ഫ്രഞ്ച് ബാലെ മാസ്റ്ററായിരുന്ന ജീൻ ജോർജ് നോവറുടെ ജന്മദിനമായ ഏപ്രിൽ 29 ലോക നൃത്തദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് ജനങ്ങളിൽ നൃത്തത്തോടുള്ള ആഭിമുഖ്യം വളർത്തുകയെന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ, കലകൾ നിലകൊള്ളേണ്ടത് സമൂഹത്തിനു വേണ്ടിയെന്നു വിശ്വസിക്കുന്ന കലാമണ്ഡലം ഐശ്വര്യയുടെ നൃത്തജീവിതം കലാസ്നേഹികൾ അറിയാതെ പോകരുത്.
“സമൂഹത്തിന്റെ അടിത്തട്ടിൽനിന്നു വരുന്നൊരു വ്യക്തിയാണ് ഞാൻ. ജീവിത വ്യഗ്രതകളാൽ വിണ്ടുകീറിയതായിരുന്നു എന്റെ കുട്ടിക്കാലം. വീട്ടുജോലികൾക്കു പോയും, വീടുവീടാന്തരം കയറിയിറങ്ങി ചെടിയുടെ തൈകൾ വിറ്റുമാണ് എന്റെ അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും…” കേരള കലാമണ്ഡലം യുവപ്രതിഭാ പുരസ്കാരം നേടിയ ഐശ്വര്യ പറയുന്നു.
തുടക്കം ഒന്നുമില്ലായ്മയിൽ നിന്ന്
പുതുവർഷ പിറവിയ്ക്കു തൊട്ടുമുന്നെയുള്ളൊരു സുദിനത്തിൽ കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ വച്ചു കഥകളിയുടെ കാരണവരായ ഗോപിയാശാന്റെയും മോഹിനിയാട്ട ശ്രേഷ്ഠഗുരു ക്ഷേമാവതിയുടെയും സാന്നിദ്ധ്യത്തിൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, പൊന്നാട അണിയിച്ചാണ് 2022‑ലെ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത്, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമായാണ് ഞാൻ കരുതുന്നത്. കാരണം, എന്റെ തുടക്കം ഒന്നുമില്ലായ്മയിൽ നിന്നാണ്! മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും (MA), പെർഫോർമിങ് ആർട്ട്സിൽ M. Phil‑ലും നേടാനായി.
സാമൂഹിക പ്രതിബദ്ധത
കേരളത്തിന്റെ തനത് ക്ലാസ്സിക് നൃത്തരൂപമാണ് മോഹിനിയാട്ടം. ആ ചുവടുകൾ സമൂഹ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്ന് ഞാൻ കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലെങ്കിൽ കലാരൂപങ്ങൾ വ്യർത്ഥമായിത്തീരുന്നു. പുതുമകളിലൂടെ നൃത്തങ്ങൾക്ക് കൂടുതൽ അർത്ഥങ്ങൾ നൽകാൻ നമുക്കു സാധിക്കും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാൾ രാമവർമ്മ രാജാവിന്റെ കാലത്ത് പുത്തൻ ഉണർവ് ലഭിച്ച ലാസ്യ‑ലാവണ്യ സമ്പന്നമായ ആവിഷ്കാര കലയിൽ, സാമൂഹിക നന്മകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ധാരാളം പരിഷ്കാരങ്ങൾക്ക് സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവയായിരിക്കണം നമ്മുടെ കലാരൂപങ്ങൾ. കലകൾ നിലകൊള്ളേണ്ടത് സമൂഹത്തിനു വേണ്ടിയാണ്.
സ്കൂളിൽ കലാതിലകം
പഠിപ്പിനോടൊപ്പം പാട്ടും കവിതയെഴുത്തും നാടകാഭിനയവും മോഹിനിയാട്ടവും എന്റെ കൂടെയുണ്ടായിരുന്നു. നാട്യകലയുടെ ബാലപാഠം പഠിപ്പിച്ചത് എന്റെ അമ്മ തന്നെ. അമ്മയുടെ അമ്മ ഒരു തിരുവാതിരക്കളി നർത്തകിയായിരുന്നു. വലിയ വീടുകളിൽ പോയി അവിടെയുള്ളവരെ അമ്മമ്മ തിരുവാതിരക്കളി പഠിപ്പിച്ചിരുന്നു. അമ്മമ്മയുടെ ചോരയാണ് എന്റെ സിരകളിൽ ഒഴുകുന്നതെന്ന് അമ്മ ചിലപ്പോൾ ഓർമ്മിപ്പിക്കാറുണ്ട്. അമ്മയുടെ വാക്കുകളിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. അമ്മയിൽനിന്ന് നൃത്ത പരിശീലനം തുടങ്ങി. കലോത്സവങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളിലെ ജൂനിയർ, സീനിയർ നിലകളിൽ ലഭിച്ച വേദികളൊന്നും നഷ്ടപ്പെടുത്തിയതുമില്ല. സ്കൂൾ, ഉപജില്ല, റവന്യു ജില്ലാ തലങ്ങളിലെ മത്സരങ്ങളിലും പങ്കെടുത്തു. തുടർന്നാണ് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയന്റുകൾ നേടി സ്കൂൾ തലത്തില്‍ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.
കലാമണ്ഡലത്തിൽ കവിതയെഴുത്ത്
ഏഴാം ക്ലാസുമുതൽ ഞാൻ പഠിച്ചത് കേരള കലാമണ്ഡലത്തിലാണ്. ഗുരുകുല വിദ്യാഭ്യാസ രീതിയായതിനാൽ താമസവും കലാമണ്ഡലത്തിൽ തന്നെയായിരുന്നു. അക്കാലത്താണ് എനിയ്ക്ക് കവിതകൾ എഴുതുവാൻ കൂടുതൽ പ്രേരണ ലഭിച്ചത്. കുട്ടിക്കാലത്തു തന്നെ അമ്മയിൽ നിന്ന് പിരിഞ്ഞു താമസിക്കുന്നവരുടെ ദുഃഖം എന്നെ വല്ലാതെ അലട്ടി. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നിരുന്നത് ഒരുമിച്ചിരുന്നുള്ള വർത്തമാനങ്ങളും, വായനകളും ഇത്തിരി എഴുത്തും മറ്റുമൊക്കെയായിരുന്നു. ഏകാന്തത സർഗഭാവനകൾക്കും ചിറക് നൽകുമല്ലൊ. ഞാൻ കുറെ കവിതകളെഴുതി. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസികയായ ‘കേളി‘യിൽ അതിലൊന്ന് അച്ചടിച്ചുവന്നത്, എനിയ്ക്കുമാത്രമല്ല സഹപാഠികൾക്കെല്ലാം എഴുതാൻ ആവേശം നൽകി. ‘സുനാമി’ എന്ന ആ കവിത കുറെ സമ്മാനങ്ങളും നേടിത്തന്നു.
പ്രമേയങ്ങളെല്ലാം ജനനന്മയ്ക്ക്
UGC-Net വിജയിച്ചതിനു ശേഷം, PhD ബിരുദത്തിനായുള്ള ഗവേഷക വിദ്യാർത്ഥിയായി കലാമണ്ഡലത്തിൽ തന്നെ ചേർന്നു. ആയിടയ്ക്കാണ് കേരളത്തിൽ ദുരന്തം വിതച്ചുകൊണ്ട് 2018‑ൽ ആദ്യ പ്രളയമെത്തിയത്. സമാധാനത്തിൽ കഴിയുന്നൊരു സമൂഹത്തിൽ മാത്രമേ പ്രകടന കലകളും, ദൃശ്യ കലകളും വളരൂയെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനാൽ, ആവിഷ്കാരകലയിലൂടെ ശാന്തി സന്ദേശമെത്തിക്കാന്‍ ഞാൻ ശ്രമിച്ചു. അനവധി വേദികളിൽ മോഹിനിയാട്ട ചുവടുകളിലൂടെ ഞാൻ വരച്ചുകാട്ടിയത് ജന നന്മയ്ക്ക് ഉപകാരപ്പെടുന്ന പ്രമേയങ്ങളാണ്. രണ്ടാം പ്രളയവും, തുടർന്നെത്തിയ മഹാമാരിയും നാട്ടിൽ അശാന്തി പരത്തിയപ്പോൾ, ആവിഷ്കാര കലകൾ ജന നന്മയ്ക്കായ് പലതും ചെയ്യാൻ ത്രാണിയുള്ളൊരു മാധ്യമമാണെന്ന യാഥാർത്ഥ്യം പൊതുവേ അംഗീകരിക്കപ്പെടുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പുതുമകളിൽ ചാലിച്ചൊരുക്കിയ അവതരണങ്ങൾക്ക് ഗാനങ്ങളെഴുതിയും, സംഗീതം ചിട്ടപ്പെടുത്തിയും, പൊതുവേദികൾ ഒരുക്കിയും എത്രയോ സഹൃദയർ സഹകരിച്ചു.
മഹാമാരിക്കെതിരെ ‘Stay-home-stay-safe’
ഇരുണ്ട കാലത്ത് പ്രത്യാശയുടെ പ്രകാശം പരത്താൻ, പ്രശസ്ത കവിയും, നാടകകൃത്തും, പ്രഭാഷകനുമായ കരിവെള്ളൂർ മുരളിയുടെ ‘വരുക വീണ്ടും…’ എന്നു തുടങ്ങുന്ന വരികൾക്ക് നൃത്താവിഷ്കാരം ഒരുക്കി ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുവാനും, മാരക വൈറസിനെ നേരിടാൻ പൊതുജനങ്ങളെ തയ്യാറാക്കുവാനുമായിരുന്നു Stay-home-stay-safe എന്ന ഈ നൃത്തഭാഷ്യം. മഹാമാരി സ്തംഭിപ്പിച്ച തൊഴിൽ മേഖലയിൽ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടവർക്കൊരു കൈത്താങ്ങായി മാറി ഈ പരിപാടി. സാമൂഹിക അകൽച്ചയിൽ ഒറ്റപ്പെട്ടുപോയവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിപ്പിക്കാനും കുറെയൊക്കെ സാധിച്ചു. പ്രളയം സൃഷ്ടിച്ച ദുരിതത്തിൽ ജനം നട്ടംതിരിഞ്ഞപ്പോഴും എളിയ നർത്തകി എന്ന നിലയിൽ കഴിയുന്ന വിധം സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ വാങ്ങി ക്യാമ്പുകളിൽ എത്തിച്ചു കൊടുത്തു. കോവിഡ് കാലത്തും ദീർഘകാലം ഭക്ഷണ വിതരണം നടത്തി. പാചകവും, ഭക്ഷണ വിതരണവും സുഗമമാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.
പ്രകൃതിയെ വീണ്ടെടുക്കാൻ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ പ്രശസ്ത കാവ്യത്തിന് നൃത്തരൂപം ചിട്ടപ്പെടുത്തി പല വേദികളിലും അവതരിപ്പിച്ചു. മനുഷ്യന്റെ പ്രകൃതമാണ് പ്രകൃതിയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. ‘ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി… ’ എന്നു തുടങ്ങുന്ന കവിതയുടെ സന്ദേശം സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണ്. കവിത ഞാൻ തന്നെ പാടി നൃത്തം ചവിട്ടുകയായിരുന്നു. അടച്ചുപൂട്ടൽ കാലത്തെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടായിരുന്നു അവതരണങ്ങൾ.
ഇന്നോ നീ സുമംഗലി
ചലച്ചിത്ര അഭിനേതാവും കവിയും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെ (എം പി ഭട്ടതിരിപ്പാട്) ‘ഇന്നോ നീ സുമംഗലി’ എന്ന പ്രശസ്ത കവിതയ്ക്ക് മോഹിനിയാട്ടത്തിൽ ആവിഷ്കാരം ഒരുക്കി നിരവധി വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി കരുതുന്നു. വയസായ നമ്പൂതിരിമാർ ചെറിയ പെൺകുട്ടികളെ വിവാഹം ചെയ്തിരുന്നു. പ്രായാധിക്യത്താൽ മരണമടയുന്ന അവരുടെ ഭാര്യമാർ ചെറു പ്രായത്തിൽ തന്നെ വിധവകളായിത്തീരുന്നു. ദുസഹമായ ജീവിതം പിന്നീടവരെ പിന്തുടരുന്നു. എന്നാൽ, അക്കാലത്ത് നമ്പൂതിരി സമുദായത്തിന് നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രേംജി പ്രാവർത്തികമാക്കി. വിധവയായ ആര്യാ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസിൽ അദ്ദേഹം വിവാഹം ചെയ്തു, വിപ്ലവം സൃഷ്ടിച്ചു. അന്ധവിശ്വാസങ്ങൾക്കും, കൊടിയ ജീവിത ദുരവസ്ഥകൾക്കുമെതിരെ പോരാടിയ പ്രേംജിയ്ക്കുള്ളൊരു ശ്രദ്ധാഞ്ജലിയാണ് എന്റെ ഈ നൃത്തഭാഷ്യം. ‘ഇന്നോ നീ സുമംഗലി‘യിലെ ‘ഉമ’ എന്ന സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി സ്വയം പരിണമിച്ചു, ഉടനീളം ആടുകയായിരുന്നു ഞാൻ. എല്ലാ ദുർവിധികൾക്കെതിരെയും പട പൊരുതുന്ന ഉമ! പ്രൊഫ. പി ഗംഗാധരനും, ഡോ. എൻ കെ ഗീതയുമാണ് ‘ഇന്നോ നീ സുമംഗലി’ ചിട്ടപ്പെടുത്തിയത്.
അധ്യാപിക
നമ്മുടെ കലാപൈതൃകം പരിപോഷിപ്പിക്കുക, എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളർത്തുക മുതലായ ലക്ഷ്യങ്ങളോടെ കേരള സാംസ്ക്കാരിക വകുപ്പ് 2019 മുതൽ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കൽ നൃത്തങ്ങൾ, അഭിനയം, ചിത്രരചന, ശില്പനിർമ്മാണം, ഫോക്‌ലോർ തുടങ്ങിയ മേഖലകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. കലാവിഷയങ്ങൾ അക്കാഡമിക് ആയി പഠിച്ചവരിൽ നിന്നാണ് ഫെലോഷിപ്പ് കലാകാരന്മാരെയും കലാകാരികളെയും അധ്യാപനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അധ്യാപികയായി എന്നെ നിയമിച്ചു. മോഹിനിയാട്ടത്തെ വളരെ ലളിതമായി ആവിഷ്കരിക്കാനും, സാധാരണക്കാർക്ക് പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. മോഹിനിയാട്ട ചുവടുകളുമായി രാജ്യത്തിന്റെ തലസ്ഥാനത്തും (Commonwealth Games Inaugural Ceremony), വിദേശ രാജ്യങ്ങളിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും, വജ്രജൂബിലി ഫെലോഷിപ്പ് പോലെയുള്ളൊരു ജനകീയ പദ്ധതിയുടെ ഭാഗമാകുന്നതിലാണ് കൂടുതൽ അഭിമാനം തോന്നുന്നത്.
കൃതജ്ഞത
കലാമണ്ഡലത്തിലെ എല്ലാ ഗുരുക്കന്മാരും എനിയ്ക്കു പ്രിയപ്പെട്ടവരാണ്. അവരെയൊന്നും സ്മരിക്കാതെ എനിയ്ക്കു മുന്നോട്ടു പോകുവാനാവില്ല. മോഹിനിയാട്ടത്തെ എന്നിലേയ്ക്ക് പാകപ്പെടുത്തിയ എന്റെ പ്രിയ ഗുരു പ്രൊഫ. കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ വിയോഗം ഇന്നും തീരാനഷ്ടമാണ്.
കുടുംബ പശ്ചാത്തലം
പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കു കിഴക്കുള്ള ഓങ്ങല്ലൂരാണ് ജന്മദേശം. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ, അമ്മയുടെ കുടുംബമാണ് അഭയം നൽകിയത്. അമ്മയുടെ അനിയൻ ഭാസ്കരൻ അങ്കിൾ, ഭാര്യ സീത ആന്റി, അമ്മയുടെ ചേച്ചി പ്രേമ ആന്റി, അനിയത്തി മാലതി ആന്റി, ഗോപാലകൃഷ്ണൻ അങ്കിൾ എന്നിവരാണ് കുഞ്ഞായിരുന്നതു മുതൽ എല്ലാ പിന്തുണയും നൽകി സ്വന്തം മകളെപ്പോലെ എന്നെ നോക്കി വളർത്തിയത്. ഞാൻ മിശ്രവിവാഹിതയാണ്. സമൂഹത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ വിവാഹിതരായി. എന്നെപ്പോലെ, വളരെ സാധാരണ കുടുംബത്തിലെ അംഗമായ റഫീക് അമൻ ഇന്ന് എന്റെ തണൽ മരം മാത്രമല്ല, കലാവീഥിയിലെ നെയ്ത്തിരി വെട്ടം കൂടിയാണ്. റഫീക്കേട്ടൻ വിഭാവനം ചെയ്തതാണ് എന്റെ മികച്ച ചില രംഗാവതരണങ്ങൾ. ചലച്ചിത്ര അഭിനേതാവു കൂടിയാണ് അദ്ദേഹം. ഡോമിനിക് അരുൺ സംവിധാനം ചെയ്ത ‘ക്രെഡോ’, ‘മൃത്യുഞ്ജയം’ മുതലായവ റഫീക്കേട്ടന്റെ ജനപ്രിയ സിനിമകളാണ്. റിച്ചു, ഞങ്ങളുടെ മകൾ. ഞാൻ ഇപ്പോൾ തൃപ്പൂണിത്തുറയിലെ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്ട്സിൽ മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പദവിയിൽ ജോലി ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.