26 December 2024, Thursday
KSFE Galaxy Chits Banner 2

മരുഭൂമിയിലെ തീയും ഹൃദയത്തിലെ നീരും

എ എസ് ദിനേശ് 
January 21, 2024 3:18 am

നഷ്ടപ്പെട്ടുപോയ ഉമ്മയെ തേടിയെത്തിയ മകളുടെ കഥ പറഞ്ഞ് കൂട്ടി കൊണ്ടുപോയി മരുഭൂമിയുടെ ഭീകര ദൃശ്യങ്ങൾ കാണിച്ച് പ്രേക്ഷകർക്ക് നേരേ ചൊവ്വേ ശ്വാസം വിടാൻ പോലും അനുവദിക്കാതെ വിസ്മയിപ്പിക്കുന്ന നേർക്കാഴ്ചകളുടെ സിനിമയാണ് ‘രാസ്ത.’
രാസ്തയുടെ വൻ വിജയത്തെ തുടർന്ന് സംവിധായകൻ അനീഷ് അൻവർ ചിത്രത്തിലെ വിശേഷങ്ങൾ പങ്കിടുന്നു…

രാസ്ത എന്ന പേര്

രാസ്ത എന്നത് ഒരു ഹിന്ദി വാക്കാണ്. വഴി എന്നാണ് അർത്ഥം. അതിജീവനത്തിനായി വഴി കണ്ടെത്തുന്നവരുടെ ത്രില്ലർ കഥയാണ് പറയുന്നത്. പിന്നെ, ആദ്യമായിട്ടായിരിക്കും ജിസിസി പോലുള്ള രാജ്യങ്ങളിൽ നിന്ന് ഒരു ഫുൾ ടൈം അറബിക് സിനിമ വരുന്നത്.
അതുകൊണ്ടു തന്നെ ‘രാസ്ത’ എന്ന പേരാണ് ചിത്രത്തിന് അനുയോജ്യം.

മലയാളികൾക്കൊപ്പം ഒമാൻ താരങ്ങളും

ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്. മാത്രമല്ല, രാസ്ത അറബിയിലും അവതരിപ്പിക്കുന്നുണ്ട്.

സംവിധായകനും പ്രധാന കഥാപാത്രം

മരുഭൂമിയിലെ വളരെ വിഷമകരമായ അവസ്ഥയിൽ സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ അഭിനയിക്കേണ്ടി വന്നു. ഏറേ കഷ്ടപ്പെട്ടു രണ്ടും കൂടി ചെയ്യാൻ. നിശ്ചയിച്ച താരങ്ങളുടെ ഡേറ്റിന്റെ പ്രശ്നങ്ങളും മുപ്പത്തിയഞ്ച് ദിവസത്തിലധികം അടുപ്പിച്ച് അവിടെ വേണ്ടതിനാലും മറ്റു മാർഗമില്ലാതെ ഞാൻ അഭിനയിക്കുകയായിരുന്നു. എന്തായാലും നല്ല അഭിപ്രായം ലഭിച്ചതിനാൽ ഏറേ സന്തോഷമുണ്ട് ”

റിയൽ സ്റ്റോറി

റിയൽ സ്റ്റോറി എന്ന് വേണമെങ്കിൽ പറയാം. പക്ഷേ, ഇത് ടോട്ടലി ഒരു റിയൽ ഇൻസിഡന്റിൽ നിന്ന് ഉള്ളതല്ല. പക്ഷേ ഇതിൽ ഞങ്ങൾ പറയുന്ന ഒരു സംഭവം, അത് 2011 സൗദിയിൽ നടന്നതാണ്. അത് ഞങ്ങൾ കുറച്ചു സിനിമാറ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട്.
ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണമെഴുതിട്ടുള്ളത്.
റുബൽ ഖാലി എന്ന പ്രദേശത്ത് നടക്കുന്ന കഥയാണ് പ്രധാനമായും പറയുന്നത്. സൗദി, ഒമാൻ,യെമൻ, യുഎഇ തുടങ്ങിയ നാല് രാജ്യങ്ങളുടെ അതിർത്തിയിൽ കിടക്കുന്ന പ്രദേശമാണ് റുബൽ ഖാലി. പൂര്‍ണമായും മരുഭൂമി. കേരളത്തിന്റെ ഇരുപതിരട്ടി വലിപ്പം ഉള്ള പ്രദേശം. അതിന്റെ മനോഹാരിതയും ഭീകരതയും പേടിപ്പെടുത്തലും ഒക്കെ കാമറമാൻ വിഷ്ണു നാരായണൻ സിനിമയിലേക്ക് ആവാഹിച്ചിട്ടുണ്ട്.

ഗാനങ്ങൾ

മ്യൂസിക്കിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മൂന്നു പാട്ടുകളാണ് ഉള്ളത്. അവിൻ മോഹൻ സിതാരയാണ് സംഗീത സംവിധായകൻ. ബി കെ ഹരി നാരായണൻ, വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെതാണ് വരികൾ.
വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ. വിനീത് ശ്രീനിവാസൻ പാടിയ ഗാനം സൂപ്പർ ഹിറ്റാണ്.

റുബൽ ഖാലിയിലെ ഷൂട്ടിങ്

ഇതിന്റെ ഷൂട്ട് നടന്നത് റുബൽ ഖാലിക്ക് അടുത്തുള്ള മറ്റൊരു ഡെസേർട്ടിൽ വെച്ചാണ്. ഷൂട്ട് വലിയ പ്രയാസമായിരുന്നു. കാരണം റുബൽ ഖാലിയിൽ അവൈലബിലിറ്റി കുറവാണ്. മാത്രമല്ല അവിടെ ഉള്ളിലേക്ക് ചെന്ന് ഇത്രയും വലിയൊരു ക്രൂ ഇത്രയും ദിവസം ഷൂട്ട് ചെയ്യുക എന്നത് വലിയ റിസ്കാണ്. അതിൽ പല കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി ചൂട്. ഷൂട്ട് നടന്നത് വിന്റർ സീസണിലാണ്. എന്നിട്ടുപോലും നമുക്ക് പലപ്പോഴും ചൂട് താങ്ങാൻ പറ്റിയില്ല. പാമ്പുകളും മറ്റും കൂടുതലായുള്ള ഒരു ഏരിയയായിരുന്നു. അതുകൊണ്ടു ഈ ഒരു ടോപിക് പറയുമ്പോൾ തന്നെ നമ്മുടെ ലൊക്കേഷൻ മാനേജർ പറഞ്ഞിരുന്നു അവിടെ പോസ്സിബിൾ ആവാൻ പാടാണെന്ന്. അതുകൊണ്ടാണ് തൊട്ടടുത്ത മറ്റൊരു വലിയ പ്രദേശം ഷൂട്ടിനായി തിരഞ്ഞെടുത്തത്. അവിടെയും ചൂടിന് ഒരു കുറവും ഇല്ലായിരുന്നു. പരമാവധി ഉള്ളിലേക്ക് പോയിട്ടാണ് ഷൂട്ട് ചെയ്തത്. എഴുപത് കിലോമീറ്റർ വരെ പോയിട്ടുണ്ട്. ഈ ദൂരം പോകുന്നതിന് വഴികൾ ഒന്നുമില്ല. നമ്മൾ കാണുന്ന മണൽ കുന്നുകൾ ഇല്ലേ, അതൊക്കെ കയറിയാണ് പോകുന്നത്. അവിടത്തുകാരായ കുറച്ചു നല്ല ഡെസേർട്ട് ഡ്രൈവേഴ്സ് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, ഈ ഷൂട്ടിങ് തുടങ്ങി തീരുന്നത് വരെ. അവർ ഇങ്ങനെയുള്ള സെറ്റപ്പൊക്കെ ആദ്യമായി കാണുകയാണ്. ഡെസേർട്ടിൽ ഇടയ്ക്കു പൊടി കാറ്റൊക്കെ വരും. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ചിലപ്പോൾ നമ്മൾ വണ്ടിക്കു മറഞ്ഞിരിക്കും. അത് പോലെ ഷൂട്ടിന്റെ ആദ്യ ദിവസങ്ങളിൽ ചൂട് താങ്ങാൻ പറ്റാതെ നമ്മുടെ മിക്ക ക്രൂ മെമ്പേഴ്സും തളർന്നു വീണ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എല്ലാവരും വെള്ളം മുഖത്തേക്ക് സ്പ്രേ ചെയ്തു കൊണ്ടാണ് പകൽ നിന്നിരുന്നത്.
എന്ത് തന്നെ ആയാലും ഇതിനൊക്കെ നല്ലൊരു റിസൾട്ട് ഉണ്ടായതിലും പ്രേക്ഷകർ അംഗീകരിച്ചതിലും ആ ചിത്രത്തിലെ എല്ലാവർക്കും ഏറേ സന്തോഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.