സിനിമയിൽ പത്ത് വർഷം. ഇതിനിടെ നൂറിലധികം ചിത്രങ്ങൾ. മലയാളികൾക്ക് ഏറെ സുപരിചിതയാണ് അമ്പിളി ഔസേപ്പ്. എന്നിട്ടും എന്തായിരിക്കാം താരത്തെ പലരും തിരിച്ചറിയാതെ പോകുന്നത്. തിയേറ്ററിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘മന്ദാകിനി.’ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മുഴുനീള കഥാപാത്രമായ ‘വിജയലക്ഷ്മി‘യെ പ്രേക്ഷകർക്ക് നന്നായറിയാം. ആ വിജയലക്ഷ്മിയാണ് തൃശൂർ സ്വദേശിനിയായ അഭിനേത്രി അമ്പിളി ഔസേപ്പ്. താരം വിശേഷങ്ങൾ പങ്കിടുന്നു.
നാടകം
നാടക പ്രവർത്തകനും കലാകാരനുമായിരുന്ന തോപ്പിൽ ഔസേപ്പാണ് എന്റെ അച്ഛൻ. അപ്പച്ചൻ എന്ന് പേര് പറഞ്ഞാൽ തൃശൂരുകാർക്ക് സുപരിചിതമാകും. ഒത്തിരി നാടകങ്ങൾ അദ്ദേഹം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അച്ഛൻ വഴിയാണ് ഞാൻ നാടകത്തിലേക്ക് വരുന്നത്. ഒട്ടേറെ നാടകങ്ങളിൽ ഞാൻ അഭിനയിച്ചു. നാടകവഴിയിലൂടെയാണ് യാദൃച്ഛികമായി സിനിമയിലേക്ക് എത്തുന്നത്.
സിനിമ
മുരളി ഗോപിയും ആസിഫ് അലിയും അഭിനയിച്ച ‘കാറ്റ് ‘എന്ന സിനിമയായിരുന്നു എന്റെ ആദ്യചിത്രം. പിന്നീട് ധാരാളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. നാടകരംഗത്ത് നിന്ന് വന്നതുകൊണ്ട് വളരെ അനായാസേന കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ കഴിഞ്ഞു. ഓരോ സിനിമകളിലും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നെത്തേടി വന്നത്. ഒന്നിനൊന്ന് വേറിട്ടവ.
തിരിച്ചറിയപ്പെടാതെ പോകുന്നു
പലരും എന്റെ സിനിമകൾ കാണുകയും ആ കഥാപാത്രങ്ങളെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ഞാനാണെന്ന് തിരിച്ചറിയപ്പെടാറില്ല. അത് എന്റെയൊരു ഭാഗ്യമാണെന്നാണ് പലരും സ്നേഹപൂർവ്വം പറയുന്നത്. പക്ഷേ മലയാളത്തിലെ ഏറ്റവും പ്രമുഖ സംവിധായകരുടെ സിനിമകളിലും സൂപ്പർ താരങ്ങൾക്കൊപ്പവും ഞാൻ അഭിനയിച്ചു. പത്ത് വർഷമാകുന്നു. നൂറോളം സിനിമകളിൽ അഭിനയിച്ചു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം പ്രേക്ഷകർ എന്നെ തിരിച്ചറിയാതിരിക്കുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. അമ്പിളി ഏറെ പ്രയാസത്തോടെ പറയുന്നു.
സിനിമ തന്ന സൗഭാഗ്യം
വളരെ സാധാരണ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിലും. സിനിമ എനിക്ക് വളരെ വലിയ സൗഭാഗ്യമാണ് നല്‍കിയത്. സിനിമയല്ലാതെ മറ്റൊരു തൊഴിലും ഞാൻ ചെയ്യുന്നില്ല. സാമ്പത്തിക പ്രയാസമില്ലാതെ സന്തോഷകരമായി ജീവിക്കാൻ എനിക്ക് സിനിമ സൗകര്യമൊരുക്കിയിട്ടുണ്ട്. അതിൽ ഞാൻ സന്തോഷവതിയാണ്. എനിക്ക് സിനിമ നല്‍കിയിട്ടുള്ള സംവിധായകരോടും നിർമ്മാതാക്കളോടും സഹപ്രവർത്തകരോടും എനിക്കേറെ നന്ദിയുണ്ട്.
പുതിയ ചിത്രം
ഏതാണ്ട് അഞ്ചോളം ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. അടുത്തിടെ ഇറങ്ങിയ ‘ഹെൽപ്പർ’ എന്ന ഷോട്ട്ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ ശ്രീദേവ് കപ്പൂർ ഒരുക്കിയ ആ ചിത്രത്തിൽ ഞാനായിരുന്നു നായിക. ഒത്തിരി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രമായിരുന്നു അത്. ഞാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്യുന്ന ‘ഒരു കെട്ടുകഥയിലൂടെ’ എന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ക്ഷണം ലഭിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.