23 January 2026, Friday

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു; കോട്ടയം മെഡിക്കല്‍ കോളജിന് വിജയം

Janayugom Webdesk
കോട്ടയം
February 6, 2023 10:19 pm

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. ഇതാദ്യമായാണ് ഇവിടെ ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 

തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കേണ്ട, പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. അയോർട്ടിക് സ്റ്റിനോസിസ് ഉള്ളപ്പോഴും വളരെ ചുരുക്കമായി അയോർട്ടിക് വാൽവിന് ചോർച്ച വരുന്ന അവസ്ഥയിലുമാണ് ടാവി ചെയ്യാറുള്ളത്. പ്രായം കൂടിയവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ എന്നിവരിൽ ഹൃദയം തുറന്നുള്ള (ഓപ്പൺ ഹാർട്ട് സർജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള രോഗികൾക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും. 

മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി എൽ ജയപ്രകാശ്, ഡോ. ആശിഷ് കുമാർ, ഡോ. എൻ ജയപ്രസാദ്, ഡോ. സുരേഷ് മാധവൻ, ഡോ. മഞ്ജുനാഥ്, ഡോ. പി ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്സുമാരായ എലിസബത്ത്, ഗോപിക, ടെക്നീഷ്യന്മാരായ അരുണ, ജിജിൻ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് ടാവിക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. ശങ്കര്‍ മേല്‍നോട്ടം വഹിച്ചു. 

Eng­lish Sum­ma­ry; valve was removed with­out open­ing the heart; Suc­cess for Kot­tayam Med­ical College
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.