24 November 2024, Sunday
KSFE Galaxy Chits Banner 2

യാത്ര അനുഭവം എഴുത്ത്

സൗമ്യ ചന്ദ്രശേഖരന്‍
August 18, 2024 2:01 am

അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് കെ പി സുധീരയുടെ എഴുത്തുകള്‍ പിറവിയെടുക്കുന്നത്. അതുകൊണ്ടാണ് സുധീരയുടെ കൃതികല്‍ നമ്മെ അകംപുറം പൊള്ളിക്കുന്നത്, ഇരുത്തി ചിന്തിപ്പിക്കുന്നത്. അക്ഷരങ്ങള്‍കൊണ്ട് നക്ഷത്രച്ചുവടുകള്‍ തീര്‍ക്കുന്ന കെ പി സുധീര എഴുത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ സൗമ്യാ ചന്ദ്രശേഖരനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു…

എഴുത്ത് സംഘര്‍ഷഭരിതം
*************************
കാൽ നൂറ്റാണ്ടായി എന്റെ എഴുത്തിന്. എഴുത്തു എന്ന് പറഞ്ഞാൽ നമ്മൾ ശരിക്കും ഭൂഗർഭത്തിന് അടിയിൽ നിന്ന് സത്യത്തിന്റെ തെളിനീർ ഉറവ കോരി എടുക്കുന്ന പോലത്തെ അനുഭവമാണ്. അത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ നമ്മൾ ശരിക്കും ഓരോ എഴുത്തുകാരനും എഴുത്തുകാരിയും ഏകാകി ആണല്ലോ. ഏകാകിതയുടെ ദുഃഖമാണ് ശരിക്കും അവർക്ക് എഴുതാനുള്ള ഊർജ്ജം. നമ്മൾ ഒരു മൂലയിൽ ഇരുന്ന് എഴുതുന്നത് കേൾക്കാൻ പുറത്തു ഒരുകൂട്ടം ജനങ്ങൾ ഉണ്ടാവുക എന്നത് എഴുത്തുകാരെ സംബന്ധിച്ചു ചാരിതാർത്ഥ്യമുഉള്ള കാര്യമാണ്. മരണവുമായിട്ടുള്ള മൽപ്പിടുത്തം പോലെയാണ് ഓരോ എഴുത്തും. സഘർഷഭരിതമാണ് എഴുത്ത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ വേണ്ടി നമ്മൾ കതകടയ്ക്കില്ലേ? അതേപോലെ ആത്മഹത്യ ചെയ്യാൻവേണ്ടി കതകടയ്ക്കുന്നവന്റെ വേവലാതിയും സംഭ്രാന്തിയും എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്വർഗവാതിൽ എന്ന നോവൽ എഴുതുമ്പോൾ. മരണമായിരുന്നു അതിലെ വിഷയം. മനുഷ്യന്റെ ഉള്ള് കാണാനുള്ള ഒരു പരിശ്രമമാണ് എന്റെ എഴുത്ത്. വസ്ത്രത്തിലും ചർമ്മത്തിനും എല്ലിനും മജ്ജയ്ക്കുമടിയിലുള്ള മനുഷ്യനെ കണ്ടെത്തുക എന്നുള്ളതാണ്. അങ്ങനെ ഒരു കാര്യം ചെയ്യുന്ന സമയത്ത് അവരെ അറിയുവാനും അന്വേഷിക്കുവാനും അവരെ സാംശീകരിക്കാനുമാണ് കാൽനൂറ്റാണ്ടോളം ഞാൻ ശ്രമിച്ചത്.

കൃഷ്ണന്‍ നായരുടെ വിമര്‍ശനം
***************************
വിവാഹത്തിന് ശേഷമാണ് ഞാന്‍ എഴുത്ത് തുടങ്ങിയത്. കല്യാണത്തിന് മുമ്പാണ് എഴുതിയിരുന്നത് എങ്കിൽ എന്റെ അച്ഛനും അമ്മയുമൊക്കെയാവും ആദ്യം എതിർപ്പ് പ്രകടിപ്പിക്കുക. കാരണം നമുക്ക് പലതും എഴുതേണ്ടതായി വരും. ബാങ്ക് തലത്തിലുള്ള ഒരു മത്സരത്തിന് അയച്ച കഥക്ക് ഒരിക്കല്‍ സമ്മാനം കിട്ടി. ആ കഥ ഞങ്ങളുടെ ബാങ്കിലെ ഒരു സ്റ്റാഫ് ദേശാഭിമാനിയിൽ അയച്ചുകൊടുത്തു. ഒരാഴ്ച കഴിഞ്ഞു ദേശാഭിമാനിയിൽ ആ കഥ അച്ചടിച്ചു വന്നു. അയ്യോ എന്തിനാ കൊടുത്തത് എം കൃഷ്ണൻ നായർ ഇനി ഇതിനെ കൊന്നു കൊലവിളിക്കും എന്നൊക്കെ ഞാൻ പറഞ്ഞു. കലാകൗമുദിയിലെ സാഹിത്യവാരഫലത്തില്‍ മൂന്നു നിരീക്ഷണങ്ങൾ എന്ന ഭാഗത്ത് എന്റെ കഥയെ പ്രശംസിച്ച് എഴുതി. കഥയുടെ ഏണും കോണും ചെത്തി മിനുക്കാനുള്ള അവസരം എം കൃഷ്ണൻനായരെ പോലുള്ള വലിയ നിരൂപകർ എന്നെ സഹായിച്ചിട്ടുണ്ട്. ദാമ്പത്യത്തിനെ സുധീര കൈകാര്യം ചെയ്യുന്നത് അഞ്ചു രൂപ നോട്ട് പിച്ചക്കാരന് എറിഞ്ഞു കൊടുക്കുന്നത് പോലെയാണ് എന്ന് മറ്റൊരിക്കല്‍ കൃഷ്ണൻനായർ വിമര്‍ശിച്ചു. അതിൽ നിന്നും നമ്മൾ പാഠം പഠിച്ചു. വീടിനുള്ളിലെ കഥ എഴുതിയാൽ മാത്രം പോര പുറത്തേക്കു നോക്കണം എന്നുള്ള സന്ദേശം അദ്ദേഹം തന്നു. പിന്നെ മൂന്നു നാല് പ്രാവശ്യം കൃഷ്ണൻനായർ എന്നെപ്പറ്റി നന്നായി എഴുതി.

എഴുത്തിന്റെ ജീവന്‍ വായനക്കാര്‍
********************************
വായനക്കാരാണ് ഒരു എഴുത്തുകാരന്റെ അല്ലെങ്കിൽ ഒരു എഴുത്തുകാരിയുടെ ജീവൻ. തുടക്കം മുതലേ എനിക്ക് ഒരുപാട് കത്തുകള്‍ വരുമായിരുന്നു. അങ്ങനെ കത്തുകൾ വരുമ്പോഴാണ് എഴുത്തൊക്കെ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കുന്നത്. അതിൽ എനിക്ക് അത്ഭുതകരമായി തോന്നിയത് ജയിലിൽ നിന്ന് വരുന്ന ഒരു കത്തായിരുന്നു. ബാബുരാജ് എന്ന് പേരുള്ള ആൾ എനിക്ക് ഓരോ ദിവസവും കത്തുകൾ എഴുതുമായിരുന്നു. കത്ത് ഒട്ടിക്കാതെ കൊടുക്കണം. വാർഡൻ വായിച്ചിട്ട് സെൻസർ ചെയ്താവും അയക്കുന്നത്. അഡ്രസ് കൊടുത്താൽ മതി. അയാൾക്ക് ഏതോ ദുർബല നിമിഷത്തിൽ പറ്റിയ തെറ്റാണ്. എന്താണ് എന്ന് പറഞ്ഞില്ല. അത് ചോദിക്കാനും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. രണ്ട് വരിയെ എഴുതുമായിരുന്നുള്ളു. എന്റെ കത്തിനു വേണ്ടി കാത്തു നിൽക്കും. ഞാൻ ചിലപ്പോൾ കഥകൾ അയച്ചു കൊടുക്കും. ചിലപ്പോ പുസ്തകം അയച്ചു കൊടുക്കും. ഒരിക്കല്‍ കോഴിക്കോട് ജില്ലാ ജയിലിൽ പരിപാടി ഉദ്ഘാടനം ചെയ്യാൻ വിളിച്ചു. അത് പുതിയറയിൽ ഞാൻ താമസിക്കുന്ന വീടിന് അടുത്താണ്. നിങ്ങളെക്കാൾ വലിയ കള്ളൻമാർ പുറത്താണ് ഉള്ളത്. ഇവിടെ നിന്ന് പോകുമ്പോൾ നിങ്ങളൊക്കെ അഗ്നിയിൽ വെന്ത് കറ തീർന്ന് സ്വർണംപോലെ പുറത്തു പോകണം എന്ന് ഞാന്‍ അവരോട് പറഞ്ഞു. ആളുകൾ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു. പിന്നീടാണ് ‘അജീവനാന്തം’ എന്ന ജയിൽ നോവൽ എഴുതിയത്. ഓരോ അധ്യായത്തിലും ഓരോ കുറ്റവാളി ആണ്. പലതും നടന്ന സംഭവങ്ങളാണ്.

പ്രണയം
**********
ജീവിതത്തിനും മരണത്തിനും അതീതമായിട്ടുള്ള ഒരു വികാരമാണ് പ്രണയം എന്നാണ് ഞാൻ വിശ്വസിക്കുന്നുത്. ഏതു തലമുറയിലും ഏത് പ്രായത്തിലും നമുക്ക് ജീവിതത്തിനോടും അതുപോലെ ഏതു മനുഷ്യനോടും പ്രണയം തോന്നാം. ഐടിയുടെ കടന്നു വരവോടെ പ്രണയത്തിന് വലിയ വലിയ രൂപപരിണാമം വന്നിട്ടുണ്ട്. പണ്ടൊക്കെ ഒരാളെ മാത്രം പ്രേമിക്കുന്നു, അത് തകർന്നാൽ പിന്നെ നിരാശ കാമുകനോ കാമുകിയോ ആയിട്ട് ജീവിതംതള്ളി നീക്കുന്നു. ഇന്ന് അങ്ങനെയല്ല. കുട്ടികൾ പ്രാക്ടിക്കലാണ്. പ്രേമിക്കാൻ അർഹത ഉണ്ടോ എന്ന് നോക്കിയിട്ടാണ് ഇന്ന് ആൺകുട്ടികളും പെണ്‍കുട്ടികളും പ്രേമിക്കുന്നത്. പെൺകുട്ടി വിചാരിക്കും അവന് തനിക്ക് ഗിഫ്റ്റ് വാങ്ങി തരാനും വില കൂടിയ സംഗതികൾ തരാനും കഴിയുമെന്ന്. അങ്ങനെ ഉള്ളവനെ മാത്രമേ അവര്‍ തിരഞ്ഞെടുക്കൂ. അല്ലാതെ രമണനിലൊക്കെ കണ്ടപോലെയുള്ള പ്രണയം ഒന്നും ഇന്നില്ല.

മനുഷ്യരിൽ പ്രണയമാണ് ഇന്ന് വറ്റിപോകുന്ന ഒരു വികാരം. ആൾക്കാർ ചോദിക്കും നിങ്ങൾ ആരെയാണ് പ്രേമിക്കുന്നത് എന്ന്. പ്രണയത്തിനോടുള്ള പ്രണയമാണ് എനിക്ക്. അത് നഷ്ടപെട്ടാൽ ഞാനില്ല. അതാണ് എന്നെ എഴുതിപ്പിക്കുന്നത്. പ്രണയത്തിനെപ്പറ്റിയുള്ള അനുഭൂതികളൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിനെ ആവിഷ്‌കരിക്കുകയാണ് ഞാൻ ചെയ്തത്. പ്രണയസമീരെ എന്നാണ് ഒരു നോവലിന്റെ പേര്. അതിൽ രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെ ആഘോഷമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഗൾഫിലുള്ള ഒരാൾ എന്നെ വിളിച്ചിട്ട് പറയുകയാണ്, നിങ്ങളുടെ വരികൾ പെൺകുട്ടികൾക്ക് അയച്ചു കൊടുത്തിട്ട് പെൺകുട്ടികൾ എന്നെ പ്രേമിക്കാൻ തുടങ്ങി എന്ന്. യഥാർത്ഥ പ്രണയത്തിലേക്കു യുവ തലമുറയെ ഉണർത്തി കൊണ്ട് വരിക, അതുപോലെ മാനവ രാശിയെ ഉണർത്തി കൊണ്ട് വരിക എന്നതാണ് എന്റെ ഇത്തരം കൃതികളുടെ ലക്ഷ്യം.

എഴുത്തും ജോലിയും
*******************
ബാങ്കിലെ ജോലിയും എഴുത്തും തമ്മിൽ പൊരുത്തപ്പെടാൻ വലിയ പ്രയാസമാണ്. പിന്നെ ഒരു ഗുണം ബാങ്ക് എനിക്ക് ഒരുപാട് അനുഭവങ്ങൾ തന്നു എന്നതാണ്. ഒരു ഉമ്മ ബാങ്കില്‍ സ്ഥിരമായി വരുമായിരുന്നു. ഉമ്മ എന്റെ വിശേഷമൊക്കെ ചോദിക്കും. ഒരിക്കല്‍ അവര്‍ എന്നോട് പറഞ്ഞു, മോളെ എന്റെ കൈ പൊള്ളി. എന്റെ കൈ എങ്ങനെയാ പൊള്ളിയത് എന്നറിയുമോ? എന്റെ മോൾ തിളച്ച വെള്ളം ഒഴിച്ചതാണ്. അവൾക്ക് വല്യ എന്തോ ഒരു കുപ്പായം വേണം എന്ന് പറഞ്ഞു. എനിക്ക് അത് വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല. ഇതൊന്നും വാങ്ങി തരാൻ കഴിവില്ല എങ്കിൽ നിങ്ങൾ എന്തിനാ ജീവിക്കുന്നത്. എന്ന് ചോദിച്ചു കൊണ്ട് തിളച്ച വെള്ളം കോളജിൽ പഠിക്കുന്ന കുട്ടി ഒഴിച്ചു. അതൊരു കഥ അല്ലേ? അങ്ങനത്തെ പല പല സംഭവങ്ങളും കഥയാക്കിയിട്ടുണ്ട്.

എംടിയും എന്‍ മോഹനനും
**************************
കുട്ടിക്കാലംക്കാലംമുതൽക്കുള്ള ഒരു സൗഹൃദമാണ് എംടിയായിട്ട്. അച്ഛന് ബുക്ക് സ്റ്റാൾ ആയിരുന്നു. റാണി ബുക് സ്റ്റാള്‍ അറിയാത്ത ആൾക്കാരില്ല. അച്ഛന് പ്രസ് ഉണ്ടായിരുന്നു. കുട്ടികൃഷ്മമാരാരുടെ ഭാരതപര്യടനം ഒക്കെ അവിടെ അച്ചടിച്ചിട്ടുണ്ട്. എംടിയുടെ പുസ്തകങ്ങളോട് ആദ്യമേ വലിയ ഇഷ്ടം ആയിരുന്നു. കുട്ടിയായിരിക്കുമ്പോഴേ എംടിക്ക് കത്തയക്കുമായിരുന്നു. എല്ലാ വായനക്കാരെയും എംടി ഒരുപോലെ മാനിക്കുന്ന എഴുത്തുകാരനാണ്. കത്തുകൾക്ക് രണ്ട് വരി മറുപടി കിട്ടുമായിരുന്നു. പിന്നെ ഞാൻ കഥ എഴുതാൻ തുടങ്ങിയതിനു ശേഷം, ആദ്യത്തെ ആദരവ് എംടിയുടെ കയ്യിൽ നിന്നാണ് കിട്ടുന്നത്. മൂന്ന് തവണ മാതൃഭൂമി പുരസ്കാരം കിട്ടിയിട്ടുണ്ട്. ഗൃഹലഷ്മിയിൽ നടന്ന കഥാ മൽസരത്തിൽ 1600 കഥകളിൽ നിന്നു എന്റെ കഥ ഒന്നാമതെത്തി. ഗുജറാത്തിൽ നടന്ന പ്ലേഗിന്റെ കഥയാണത്. അന്ന് അമ്മ പറഞ്ഞിട്ടാണ് മത്സരത്തിൽ അയക്കുന്നത്. ഏറ്റവും വലിയ പുരസ്കാരം ആയിരുന്നു ആ കഥക്ക് എംടി യുടെ മറുപടി കത്ത്. അദ്ദേഹമാണ് ഒന്നാം സ്ഥാനം ഉണ്ട് എന്ന് എന്നെ അറിയിക്കുന്നത്. എംടിയുടെ വീടിനടുത്ത് ഒരു വീട് വില്‍ക്കാൻ ഉണ്ടെന്നറിഞ്ഞത് അത് വാങ്ങിക്കുകയായിരുന്നു. അതാണ് ഇപ്പോൾ താമസിക്കുന്ന വീട്. എംടി കഥകളുടെ വശ്യമുഖമാണ് എന്നെ സാഹിത്യത്തിലേക്ക് ആകർഷിച്ചതും എന്നെ എഴുതാൻ മുന്നോട്ട് നയിച്ചതും. ‘ഉള്ളിലെ കനൽകെടാതെ സൂക്ഷിക്കുക, മുൻനിരക്കാരായ എഴുത്തുകാരുടെ കൂടെ നീ വരണം’ എന്ന് എംടി പറയുമായിരുന്നു. ഒരാളെപ്പറ്റിയും എംടി ദുഷിച്ചു പറയില്ല, മോശം പറയില്ല. എന്നാലും ഓരോ എഴുത്തുകാരെപ്പറ്റിയും സമൂഹത്തിൽ എന്ത് നടക്കുന്നു എന്നതിനെപ്പറ്റിയും വലിയ ധാരണ ഉണ്ട്. ഓരോരുത്തരും ആരാണ് എന്ന് എംടിക്ക് അറിയാം. അത് വലിയ ഒരു കഴിവാണ്.

എൻ മോഹനൻ സാറിനെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ല. അദ്ദേഹമാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ലളിതാംബിക അന്തർജനം പുരസ്കാരം അവർ എനിക്ക് തന്നു. ഞാൻ ആ സമയത്ത് ലേഖനങ്ങൾ ഒരുപാട് എഴുതിയിട്ടുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം എന്നെ ശകാരിച്ചു, ‘ലേഖനം അല്ല എഴുതേണ്ടത് കഥ എഴുതാൻ വിധിക്കപ്പെട്ടവളാണ് നീ’ എന്ന് അദ്ദേഹം പറഞ്ഞു.

യാത്രകൾ
***********
നോവല്‍, കവിത, യാത്രാവിവരണം, ബാലസാഹിത്യം, പരിഭാഷ തുടങ്ങിയ വിഭാഗങ്ങളിലായി 86 പുസ്തകം എഴുതി. 86 പുസ്തകം എഴുതിയതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ അത് യാത്ര തന്നെയാണെന്ന് ഞാന്‍ പറയും. യാത്ര നമുക്ക് തരുന്ന ഊർജ്ജം ചെറുതല്ല. ഞാൻ യാത്ര ചെയ്യുന്ന സമയത്ത് കാലുകൊണ്ടല്ല മനസുകൊണ്ടാണ് സഞ്ചരിക്കുന്നത്. പോയാൽ ആ നാടിന്റെ സംസ്കാരവും സംസ്കൃതിയുമെല്ലാം സാമുദ്രത്തിൽ നിന്ന് മുത്തു കോരി എടുക്കുന്നതുപോലെ എടുക്കാറുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ആ നാടിന്റെ മിടുപ്പും തുടിപ്പും മനസിലാക്കുകയാണ്. യാത്രകൾ മനുഷ്യന്റെ ഭൗതിക വ്യഥങ്ങളെ എടുത്തുകളയുന്നു. നമ്മൾ ഋതു പരിണാമങ്ങളിലൂടെ, ചരിത്രഭൂമികകളിലൂടെ ഒക്കെ സഞ്ചരിക്കുമ്പോൾ നമ്മുടെ നൈതികജീവിതം കടിച്ചു തുപ്പുന്ന കയ്പുണ്ടല്ലോ ആ കയ്പിനെ യാത്രകള്‍ എടുത്തു കളയുന്നുണ്ട്. ഞാൻ ഇപ്പോൾ നാലുമാസം മകന്റെ അടുത്ത് അസർബൈജാനിൽ ആയിരുന്നു. അവിടെയിരുന്ന് രണ്ടു പുസ്തകത്തിന്റെ ജോലി തീര്‍ത്തു. മൂന്നാമത്തേതും എഴുതുന്നു. വിശ്രമം എന്തെന്നറിയാതെ എഴുതികൊണ്ടേയിരിക്കുന്നു. ഭൗതിക ജീവിതത്തിന്റെ മുറിവുകളെ ഉണക്കുന്ന വിശുദ്ധലേപനമാണ് യാത്ര നൽകുന്ന ഊർജ്ജം.46 രാജ്യങ്ങളിലും ആറ് ഭൂഖണ്ഡങ്ങളിലും പോയിട്ടുണ്ട്. ‘ഭൂഖണ്ടങ്ങളിലൂടെ’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്.

സംസ്കാരവും സംസ്കൃതിയും
*************************
ഞാൻ കണ്ടതിൽ ഏറ്റവും നല്ല രാജ്യം ഓസ്ട്രേലിയ ആണ്. ജനങ്ങളുടെ ക്ഷേമത്തിലും ജനങ്ങളുടെ സുസ്ഥിതിയിലും താല്പര്യമുള്ള രാജ്യമാണ്. 200 രാജ്യങ്ങളിൽ നിന്ന് 200 ഭാഷ സംസാരിക്കുന്ന ഇടമാണ്. നല്ലപോലെ ടാക്സ് പിടിക്കും. പക്ഷെ അതൊക്കെ രാജ്യത്തിന്റെ വികസനത്തിന്‌ വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതുപോലെ സിംഗപ്പൂർ നല്ല രാജ്യമാണ് ബാത്‌റൂമിലെ ടാപ്പിൽ നിന്ന് വരെ എടുത്തു വെള്ളം കുടിക്കാം. നല്ല ശുദ്ധമായ ജലം. അഞ്ചു കൊല്ലം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. പുകയുള്ള വാഹനങ്ങൾ ഇല്ല. ശുദ്ധവായു വായുവിൽ മാലിന്യം ഇല്ല. ഇന്ത്യയും യൂറോപ്പിലുള്ള രാജ്യങ്ങളുമായി നമുക്ക് തുലനം ചെയ്യാൻ സാധിക്കില്ല. സംസ്കാരം വേറെയാണ് സംസ്കൃതി വേറെയാണ്. അവർ ജനിക്കുമ്പോൾ തന്നെ എങ്ങനെ പെരുമാറണം എന്നുള്ള പെരുമാറ്റചട്ടം പഠിപ്പിച്ചിട്ടുണ്ട്. തെരുവിൽ കടലാസ് വലിച്ചെറിയരുത്, ജനങ്ങളോട് മാന്യമായി ഇടപെടണം. കാണുന്നവരോട് ഗുഡ് മോണിങ് പറയണം, നന്ദി പറയണം, ഗുഡ്നൈറ്റ് പറയണം, ആരെ കണ്ടാലും ഒന്ന് മന്ദഹസിക്കണം. അതൊന്നും നമ്മുടെ നാട്ടുകാർ പഠിച്ചിട്ടും ഇല്ല, ചെയ്യുകയുമില്ല. മാലിന്യങ്ങൾ മുറ്റത്തേക്കും അന്യന്റെ പറമ്പിലേക്കും വലിച്ചെറിയുക ഇതൊക്കെ ഭയങ്കര തെറ്റാണ് അന്യനാട്ടിൽ. പക്ഷെ, ഏതു നാട്ടിൽ പോയാലും എന്റെ നാടാണ് എനിക്ക് പ്രിയപ്പെട്ടത്.

വേര്‍പാടുകളുടെ മുറിപ്പാടുകള്‍
****************************
ഏതു മനുഷ്യന്റെയും ജീവിതത്തിൽ ഒരുപാട് വിയോഗങ്ങൾ ഉണ്ടാവും. നമ്മുടെ പ്രിയപ്പെട്ടവർ കടന്നു പോയതിൽപ്പരം വേദന വേറെ ഇല്ലല്ലോ. അമ്മയാണ് ആദ്യം പോയത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായി ഇന്നും നിലനിൽക്കുന്നു. പെട്ടെന്നായിരുന്നു അമ്മയുടെ വിയോഗം. നല്ല ചെറുപ്പക്കാരിയും സുന്ദരിയും ഊർജ്ജസ്വലതയും ഒക്കെയുള്ള ഒരു വ്യക്തിയായിരുന്നു എന്റെ അമ്മ. അമ്മയായിരുന്നു എന്റെ വഴികാട്ടി. എനിക്ക് ജീവിക്കാനുള്ള കരുത്തു നൽകിയത് അമ്മയായിരുന്നു. ഒരിക്കലും വയ്യ എന്ന് പറയരുതെന്ന് അമ്മ എപ്പോഴും പറയും. എന്തും ചെയ്യാനുള്ള കഴിവും തന്റേടവും ഒക്കെയുള്ള ആളായിരുന്നു അമ്മ. ഏതു ദുഃഖത്തിനെയും മറിക്കടക്കാനുള്ള ഒരു മനസ് ഉണ്ടാക്കി തന്നത് അമ്മയാണ്. അമ്മ പെട്ടെന്ന് പോയി.

അതുപോലെ 28 വയസായ അനുജൻ ഇടി വെട്ടുന്നപോലെ, മീനച്ചൂടിൽ ഇടിമുഴക്കം പോലെ പെട്ടെന്ന് ഒരു ദിവസം ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചു. പിന്നെ എന്റെ ചേച്ചി, ഞങ്ങൾ ആറു പേരായിരുന്നു. ചേച്ചി അതുപോലെ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. ആ ദുഃഖങ്ങൾ അതൊന്നും ശരിക്കും താങ്ങാൻ പറ്റുന്നതായിരുന്നില്ല. പിന്നെ അടുത്ത കാലത്ത് എന്റെ ഭർത്താവ്, അതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നു. ഞങ്ങൾ ടൂറിനു പോയപ്പോൾ ജയ്പൂർ വച്ചിട്ട്, പെട്ടെന്ന് കൈ വേദന വന്നതാണ്. അങ്ങനെ കുറച്ചുകഴിഞ്ഞു ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കി. പക്ഷേ, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അത് ഞങ്ങൾക്ക് ഭയങ്കര ഷോക്കായിരുന്നു. അതിനെ അതിജീവിക്കാനാണ് ഞാൻ പല സ്ഥലത്തോക്കും യാത്ര ചെയ്യുന്നത്. 

കോഴിക്കോട്
*************
സാഹിത്യത്തിന്റെ ശാശ്വതീകത്വഭാവമുള്ള ഒരു നഗരമാണ് കോഴിക്കോട്. സാഹിത്യകാരൻമാരും അതുപോലെ കലാകാരൻമാരും കലാസ്വാദകരും വായനക്കാരുമൊക്കെയുള്ള ഒരു നഗരമാണ് കോഴിക്കോട്. പരിപാടികളുമൊക്കെയായി എല്ലാ ദിവസവും ഇവിടെ ആളുകൾ ഒത്തു കൂടുന്നു. മഴയാണെങ്കിലും വെയിലാണെങ്കിലും മഞ്ഞാണെങ്കിലും ഒന്നും ഞങ്ങളെ ബാധിക്കില്ല. അത് ആസ്വദിക്കാൻ ഒരു കൂട്ടം മനുഷ്യരുമുണ്ട്. എസ് കെ പൊറ്റക്കാട്, ഒറൂബ് എംടി, അതുപോലെ മാധവിക്കുട്ടി അങ്ങനെ വലിയ മനുഷ്യർ ഇവിടെ താമസിച്ചതാണ്. കോഴിക്കോടാണ് ഞാൻ ജനിച്ചു വളർന്നത് എന്നതിൽ വളരെ അഭിമാനമുണ്ട്. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ബുദ്ധ മതക്കാരും ജൈന മതക്കാരുമൊക്കെ കൈകോർത്തു ജീവിക്കുന്ന ഒരു നഗരമാണത്. കോഴിക്കോട് ഇന്ത്യയുടെ ആദ്യ സാഹിത്യ നഗരമായി യുനെസ്കോ തിരഞ്ഞെടുതില്‍ അഭിമാനമുണ്ട്.

അവാർഡുകള്‍
***************
അവാർഡുകളിൽ അഭിരമിക്കുന്ന ഒരാൾ ആയിരുന്നില്ല ഞാൻ. മാതൃഭൂമിയിലെ പുരസ്‌കാരം കിട്ടിയാണ് ഞാൻ വന്നത്. എഴുത്തുകാരികളെ അംഗീകരിക്കാൻ പ്രയാസമാണ്. ഒരുപാട് അവാർഡുകൾ കിട്ടി തുടങ്ങിയപ്പോൾ ആൾക്കാർ ചോദിക്കാൻ തുടങ്ങി കഥ തരുമോ എന്ന്. തിരിച്ചു അയക്കേണ്ട ഗതികേട് വന്നിട്ടില്ല. പുരസ്‌കാരം കിട്ടിയപ്പോൾ എഴുതുവാനുള്ള ഉത്തരവാദിത്വം കൂടി. വലിയ വലിയ ആളുകൾ ഒക്കെ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ലളിതംബിക അന്തർജനം അവാര്‍ഡ് ഉറൂബിന്റെ പേരിൽ കിട്ടി. വിദേശത്തു നിന്ന് പിന്നെ കിട്ടാൻ തുടങ്ങി. ഇവിടെ നിന്ന് കിട്ടിയതിന്റെ ഇരട്ടി വിദേശത്തു നിന്നായിരുന്നു കിട്ടിയത്. സിംഗപൂർ, മലേഷ്യ അതുപോലെ അമേരിക്ക, ലണ്ടൺ, ആഫ്രിക്ക അങ്ങനെ പല സ്ഥലത്തു നിന്നും. വനിതാരത്നം പുരസ്‌കാരം കിട്ടി മൂന്ന് ലക്ഷത്തിന്റെ. വിദ്യാവചസ്പതി പുരസ്‌കാരം കിട്ടി. ബീഹാറിൽ നിന്നുള്ള ഡോക്ടറേറ്റ് കിട്ടി.

TOP NEWS

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.