23 December 2024, Monday
KSFE Galaxy Chits Banner 2

മനോജിന്റെ കന്യാവനങ്ങള്‍

വിജയ് സി എച്ച്
May 28, 2023 4:27 am

സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം നേടിയ ഐ ബി മനോജിന്റെ ജീവിതം പ്രകൃതി സ്നേഹികള്‍ക്കൊരു പാഠപുസ്തകമാണ്. തൃശ്ശൂർ ഗവർമെന്റ് എൻജിനീയറിങ് കോളജിൽ നിന്ന് 1991‑ൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസോടെ ബിരുദമെടുത്ത മനോജ്, കോളജ് കേമ്പസിൽനിന്ന് നേരെ പോയത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലുള്ള ഇടവനക്കാട് ഗ്രാമത്തിലേയ്ക്കാണ്. അവിടെ തങ്ങൾക്ക് സ്വന്തമായുള്ള ഒന്നര ഏക്കർ മണ്ണിലെ അൽപം സ്ഥലത്ത് ഒരു കൊച്ചു കാട് സൃഷ്ടിക്കാൻ.

കേരളത്തിന്റെ പരിസ്ഥിതി ആചാര്യനായ പ്രൊഫസർ ജോൺസി ജേക്കബിന്റെ പ്രകൃതി സംരക്ഷണ ലേഖനങ്ങൾ മനോജിനെ വല്ലാതെ ആകർഷിച്ചിരുന്നു. സൊസൈറ്റി ഫോർ എൻവിറോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള (SEEK) യുടെ സ്ഥാപകനും കൂടിയായ ജോൺസി ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ പാരിസ്ഥിതിക കാലികമായ ‘മൈന’യും, പിന്നീട് പ്രസിദ്ധീകരണം തുടങ്ങിയ ‘സൂചിമുഖി‘യും, ‘പ്രസാദ’വും, സാങ്കേതിക വിദ്യാസംബന്ധമായ പുസ്തകങ്ങളോട് ചേർത്തുപിടിച്ചു വായിച്ചപ്പോൾ, പ്രകൃതിയാണ് അടിസ്ഥാന യാഥാർത്ഥ്യമെന്ന് മനോജ് തിരിച്ചറിഞ്ഞു.

മനുഷ്യൻ പ്രകൃതിയുടെ മേലാധികാരിയെന്ന് കരുതുന്നതാണ് ഏറ്റവും അപകടകരമായ ആശയമെന്നു വിശ്വസിച്ച അമേരിക്കൻ പരിസ്ഥിതി ചിന്തകൻ ഡാനിയേൽ ക്വിൻ രചിച്ച ‘ഇഷ്മായേൽ’, ‘മൈ ഇഷ്മായേൽ’ എന്നീ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഏറെ ഗൗരവത്തോടെയാണ് മനോജ് തന്റെ ഉള്ളിലേക്കാവാഹിച്ചത്.
“തങ്ങൾക്കു ഫലം തരുന്ന ചെടികളെയും വൃക്ഷങ്ങളെയും മാത്രം തിരഞ്ഞെടുത്ത് കൃഷി ചെയ്യുന്നതാണ് മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രകൃതിവിരുദ്ധ പ്രവർത്തനം.” മനോജ് വ്യക്തമാക്കുന്നു.
“ഫലവൃക്ഷങ്ങളെപ്പോലെ മഴമരങ്ങളും തണൽവൃക്ഷങ്ങളും ഭൂമിക്ക് അത്യാവശ്യമാണ്. തുമ്പിയും ചിത്രശലഭവും പാർക്കുന്ന സസ്യങ്ങളും, ഓന്തു മുതൽ ഉടുമ്പുവരെ വിശ്രമിക്കുന്ന പടുമരങ്ങളും, ഒരു പ്രയോജനവുമില്ലെന്ന് നാം ഇപ്പോൾ കരുതുന്ന പേരറിയാത്ത ചെറുമരങ്ങളും മാമരങ്ങളും വരെ ചേർന്നതാണ് നമ്മുടെ ആവാസ വ്യവസ്ഥ. എല്ലാം ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകങ്ങൾ.” മനോജിന്റെ ശബ്ദത്തില്‍ ആവേശം.
പാഴ്മരങ്ങളെന്ന് നാം മുദ്ര ചാർത്തുന്ന പാല, പീലിവാക, പുന്ന, പൂവരശ്, കാഞ്ഞിരം, കലശ്, കരിങ്ങോട്ട, മുൾമുരിക്ക്, ആനപ്പന, അരണമരം, തല്ലിമരം മുതലായവയാണ് കഠിന കാലാവസ്ഥയെ അതിജീവിച്ചു വളർന്നുനിന്ന്, സർവവിനാശകരമായ ആഗോളതാപനത്തിൽ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കാൻ പ്രാപ്തിയുള്ളവയെന്നും മനോജ് ഓർമ്മപ്പെടുത്തുമ്പോൾ, പുരയിടത്തിലെ ഒരു മരവും മുറിച്ചുമാറ്റാൻ നമുക്കു കഴിയില്ല. “ഇതുവരെ വെട്ടിവീഴ്ത്തിയതിൽ പശ്ചാത്തപിച്ചുകൊണ്ട് നാം പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കണം. കുട്ടിക്കാടുകൾ വലിയ പ്രതീക്ഷയാണ്. ” മനോജിന് ശുഭാപ്തി വിശ്വാസം.

 

 

 

പരിസ്ഥിതിയുടെ പൂർവസ്ഥിതി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി മനോജ് ആദ്യം ചെയ്തത് തന്റെ പുരയിടത്തിലെ പത്തു സെന്റ് ഭൂമിയ്ക്കു പുതയിടലാണ് (Mulching). സ്ഥലത്തെ ഈർപ്പം കാത്തുസൂക്ഷിക്കാനും വളക്കൂർ ‍വർധിപ്പിച്ച് മണ്ണിനെ ഓജസുള്ളതാക്കി മാറ്റാനുമാണിത്. പറമ്പിന്റെ മറ്റു ഭാഗങ്ങളിൽ വീണുകിടന്നിരുന്ന തെങ്ങിന്റെയും കവുങ്ങിന്റെയും പട്ടകളും, വാഴയുടെ ഉണങ്ങിയ തണ്ടും ഇലയും മറ്റും ആ ഇടത്ത് പരത്തിയിട്ടു. അല്ലെങ്കിൽ കത്തിച്ചു കളയുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഒന്നര വർഷത്തെ ഋതുഭേദങ്ങൾക്കൊടുവിൽ ആ പത്തുസെന്റു മണ്ണിന്റെ ബാഹ്യരൂപവും ഗുണവും മെച്ചപ്പെട്ടെന്ന് മനോജ് തിരിച്ചറിഞ്ഞു. തുടർന്ന്, മാങ്ങാണ്ടിയും, കശുവണ്ടിയും, ചക്കക്കുരുവും, പുളിങ്കുരുവും, കേടുവന്ന ആഞ്ഞിലിച്ചക്കയും, കുടംപുളിയും, പേരക്കയും, പച്ചക്കറികളും മുതൽ കയ്യിൽ കിട്ടിയ സകല നാടൻ കായകളും കുരുകളും ആ മണ്ണിലേക്കെറിഞ്ഞു. തന്റെ ഭാവനയിലെ പ്രഥമ കുട്ടിക്കാടിന് മനോജ് ബീജാവാപം ചെയ്യുകയായിരുന്നു.
പലവകയായ വിത്തുകളെല്ലാം അവിടെക്കിടന്ന്, യാതൊരു പരിചരണവുമില്ലാതെ, സ്വാഭാവികമായ സാഹചര്യത്തിൽ മുളച്ചുവളർന്നു. ഇത്തിരി ഇടത്തിൽ ഇരുനൂറിൽപരം പ്ലാവുകളും അത്രതന്നെ ആഞ്ഞിലികളും ഉൾപ്പെടുന്ന നാനാതരം മരങ്ങൾ ഇടതൂർന്നു ഉയർന്നുവന്നു.
പച്ചപ്പിനെ ഇഷ്ടപ്പെടുന്ന കൊച്ചുകൊച്ചു ജീവജാലങ്ങളും പക്ഷികളും മനോജിന്റെ തൊടി തേടിയെത്തി. ഇതോടെ സയലന്റ് വാലിയിലും മറ്റും കാണുന്ന തരത്തിലുള്ള കന്യാവനങ്ങളുടെ ഒരു കൊച്ചു മാതൃക ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ വൈപ്പിനിൽ പിറവികൊണ്ടു.

പത്തുമുപ്പതു വർഷംകൊണ്ട് സ്കൂളുകളിലും, കോളജുകളിലും, കടൽ തീരങ്ങളിലും, ബിസിനസ് സംരംഭങ്ങളിലും, പൊതുസേവന സ്ഥാപനങ്ങളിലും, സ്വകാര്യ ഇടങ്ങളിലുമായി ഇരുനൂറോളം തോട്ടങ്ങൾക്കോ ശലഭോദ്യാനങ്ങൾക്കോ രൂപം നൽ‍കിയതിനു ശേഷം മനോജ് ഇന്നും ഒരു സൈക്കിളും ചവിട്ടി ഊരുചുറ്റുന്നു. കൂടെ നാലോ അഞ്ചോ തുണിസഞ്ചികളുമുണ്ടാകും. പൊതുവഴികളിലും മറ്റുള്ളവരുടെ പുരയിടങ്ങളിലും വീണുകിടക്കുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സകല പഴങ്ങളും കായകളും, കുരുകളും സംഭരിക്കുന്നു. നാടൻ വിത്തുകൾ അന്വേഷിച്ചുള്ള ഈ എൻജിനീയറിങ് ബിരുദധാരിയുടെ യാത്രകൾ വനമഹോത്സവത്തിന്റെയന്നോ, പരിസ്ഥിതി ദിനത്തിലോ, ലോക ഭൗമ ദിനത്തിലോ മാത്രമല്ല, മിക്കവാറും എല്ലാ ദിവസങ്ങളിലുമുണ്ടിത്! പ്രതിമാസം അഞ്ഞൂറു വൃക്ഷത്തൈകളെങ്കിലും ഉല്പാദിപ്പിക്കുക എന്നതാണ് മനോജിന്റെ ലക്ഷ്യം.

ഫലവൃക്ഷ തൈകൾക്കോ, വനവൃക്ഷ തൈകൾക്കോ, തന്റെ പ്രയത്നത്തിനോ ഒരു രൂപ പോലും വിലയായോ പ്രതിഫലമായോ സ്വീകരിക്കാത്ത ഈ പ്രകൃതിസ്നേഹി, ആകെ ആവശ്യപ്പെടുന്നത് തന്റെ കൂടെ നിന്ന് ജോലിചെയ്യാൻ കുറച്ചു പേരെ മാത്രമാണ്.
“ആയിരം വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ നാലഞ്ചു കുട്ടികളെങ്കിലും മണ്ണിൽ പണിയെടുക്കാൻ താൽപര്യമുള്ളവരാണെങ്കിൽ, ആ വിദ്യാലയത്തിന് ഞാനൊരു കൊച്ചു ഹരിതലോകം ഒരുക്കിക്കൊടുക്കും” എന്ന് മനോജ് പറയുന്നു. തൈകളും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള ഗതാഗത ചിലവു പോലും മനോജ് സ്വയം വഹിക്കുകയാണ്. ഇടവേളകളിൽ ചെയ്യുന്ന കമ്പ്യൂട്ടർ ഡാറ്റാ റിക്കവറി തൊഴിലിൽ‍ നിന്നു ലഭിയ്ക്കുന്ന വരുമാനമാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്.
“വൃക്ഷങ്ങളെ സ്നേഹിക്കുന്നവരെ എന്റെ സമീപനങ്ങൾ പ്രചോദിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ചെറു ചിരിയോടെ അദ്ദേഹം പതിയെ പറഞ്ഞു നിറുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ ഹരിത കേരള മിഷൻ പതിവായി വിജ്ഞാപനങ്ങൾ ഇറക്കുന്നുണ്ട്. പക്ഷെ, ഇതെങ്ങനെ പ്രാവർത്തികമാക്കണമെന്ന് അറിയാത്തതിനാൽ, നിഷ്ക്രിയത്വമാണ് പൊതുവെ കാണുന്നത്. വെറുതേ തൈകൾ കൈമാറ്റം ചെയ്തതുകൊണ്ട് കാര്യമില്ല. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി, അവയെ നടുകയും, കാർഷിക സ്വാശ്രയത്വം, പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യ പാലനം, മണ്ണ് പോഷണം, മാലിന്യ സംസ്കരണം, മുതലായ വിഷയങ്ങളിൽ കുട്ടികളില്‍ അവബോധമുണ്ടാക്കുകയും വേണം. ഇതിനായി മനോജ് ബോധവൽക്കരണ ക്ലാസുകളുമെടുക്കുന്നുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷയജ്ഞം, ‘ഫ്റൂട്ട്ഫുൾ ഫ്യൂച്ചർ’ പദ്ധതികളായ വീടിനു ചുറ്റും പഴത്തോട്ടം, വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം, സ്വച്ച് ഭാരത് മിഷന്റെ ചേതന ഉൾക്കൊണ്ടുള്ള ശുചിത്വബോധയജ്ഞം മുതലായവയിൽ സംസ്ഥാനത്തുടനീളം മനോജിന്റെ സന്നദ്ധ സേവനം പ്രശംസനീയമാണ്.

2018‑ലെ സംസ്ഥാന അക്ഷയ ഊർജ്ജ പുരസ്കാര ജേതാവായ ഫാദർ ഡോ. ജോർജ് പീറ്റർ പിറ്റാപ്പിള്ളിൽ നയിക്കുന്ന റിന്യൂവബ്ൾ എനർജി സെന്റർ വർഷംതോറും 12 എൻജിനീയറിങ് കോളജുകളിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ പ്രവർ‍ത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഈ യത്നത്തിലെ മുഖ്യ പ്രഭാഷകൻ മനോജാണ്. തൃശൂരിൽ പ്രവർത്തിക്കുന്ന കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) നടന്നുവരുന്ന മുള വളർത്തലും പരിപാലനവും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഡോക്യുമെന്ററി ചെയ്തത് മനോജിന് വ്യത്യസ്തമയ അനുഭവമായിരുന്നു. പരിസ്ഥിതി പ്രവർത്തകയും എറണാകുളത്തെ SBOA സ്കൂളിലെ അധ്യാപികയുമായ സിസിയും, KFRI മുൻ സന്റിസ്റ്റ് ഡോ. സീതാലക്ഷ്മിയുമാണ് മുളയെന്ന അത്ഭുതസസ്യത്തെക്കുറിച്ചു വിശദീകരിക്കുന്നത്. സുജിതും രഞ്ജിതയും ചേർന്നു ഛായാഗ്രഹണം നിർവഹിച്ച ‘KFRI Bam­buse­tum’ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കഴിഞ്ഞ നവംബർ 30‑ന് റിലീസ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ‘മുളയറിവ്’ പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. മുള തൈകൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുവാനും വെച്ചുപിടിപ്പിക്കുന്നതിനും മനോജ് നേതൃത്വം നൽകി.
“ക്ലാസ് മുറികളിൽ പ്രസംഗിക്കുന്നതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് വിദ്യാർത്ഥികളെയും മുതിർന്നവരെയും മണ്ണിലിറക്കി അവരെ പച്ചപ്പിന്റെ നിർ‍മ്മാതാക്കളാക്കാനാണ്.” മനോജ് വ്യക്തമാക്കി.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിത്തുത്സവത്തിന്റെ ഭാഗമായി റാന്നിയിലെ സെന്റ് തോമസ് കോളജിലും, എറണാകുളം ലോ കോളജിലും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും, കുറെ സ്കൂളുകളിലും പ്രദർശന സ്റ്റാളുകൾ കെട്ടി വിവിധയിനം വിത്തുകൾ നട്ടുവളർത്തുന്നതിനക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് മനോജും കൂട്ടുകാരും. ഒപ്പം വിത്തുവിതരണവും തൈ നടീലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
”ചില കുട്ടികൾക്ക് ബട്ടർഫ്ലൈ പാർക്കുകൾ നിർമ്മിക്കാനാണ് ഏറെയിഷ്ടം. ബട്ടർഫ്ലൈ പാർക്ക് ഒരു പരിപൂർണ ആവാസ വ്യവസ്ഥയാണ്. ഓരോയിനം (Species) ചിത്രശലഭത്തിന്റെയും ആതിഥേയ വൃക്ഷം (Host Plant) വിഭിന്നമാണ്. ആ പ്രത്യേക മരത്തിൽ മാത്രമേ അത് വസിക്കുകയുള്ളൂ, അതിന്റെ ഇലകളിൽ മാത്രമേ മുട്ടയിടുകയുമുള്ളൂ. ലാർവയുടെ ഭക്ഷണം ഈ മരത്തിന്റെ തളിരുകൾ മാത്രം. അതിനാൽ പത്തുതരം ചിത്രശലഭങ്ങൾ വേണമെങ്കിൽ പത്തുതരം മരങ്ങളും വേണം. അതുപോലെ പത്തുതരം ചിത്രശലഭങ്ങൾക്കു തേൻ കുടിക്കാനായി പത്തുതരം പൂമരങ്ങളോ പൂച്ചെടികളോ (Nec­tar Plants) അനിവാര്യമാണ്. സമീപ വായുവിലെ താപനില നിയന്ത്രിക്കാനായി അടത്തുതന്നെയൊരു ജലാശയവും (Water Body) വേണം. ഇത്രയുമുണ്ടെങ്കിലേ പൂമ്പാറ്റകൾ അവിടേയ്ക്ക് വരികയുള്ളൂ. ജൈവസമൂഹത്തിലെ ഏറ്റവും ലോലവും സൂക്ഷ്മഗ്രാഹിയുമായ ജീവജാലങ്ങളിൽ ഒന്നാണ് ചിത്രശലഭം. ഇതിന്റെ സന്ദർശനം ആ പരിസരത്തിന്റെ സമൃദ്ധ സൂചനയുമാണ്.”
കൃത്യമായ ലക്ഷ്യബോധമാണ് മനോജിനെ മുന്നോട്ട് നയിക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലും (CUSAT), കെഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലും ആസ്റ്റർ മെഡ് സിറ്റിയിലും ശലഭോദ്യാന നിർമാണം നടന്നുകൊണ്ടിരിയ്ക്കുന്നു.

നിലം ഉഴുതുമറിക്കാതെയും, കള പറിക്കാതെയും, വളമോ കീടനാശിനിയോ ഉപയോഗിക്കാതെയും കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്ത ജപ്പാൻകാരനായ കൃഷി ശാസ്ത്രജ്ഞൻ, മസനൊബു ഫുക്കുവൊകയുടെ ജൈവകാർ‍ഷിക ദർ‍ശനങ്ങളാണ് മനോജിന്റെ പ്രഭാഷണങ്ങൾക്ക് ആധാരം. മണ്ണിനെ ദുഷിപ്പിക്കാതെ കൃഷി ചെയ്യണമെന്ന ആശയത്തെ ബോദ്ധ്യപ്പെടുത്തുന്ന ഫുക്കുവൊകയുടെ ‘ഒറ്റ വൈയ്കോൽ വിപ്ലവം’ (The One-Straw Rev­o­lu­tion) എന്ന പുസ്തകം മനോജ് നെഞ്ചോട് ചേർത്തുപിടിയ്ക്കുന്നു.
“നാം മണ്ണിനെ മാനിച്ചേ മതിയാകൂ. അതിന് തനതായ ഗുണങ്ങളുണ്ട്. അതിലടങ്ങിയിരിക്കുന്ന പിഎച്ച് എത്ര, പൊട്ടാസ്യം എത്ര മുതലായവയെക്കുറിച്ചൊന്നും അധികം വേവലാതിപ്പെടേണ്ടതില്ല. മണ്ണിന്റെ രസതന്ത്രം നോക്കാതെയാണ് ഈയിടെ കാക്കനാട്ടെ ഇൻഫോപാർക്കിൽ 500 തൈകൾ ഒരുമിച്ച് നട്ടത്. അവിടത്തെ ‘വോയ്സ് ഓഫ് ടെക്കീസ്’ തൈകളെ പരിപാലിക്കുന്നു. ശ്യാമളമായൊരു കുട്ടിക്കാടാണ് ഐടി-യുടെ ‘ഹൈഫൈ’ ചുറ്റുപാടിൽ വളർന്നുകൊണ്ടിരിക്കുന്നത്…” മനോജ് ആവേശംകൊണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.