മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ കഴിഞ്ഞ ദിവസം ഒരു സംഭാഷണത്തിനിടയിൽ ഒരു പ്രധാന സംഗതി ചൂണ്ടിക്കാട്ടുകയുണ്ടായി. അഭിമുഖ സംഭാഷണങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്ന നേരത്ത്, ദൃശ്യപരമായ ഘടകങ്ങൾക്ക് ഏറെ ശ്രദ്ധ കൊടുക്കുന്ന നമ്മൾ ശബ്ദലേഖനത്തിന്റെ മികവിനും മൈക്കിന്റെയും മറ്റുപകരണങ്ങളുടെയും ഗുണ നിലവാരത്തിനും അതേ പ്രാധാന്യം നൽകേണ്ടതിനെ കുറിച്ചായിരുന്നു അത്. ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മൃദുഭാഷിയായ പൊതുപ്രവർത്തകരിൽ ഒരാളായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ റെക്കോർഡ് ചെയ്യുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുമെന്ന് ബൈജു പ്രത്യേകം എടുത്തു പറയുകയും ചെയ്തു. ‘മൃദുഭാഷി’ എന്ന വാക്ക് തീർച്ചയായും ഒരു അഭിനന്ദനമായി തന്നെയാണ് ഞാൻ ഉപയോഗിച്ചത്. കാരണം പൊതുജീവിതത്തിൽ നിങ്ങളെ കേൾപ്പിക്കാൻ ഒരുപാട് ഒച്ചവയ്ക്കേണ്ട ആവശ്യമില്ല എന്ന എന്റെ വിശ്വാസത്തിന്റെഏറ്റവും നല്ല ദൃഷ്ടാന്തമാണ് ബിനോയ് വിശ്വം. (അതേസമയം മാധ്യമപ്രവർത്തനത്തിലാണെങ്കിൽ, കഴിയുന്നത്ര ഉച്ചത്തിൽ മുറവിളി കൂട്ടുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്).
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ തിങ്കളാഴ്ച രാജ്യസഭയിൽ ബിനോയ് വിശ്വം നടത്തിയ പ്രസംഗം കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയി. റെക്കോർഡിങ് ഉപകരണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ബൈജുവിന് വിഷമിക്കേണ്ടതില്ലാത്ത വിധത്തിൽ അദ്ദേഹം വളരെ ഉറച്ച ശബ്ദത്തിൽ സംസാരിച്ചു. സ്വരനാളത്തിന്റെ ശക്തിയേക്കാൾ, ആശയപരമായ വ്യക്തത കൊണ്ടാണ് വിശ്വം എന്നെ അമ്പരപ്പിച്ചത്. രാജ്യസഭാ എംപി എന്ന നിലയിലുള്ള തന്റെ ഒടുവിലത്തെ പ്രസംഗം നടത്തുകയായിരുന്നു വിശ്വം. അദ്ദേഹത്തിന്റെ അങ്ങേയറ്റം സൗമ്യമായ പെരുമാറ്റവും വളരെ മൃദുവായ സംസാരശൈലിയും കണ്ടുപരിചയിച്ചിട്ടുള്ള ഞാൻ, ഒരു വിടവാങ്ങൽ പ്രസംഗത്തിൽ സാധാരണ ഉണ്ടാകാറുള്ളതുപോലെ, ആരെയും കുത്തി നോവിക്കാതെ, മധുരവാക്കുകൾ മാത്രം വാരി വിതറി കൊണ്ടുള്ള വളരെ ‘മാന്യ’മായ ഒരു പ്രസംഗമാണ് പ്രതീക്ഷിച്ചത്. “ഹി ഈസ് എ ജോളി ഗുഡ് ഫെല്ലോ” എന്ന് പറഞ്ഞു കൊണ്ട് വിട ചൊല്ലിപ്പിരിയാൻ നമ്മെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒന്ന്.
ആർട്ടിക്കിൾ 79 അനുസരിച്ച്, ലോക്‌സഭയും രാജ്യസഭയും രാഷ്ട്രപതിയും (പ്രധാനമന്ത്രിയല്ല) ചേർന്നതാണ് പാർലമെന്റ് എന്ന് വിശ്വം പറഞ്ഞു തുടങ്ങിയപ്പോൾ, (അക്കാര്യം എനിക്കറിയില്ലായിരുന്നു) അത് നിരുപദ്രവകരമായ ഒരു വിടവാങ്ങൽ പ്രസംഗത്തിന്റെ തുടക്കം തന്നെയാണെന്ന് ഞാൻ കരുതി. എന്നാൽ വൈദഗ്ദ്ധ്യമുള്ള ഒരു പോരാളി സൂക്ഷ്മതയോടെ വാളെടുത്ത് ചുഴറ്റും പോലെ വൈകാതെ തന്നെ വിശ്വം ട്രഷറി ബഞ്ചിലെ തന്റെ ‘സുഹൃത്തുക്കളെ’ തലങ്ങും വിലങ്ങും ആക്രമിച്ചു. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുമ്പോൾ രാഷ്ട്രപതിക്ക് പ്രവേശനം നിഷേധിച്ചതും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ അവരെ പങ്കെടുപ്പിക്കാത്തതും എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ആക്രമണങ്ങളിൽ വിശ്വം ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. “രാഷ്ട്രപതി ഗോത്രവർഗക്കാരിയായതുകൊണ്ടാണോ, അതോ ഒരു സ്ത്രീയായി ജനിച്ചതുകൊണ്ടാ ണോ, അതുമല്ലെങ്കിൽ അവർ ഒരു വിധവയായിപ്പോയതുകൊണ്ടാണോ? എന്താണതിന് കാരണം?” അദ്ദേഹം മോദി സർക്കാരിനോട് വെട്ടിത്തുറന്ന് ചോദിച്ചു. വിശ്വം ഇത്രത്തോളം നിർദയനാകുമെന്ന് ഞാൻ കരുതിയില്ല. ഒരു ദാക്ഷിണ്യവും കാണിക്കാത്തതിൽ എനിക്ക് സന്തോഷം തോന്നി. ഒരു പ്രശ്നം പോലും അദ്ദേഹം വിട്ടുകളയുകയുകയോ ഒന്നിൽ നിന്നുപോലും ഒഴിഞ്ഞു മാറുകയോ ചെയ്തില്ല. പ്രത്യയശാസ്ത്ര മൂർച്ചയുള്ള, മാരകമായ പ്രഹരങ്ങൾ അദ്ദേഹം വർഷിച്ചുകൊണ്ടേയിരുന്നു.
ഒരു ഘട്ടത്തിൽ വിശ്വം ഒരു നേഴ്സറി പദ്യം ചൊല്ലുകപോലും ഉണ്ടായി — “ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിംഗ് ഡൗൺ, ഫാളിംഗ് ഡൗൺ…” മോദി സർക്കാർ ഒരുപാട് പൊങ്ങച്ചം പറഞ്ഞിരുന്ന പാലങ്ങളിലും വിമാനത്താവളങ്ങളിലും സംഭവിച്ച വിള്ളലുകളിലേക്ക് ശ്രദ്ധ ആകർഷിച്ചു കൊണ്ടായിരുന്നു അത്. മൂന്നാം മോദി സർക്കാരും അതുപോലെ താഴെ വീഴുമെന്ന് പ്രവചിക്കാൻ പോന്നത്ര തികഞ്ഞ ആത്മവിശ്വാസമാണ് വിശ്വം പ്രകടിപ്പിച്ചത്. തുടർന്ന് പരീക്ഷ ചോർച്ചയെക്കുറിച്ചും അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ചയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു — കൃത്യമായ പ്രത്യയശാസ്ത്ര വ്യക്തതയോടെ. താൻ ഒരു തികഞ്ഞ അവിശ്വാസിയാണെന്ന് പ്രഖ്യാപിക്കാൻ മടി കാണിക്കാതെ തന്നെ ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ താൻ ബഹുമാനിക്കുന്നുവെന്ന് കൂട്ടിച്ചേർക്കാനും ബിനോയ് വിശ്വം മറന്നില്ല. ആ സമയത്ത് രാജ്യസഭയിൽ അധ്യക്ഷത വഹിച്ചിരുന്നത് ഞാൻ ഒരിക്കൽ ബഹുമാനിച്ചിരുന്ന പഴയ ഒരു മാധ്യമ പ്രവർത്തകനായ ഹരിവംശ് ആയിരുന്നുവെന്നതിൽ എനിക്ക് ഇരട്ടി സന്തോഷം തോന്നി. തന്റെ രാഷ്ട്രീയ ആചാര്യനായ നിതീഷ് കുമാറിനോട് പോലും മത്സരിക്കാൻ വൈഭവമുള്ള പാർലമെന്ററി ‘അഭ്യാസ പ്രകടനങ്ങൾ’ ശീലിച്ച ഒരാളാണ് ഹരി വംശ്. വിശ്വം പറയുന്നതൊക്കെ കേട്ട് വെറുതെ ചിരിച്ച് സഹിച്ചുകൊണ്ടിരിക്കുക എന്നതു മാത്രമായിരുന്നു ഹരിവംശിന് ചെയ്യാനുണ്ടായിരുന്നത്. ഏറെ മാന്യത പ്രകടിപ്പിച്ചു കൊണ്ട് വിശ്വത്തിന് ഒരു മിനിറ്റ് അധിക സമയം അനുവദിക്കാൻ ഹരിവംശ് തയ്യാറായി.
തന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗത്ത് വിശ്വം പറഞ്ഞ അവസാന വാക്ക് ‘അടിച്ചമർത്തപ്പെട്ടവർ’ എന്നായിരുന്നു — ഉചിതമായ ശ്രദ്ധാഞ്ജലി തന്നെയായിരുന്നു അത്.
450 ഓളം ചോദ്യങ്ങൾ (ദേശീയ ശരാശരിയേക്കാൾ മുകളിൽ) ചോദിച്ചു കൊണ്ട്, 82 ശതമാനം ഹാജർ രേഖപ്പെടുത്തിക്കൊണ്ട് (വെറും എട്ടുശതമാനത്തിൽ താഴെയായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ ഹാജർ നിലയെന്ന കാര്യം ഓർമ്മിക്കണം), 320 ചർച്ചകളിൽ പങ്കെടുത്തു കൊണ്ട്, രണ്ട് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു കൊണ്ട് — അസൂയാവഹമായൊരു പ്രകടനം കാഴ്ചവച്ച ശേഷമാണ് അദ്ദേഹം പാർലമെന്റിന്റെ പടിയിറങ്ങുന്നത്.
ബിനോയ് വിശ്വത്തിന്റെ ശബ്ദം റെക്കോഡ് ചെയ്യാൻ ഉപയോഗിക്കുന്ന മൈക്കിനെക്കുറിച്ച് യാതൊരാശങ്കയുടേയും ആവശ്യമില്ലെന്ന് എനിക്ക് ഇനി ബൈജുവിനോട് ധൈര്യമായി പറയാം. തന്റെ ശബ്ദം ലോകത്തെ കേൾപ്പിക്കാൻ അദ്ദേഹത്തിന് നന്നായറിയാം. അതിൽ തുടിച്ചു നിൽക്കുന്ന പ്രത്യയ ശാസ്ത്രപരമായ സന്ദേശം തികഞ്ഞ ആശയവ്യക്തതയോടെ ഏറ്റവും ഉച്ചത്തിൽ തന്നെ നമുക്ക് കേൾക്കാൻ സാധിക്കുമെന്ന് തീർച്ച. അടുത്ത തവണ തിരുവനന്തപുരത്ത് പട്ടത്തുള്ള എഐടിയുസി ഓഫീസിൽ വച്ച് ബിനോയ് വിശ്വത്തെ കാണുമ്പോൾ ഞാൻ കുറച്ചു കൂടി ജാഗ്രതയുള്ളവനായിരിക്കും. ഖുശ്വന്ത് സിംഗ് തന്നെക്കുറിച്ച് പലപ്പോഴും പറയാറുണ്ടായിരുന്ന കാര്യം കടമെടുത്താൽ, ബിനോയ് വിശ്വം കാണുന്നതുപോലെ ആളത്ര ‘ശുദ്ധനൊ‘ന്നുമല്ല!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.