൽ ജനിച്ചത് മുൻ ജന്മങ്ങളിൽ ചെയ്ത പാപ കർമ്മങ്ങളുടെ ഫലമായിട്ടാണെന്നും അവർ ഈ ജന്മത്തിൽ ഈശ്വരകല്പിതമായ ശിക്ഷയായ അയിത്തവും മറ്റും അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണെന്നും ആ ശിക്ഷ നടപ്പാക്കാൻ ബ്രാഹ്മണനും രാജാവും നിയുക്തരാണെന്നും ഇണ്ടംതുരുത്തി നമ്പ്യാതിരി ഗാന്ധിജിയോട് വാദിച്ചു. ഹിന്ദുമതത്തിൽ അയിത്തം വിധിച്ചിട്ടില്ലെന്ന് മാത്രമാണ് ഗാന്ധിജിക്ക് പോലും എതിർത്ത് പറയുവാൻ ഉണ്ടായിരുന്നത്. ഗാന്ധിജിയെ പോലും മനക്കകത്ത് പ്രവേശിപ്പിക്കാതെ പുറത്ത് ഒരുക്കിയ പ്രത്യേക പന്തലിൽ ആയിരുന്നു ചർച്ച. മഹാത്മജി അബ്രാഹ്മണനായതിനാൽ പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മനയെ ഗാന്ധിജി സന്ദർശിച്ച വീട് എന്ന തരത്തിൽ പ്രചരിപ്പിക്കുകയും ഇന്നത് സിപിഐ പാർട്ടി ഓഫിസ് ആണെന്നും ഈ മനയെ തൊഴിലാളി യൂണിയനിൽ നിന്ന് ഏറ്റെടുത്ത് പഴയപടി ആക്കണം എന്നുമാണ് ബിജെപി വാദം. ബ്രാഹ്മണ്യം കൊടികുത്തി വാണിരുന്ന, സാധാരണക്കാർക്ക് പൊതുനിരത്തുകൾ നിഷേധിച്ചിരുന്ന, അവർണർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന അതേ ജാതി പ്രമാണിമാരുടെ മനയാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം.
ചാതുർവർണ്യത്തിന്റെ പേരിൽ ജാതിയും ഉപജാതിയും തിരിച്ച് സമൂഹത്തിൽ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് പൊതുനിരത്തുകൾ നിഷേധിക്കുകയും സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പാടില്ല, അവർണർക്ക് പള്ളിക്കൂടത്തിന്റെ വരാന്തയിൽ പോലും പ്രവേശിക്കാൻ പാടില്ല, തുടങ്ങി മനുഷ്യാന്തസിനെ ചോദ്യം ചെയ്യുന്ന ജാതീയ വ്യവസ്ഥിതികളെ പോരാടി തോല്പിച്ച കേരളീയ നവോത്ഥാന പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കുംമേൽ കരിനിഴൽ വീഴ്ത്തുന്ന നിലപാടുകളാണ് ബിജെപിയും സംഘ്പരിവാര ശക്തികളും കൈക്കൊള്ളുന്നത്. മതഭ്രാന്തും വർഗീയ വിഷവും ചേർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ എല്ലാ വഴികളും ബിജെപി തേടുകയുണ്ടായി. കേന്ദ്രസർക്കാരിനെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ ആകമാനം ഇകഴ്ത്തി കാണിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. നരേന്ദ്രമോഡി നേതൃത്വം നൽകുന്ന എൻഡിഎ ഗവൺമെന്റ് സമാന്തരമായി വലതുപക്ഷ വർഗീയ ശക്തികളെ അഴിഞ്ഞാടാൻ കയറൂരി വിട്ടിരിക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണിയായിരിക്കുകയാണ്. സാമ്പത്തിക പരമാധികാരം, മതേതരത്വം, നിയമവാഴ്ച, പാർലമെന്ററി ജനാധിപത്യ സംവിധാനം തുടങ്ങി ജനങ്ങൾ ഇതുവരെ നേടിയെടുത്തിട്ടുള്ള എല്ലാ നേട്ടങ്ങളും അപകടാവസ്ഥയിലാണ്. ഇതിനെതിരെയുള്ള ജനകീയ ചെറുത്തുനില്പിന് തയ്യാറാക്കേണ്ട ജനതയെ സംഘ്പരിവാർ സംഘടനകൾ ഹിന്ദു വർഗീയത ഉയർത്തി ഭിന്നിപ്പിക്കുകയാണ്.


ഇതുകൂടി വായിക്കൂ: അപചരിത്രബോധം തലയ്ക്കു പിടിക്കരുത്


നമ്മുടെ മഹത്തായ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളും ബഹുസ്വരതയേയും തുടച്ചുനീക്കാനുള്ള തീവ്ര ശ്രമത്തിലാണവർ. ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് വീക്ഷണവും ഇന്ത്യയുടെ ദേശീയ ഐക്യത്തിനും നമ്മുടെ ജനതയുടെ സാഹോദര്യത്തിനും അധ്വാനിക്കുന്ന ജനതയുടെ വർഗ ഐക്യത്തിന് നേരെയും ഭരണകൂടം നിരന്തരം വാളോങ്ങുന്നു. രാജ്യത്തെ ദളിതരും മതന്യൂനപക്ഷങ്ങളും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും കലർന്ന കുപ്രചാരണങ്ങൾ, ജാതിയുടെ പേരിലും ഗോരക്ഷയുടെ പേരിലും നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ എന്നിവ ഇന്ത്യയുടെ നേർച്ചിത്രമാണ് കാണിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം എന്ന സങ്കല്പത്തിന് യാതൊരു വിലയും ഭരണകൂടം കല്പിച്ചു നൽകുന്നില്ല. മനുസ്മൃതിയിൽ അധിഷ്ഠിതമായ മത വർഗീയ ദേശീയതയാണ് ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയമീമാംസ. മനുസ്മൃതിയെ വെള്ളപൂശി ഹൈന്ദവ ഐക്യം സൃഷ്ടിച്ച് ഹിന്ദു രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ബിജെപിയുടെ ഭരണത്തിൽ ദളിതരുടെയും ആദിവാസികളുടെയും സ്ഥാനം രണ്ടാം കിട പൗരന്മാരുടെതിനു സമാനമാണ്. ഹിന്ദുത്വം വിഭാവനം ചെയ്യുന്ന സാമൂഹിക ഘടകങ്ങൾക്ക് ആധാരം ജാതിയാണെങ്കിൽ അതിനെ സ്ഥിരപ്പെടുത്തുന്നത് മനുസ്മൃതിയാണ്. ദളിതർക്കും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളുടെ ദയനീയമായ അവസ്ഥ മനുഷ്യ മനഃസാക്ഷിക്ക് മുമ്പിൽ ഒരു ചോദ്യചിഹ്നമാണ്. ദളിതരെ ചുട്ടുകൊല്ലുന്ന, പശുവിന്റെ പേരിൽ തൂക്കിലേറ്റുന്ന അവസ്ഥാവിശേഷം സംഘ്പരിവാറിന്റെ സവർണ ഹിന്ദുത്വ ഭരണത്തിൽ ദളിതരുടെ സ്ഥാനം അടയാളപ്പെടുത്തുന്നു. ദളിത് ആദിവാസി വിഭാഗങ്ങൾക്കെതിരെ നടക്കുന്ന കൊലപാതകം, ബലാത്സംഗം തുടങ്ങിയ അതിക്രമങ്ങളിൽ ആർഎസ്എസ്-ബിജെപിയുടെ നേതാക്കൾ, എംഎൽഎമാർ എന്നിവർ പ്രതികളായി വരുന്നു. ഉന്നത ജാതിയിൽ പെട്ടവർക്ക് ഇത്തരം കേസുകളിൽ സർക്കാർ പരസ്യമായി പിന്തുണ നൽകാനും കേസുകളെ ദുർബലപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഹത്രാസിലെ പെൺകുട്ടിയുടെ അവസ്ഥ ഈ അവസരത്തിൽ ദുഃഖത്തോടെയല്ലാതെ ഓർക്കാൻ കഴിയുകയില്ല. മതേതര ഇന്ത്യയുടെ നിലനില്പിനായി വർഗീയ ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കും മതേതര കക്ഷികൾക്കും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ചിന്തകൾ പ്രചോദനം നൽകും. വൈക്കം സത്യഗ്രഹത്തിന്റെ പൈതൃകത്തെ പുത്തൻ തലമുറ ഏറ്റുവാങ്ങി മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.