15 November 2024, Friday
KSFE Galaxy Chits Banner 2

കണ്ണീർക്കായലിലയുന്ന സൗഹൃദത്തോണി

രാജഗോപാൽ രാമചന്ദ്രൻ
ഓര്‍മ്മ
August 13, 2023 3:42 am

സൗഹൃദം തന്നെയാണ് സിദ്ധിക്ക് ലാൽ സൃഷ്ടിച്ച ചിത്രങ്ങളുടെ കാതൽ. സിദ്ധിക്ക് ലാൽ എന്നത് ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു രസതന്ത്രം രണ്ട് വ്യക്തികൾ തമ്മിലുണ്ടായപ്പോൾ സൃഷ്ടിക്കപ്പെട്ടതും സൗഹൃദത്തിലടിസ്ഥാനമായ ഒരു പിടി കാശുവാരി ചിത്രങ്ങൾ. സിദ്ധിക്ക് വിടപറയുമ്പോൾ മലയാളത്തിന് നഷ്ടപ്പെട്ടതും ഈ ഹീറ്റ്മേക്കിംഗ് സൗഹൃദത്തിന്റെ നെടുംതൂണിനെയാണ്.

ദാസനും വിജയനും (നാടോടിക്കാറ്റ്) എന്ന മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളുടെ സൃഷ്ടിയിൽ പങ്കാളികളായിക്കൊണ്ട് ആരംഭിച്ച സിദ്ധിക്ക്-ലാൽമാരുടെ സംവിധായക കൂട്ടുകെട്ട് ഒറ്റച്ചങ്കായിരുന്ന കടലാസിന്റെയും കന്നാസിന്റെയും (കാബൂളിവാല) സൃഷ്ടിയിലൂടെ ഒരു അർദ്ധവിരാമത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ലാലിന്റെ നിർമ്മാണത്തിൽ സിദ്ധിക്ക് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’ എന്ന ചിത്രം തികച്ചും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മാർത്ഥസനേഹത്തിന്റെ കഥയായിരുന്നു. സംവിധായകനായും തിരക്കഥാകൃത്തായും സിദ്ധിക്കും നടനായും നിർമ്മാതാവായും ലാലും മലയാള സിനിമയിൽ കാബൂളിവാലയ്ക്കു ശേഷവും തുടർന്നെങ്കിലും സിദ്ധിക്കും ലാലും മലയാളത്തിൽ തിരിച്ചറിയപ്പെട്ടത് സിദ്ധിക്ക് ലാലിലെ സിദ്ധിക്കായും ലാലുമായിരുന്നു.
സിദ്ധിക്ക് ലാൽ കൂട്ടായ്മയിലൂടെ ആദ്യം പുറത്തു വന്ന റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രം മാന്നാർ മത്തായി — ഗോപാലകൃഷ്ണൻ — ബാലകൃഷ്ണൻ എന്നീ മൂന്നു സുഹൃത്തുക്കളുടെ സാമ്പത്തിക പ്രതിസന്ധിയും പെട്ടെന്ന് കുറച്ചധികം കാശ് കിട്ടുമ്പോഴും നഷ്ടപ്പെടാത്ത സൗഹൃദവുമായിരുന്നു. തമ്മിൽതല്ലും പാരവയ്പ്പുമെല്ലാമുണ്ടെങ്കിലും ഈ സംഘത്തിന്റെ നിർമ്മിതി സൗഹൃദത്തിലടിസ്ഥാനമായിരുന്നു. കൂടെ കൂടിയ രേഖയുടെയും ഹംസക്കോയയുടെയുമൊക്കെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ തങ്ങൾക്ക് കിട്ടിയ ഭാഗ്യം പങ്കുവയ്ക്കുന്നതും ഈ സൗഹൃദം കാരണമാണ്. ‘മാന്നാർമത്തായി സ്പീക്കിംഗ്’ എന്ന തുടർഭാഗവും ഈ സൗഹൃദം മലയാളികൾ അംഗീകരിച്ചതിന്റെ ഭാഗമാണ്.
മഹാദേവൻ, തോമസ് കുട്ടി, ഗോവിന്ദൻകുട്ടി, അപ്പുക്കുട്ടൻ എന്നീ നാല് കൂട്ടുകാരുടെ ജീവിതമാണ് ‘ഇൻ ഹരിഹർ നഗറി‘ലൂടെ സിദ്ധിക്കും ലാലും ചേർന്ന് പിന്നീട് പറഞ്ഞത്. ഇവരുടെ ജീവിതത്തിലേക്ക് മായയെന്ന പെൺകുട്ടിയും പിന്നീട് മായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എത്തുന്നതോടെയാണ് ഹരിഹർനഗറിന്റെ കഥ വികസിക്കുന്നത്. മലായളത്തിലെ ഹിറ്റുകളുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ച ഈ ചിത്രത്തിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് പിന്നീട് ലാലിന്റെ സംവിധാനത്തിൽ ‘ടു ഹരിഹർ നഗറും’ ‘ഇൻ ഗോസ്റ്റ് ഹൗസും’ സൃഷ്ടിക്കപ്പെട്ടത്.
ആനപ്പാറ അച്ചമ്മ, അഞ്ഞൂറാൻ എന്നീ രണ്ട് ശത്രുക്കളുടെ കഥയാണ് ‘ഗോഡ്ഫാദർ’ എന്ന മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലൂടെ പറഞ്ഞതെങ്കിലും സുഹൃത്തുക്കളെ പോലെ ഒരു വീട്ടിൽ കഴിയുന്ന ബാലരാമനും, സ്വാമിനാഥനും, പ്രേമചന്ദ്രനും, രാമഭദ്രനും തമ്മിലുള്ള സ്നേഹവും തമാശയും വാശിയുമൊക്കെതന്നെയാണ് ഗോഡ്ഫാദറിന്റെ അടിസ്ഥാനം. രാമഭദ്രന്റെ സുഹൃത്തായ മായിൻകുട്ടിയുടെ സൃഷ്ടിയും ഇവർക്ക് നഷ്ടപ്പെടുത്താനാവാത്ത സുഹൃത്ത് ബന്ധത്തിലൂടെയുള്ള കോമഡി ട്രാക്കിന് വേണ്ടിയായിരിക്കാം. കോളനിയൊഴിപ്പിക്കാനെത്തിയ കൃഷ്ണമൂർത്തിയും കെ കെ ജോസഫും ചേർന്ന് സൃഷ്ടിക്കുന്ന തമാശകളാണ് വിയറ്റ്നാം കോളനിയുടെ അടിസ്ഥാനം. കന്നാസും കടലാസും എന്ന തെരുവിലെ സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കാബൂളിവാലയെന്ന കഥ പറയുന്നത്.

അരവിന്ദൻ, ചന്ദ്രൂ, ചക്കച്ചാംപറമ്പിൽ ജോയി എന്നിങ്ങനെയുള്ള മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമായ ഫ്രണ്ട്സ് ലാൽ നിർമ്മിച്ച് സിദ്ദിക്ക് സംവിധാനം ചെയ്ത ചിത്രമാണ്. ഹിറ്റായ ഈ ചിത്രം ഇതേ പേരിൽ തന്നെ പിന്നീട് തമിഴിലേക്ക് റിമേക്ക് ചെയ്തിട്ടുണ്ട്. ലാൽ കൂടി നിർമ്മാണ പങ്കാളിയായി സിദ്ധിക്ക് സംവിധായനം ചെയ്ത ‘ഹിറ്റ്ലർ’, ഹിറ്റ്ലർ മാധവൻകുട്ടിയെന്ന ഒറ്റയാന്റെ കഥയാണ് പറഞ്ഞതെങ്കിലും മുകേഷിന്റെ ബാലചന്ദ്രന്റെയും ജഗദീഷിന്റെ ഹൃദയഭാനുവിന്റെയും സൗഹൃദത്തിലടിസ്ഥാനത്തിലുള്ള ഹാസ്യരംഗങ്ങൾ ഹിറ്റ്ലറിന്റെ ചിരിവിജയത്തിന് കൈത്താങ്ങായിരുന്നു. ‘ക്രോണിക്ക് ബാച്ചില’റിലും, ‘ബോഡിഗാർഡി‘ലും, ‘ലേഡീസ് ആന്റ് ജന്റിൽമാനും’, ‘ഭാസ്കർ ദ റാസ്ക’ലിലും, ‘ബിഗ് ബ്രദറി‘ലുമെല്ലാം മുഖ്യകഥയോട് ചേർന്ന് കറയില്ലാത്ത സൗഹൃദ ട്രാക്കുകൾ നമുക്ക് കാണാം.
മാന്നാർ മത്തായി’, റാംജിറാവ്, ജോൺ ഹോനായി, അഞ്ഞൂറാൻ, ആനപ്പറമ്പിൽ അച്ചാമ്മ, ചക്കച്ചാംപറമ്പിൽ ലാസർ, ഗീർവാസീസ് ആശാൻ, ഹൃദയഭാനു, മായിൻകുട്ടി… ഇങ്ങനെ മലയാളി അധികം കേട്ടിട്ടില്ലാത്ത പേരുകളുടെ സൃഷ്ടിക്കാളും സിദ്ധിക്ക് ലാൽ എന്ന ഒറ്റനാമമാണെന്ന് ഒരു ഘട്ടത്തിൽ മലയാളി വിശ്വസിച്ചിരുന്നു. 1989 ൽ തുടങ്ങി 1993 ൽ അവസാനിച്ച അഞ്ചുവർഷത്തിനിടയിൽ വിരലിലെണ്ണാവുന്ന അഞ്ച് ചിത്രങ്ങൾ മാത്രമേ അവരുടേതായി പുറത്തുവന്നിട്ടുള്ളു. പിന്നീട് സിദ്ധിക്കായും ലാലായും തുടർന്ന സ്വതന്ത്രയാത്രയിൽ ലാലിനെ വിട്ട്… നല്ല സിനിമയെ വിട്ടാണ് സിദ്ധിക്ക് വിട പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.