23 December 2024, Monday
KSFE Galaxy Chits Banner 2

താഴമ്പൂ കാറ്റുതലോടിയ പോലെ

ഷര്‍മിള സി നായര്‍
ഓര്‍മ്മയിലെ പാട്ട്
June 18, 2023 2:15 am

തൊണ്ണൂറുകളുടെ മധ്യത്തിലാണ്, ഒരോണത്തലേന്ന് പത്രം മറിച്ചു നോക്കുന്നതിനിടയിലാണ് ആ അപകട വാർത്ത കാണുന്നത്. ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ കെഎസ്ആർടിസി ബസ് തട്ടിയുവാവ് മരിച്ചു. ഒറ്റ പ്രാവശ്യമേ ആ ചിത്രത്തിലേക്ക് നോക്കിയുള്ളൂ. മൂന്ന് വർഷം ഒരേ ക്ലാസിൽ പഠിച്ചിട്ടും ഒരിയ്ക്കൽ പോലും മിണ്ടിയിട്ടില്ലാത്ത സഹപാഠി. അകാലത്തിൽ പൊലിഞ്ഞു പോയ ആ ജീവിതം ഒരു നീറ്റലായി കുറേ നാൾ മനസിൽ തങ്ങിനിന്നു. പിന്നെ, അയാളും ആ മരണവുമൊക്കെ ഓർമ്മയിൽനിന്നെങ്ങോ മാഞ്ഞു പോയി. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ആഗസ്റ്റ് 24. ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനുയുളള യാത്രയിലായിരുന്നു ഞാനും അവളും. ചിരിയിലും സംസാരത്തിലും നന്നേ പിശുക്കു കാണിച്ചിരുന്ന അവൾ പഠിക്കുന്നകാലത്ത് അടക്കവും ഒതുക്കവുമുള്ള പെൺകുട്ടികളുടെ പര്യായമായിരുന്നു, ഇന്നുമതേ. വിലക്കുകൾ തീർത്ത മതിൽക്കെട്ടിനുള്ളിലെ സുരക്ഷിതത്വം എന്നും ആസ്വദിച്ചിരുന്നവൾ. കോരിച്ചൊരിയുന്ന മഴ. ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങൾ. ഒരു കെഎസ്ആർടി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച എന്നോട് പെട്ടെന്നാണവൾ പറഞ്ഞത്
” വേണ്ട. പതിയെ പോവാം. നിനക്കറിയില്ലേ ഇതുപോലൊരു ആഗസ്റ്റ് 24 നാണ് അവൻ പോയത്. മഴയത്ത് ഒരു ബസിനെ മറികടന്നതായിരുന്നു. അന്നെന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം. അവനെന്നെ വല്യ ഇഷ്ടമായിരുന്നു. പ്രണയമായിരുന്നോന്ന് അറിയില്ല. കല്യാണം കഴിക്കണമെന്ന് വല്യ ആഗ്രഹമായിരുന്നു. അന്ന് ചേച്ചീടെ കല്യാണം കഴിഞ്ഞിരുന്നില്ല. അവന് ജോലിയുമായിരുന്നില്ല. ചിലർ ജീവിതത്തിലൂടെ കടന്നുപോവും, സ്വന്തമാവാതെ…”
ഒരു നിമിഷം ഞങ്ങൾക്കിടയിൽ പടർന്ന മൗനത്തിന് അയവ് വരുത്താനെന്നോണം ഞാൻ സ്റ്റീരിയോ ഓൺ ചെയ്തു. ചില സന്ദർഭങ്ങളിൽ ചില പാട്ടുകൾ അനൗചിത്യമായി മാറാറുണ്ട്. ഏറെ പ്രിയപ്പെട്ടതെങ്കിലും ആ സന്ദർഭത്തിൽ ആ ഗാനം ഞങ്ങൾക്കിടയിൽ വീണ്ടുമൊരു നൊമ്പരമായി. 1988 ൽ പുറത്തിറങ്ങിയ എംടി- ഹരിഹരൻ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിൽ യേശുദാസ് വിഷാദാർദ്രമായി ആലപിച്ച ഗാനം.
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം
പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ…
ഒരു കവിതയുടെ സൗന്ദര്യം ആസ്വാദക മനസിൽ സൃഷ്ടിക്കുന്ന, ആത്മാവിലേക്ക് അലിഞ്ഞിറങ്ങുന്ന ഒഎൻവിയുടെ വരികൾ. പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധനായ പണ്ഡിറ്റ് രഘുനാഥ് സേഥ് മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമാണ് ‘ആരണ്യകം.’ 91 ലാണ് ആരണ്യകം കാണുന്നതെന്നാണ് ഓർമ്മ. സലീമയും, ദേവനും വിനീതും പ്രധാന വേഷത്തിലെത്തിയ ചിത്രം.

ആദിവാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന മുതലാളി വർഗത്തിനെതിരെ പോരാടാനിറങ്ങുന്ന നക്സലൈറ്റ് നായകനായി ദേവനും, അനുസരണയുള്ള ഒരു കോൺവന്റ് വിദ്യാർത്ഥിയെ അനുസ്മരിപ്പിക്കുന്ന മോഹനായി വിനീതും, എന്റെ ഉള്ളിലെ കിറുക്കത്തിയെ പകർത്തിയതാണോന്ന് പലപ്പോഴും ശങ്കിച്ചുപോയിട്ടുള്ള അമ്മിണിയായി സലീമയും. ഒപ്പം, ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന വയനാടൻ കാടുകളുടെ വന്യവശ്യതയും.
“ഞാൻ വന്നു. വന്ന വിവരം എല്ലാവരോടും പോയിപറ“യെന്ന് കിളിയോട് കിന്നാരം പറയുന്ന അമ്മിണി. കാട്ടിനുള്ളിലൂടെ ചൂളമടിച്ച് പാട്ടും പാടി നടക്കുന്ന അവൾ മറ്റുള്ളവരുടെ കണ്ണിൽ ഒരു കിറുക്കത്തിയാണ്. പക്ഷേ, പ്രതികരണശേഷിയും ആർദ്രതയും നീതിബോധവും ബുദ്ധിയുമുള്ള ഒരസൽ പെണ്ണാണവൾ. നമ്മുടെ സ്ഥിരം സ്ത്രീ സങ്കല്പങ്ങളിൽ നിന്ന് വ്യത്യസ്തമായി സമൂഹത്തിലെ തിന്മകളോട്, മുതലാളിത്തത്തോട് യാഥാസ്ഥിതികതയോടൊക്കെ കലഹിക്കുന്ന നർമ്മബോധമുളള പെൺകുട്ടി. കാടിനെ, മണ്ണിനെ, പക്ഷികളെ, ശരികളെ പ്രണയിച്ച പെൺകുട്ടി. സിനിമയെന്ന ദൃശ്യകലയ്ക്ക് വൈകാരികതയുടെ ശക്തി പകർന്നു നൽകിയ എംടിയുടെ തൂലികയിൽ വിരിഞ്ഞ അപൂർവ സ്ത്രീ കഥാപാത്രം.
വായനയും അല്പസ്വല്പം എഴുത്തും ഉള്ളിലൊരധികം കിറുക്കുമായി നടന്നിരുന്ന തൊണ്ണൂറുകളിൽ സമാനഹൃദയായ അമ്മിണിയെ ഇഷ്ടപെടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവളെപ്പോലെ ഞാനും അമ്മയില്ലാത്തൊരു കുട്ടിയായിരുന്നു. പലപ്പോഴും ഒറ്റയ്ക്കായിപ്പോയ കുട്ടി. എന്റെ ഒറ്റപ്പെടലിലേക്കാണല്ലോ ‘ആത്മാവിൽ മുട്ടി വിളിച്ചതുപോലെ’ അവൾ കടന്നുവന്നതും വയനാടൻ കാടിന്റെ മാസ്മരികതയിലേക്ക് കൈപിടിച്ചുകൊണ്ടുപോയതും.

 

നിഷ്കളങ്കയായ, വിഷാദഭാവമുള്ള അമ്മിണിയെന്ന കിറുക്കത്തിയെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന മോഹൻ ആ ആഗ്രഹം അവളെ അറിയിക്കുന്നു. ഇഷ്ടമായിട്ടുകൂടി മോഹനെ ആഗ്രഹിക്കുന്ന, തന്നെ സംരക്ഷിക്കുന്ന വല്യമ്മയുടെ മകൾക്കായി ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ട് അവൾ. അമ്മിണിയുടെ ചിന്തകളായാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര ഗാനലോകത്തെ ഭാവസാന്ദ്രമാക്കിയ കവിയുടെ തീവ്രമായ പ്രകൃതി ബോധത്തിലൂന്നിയ വരികൾ ഒരു നനുത്ത നിലാ സ്പർശം പോലെ മനസ്സിനെ തലോടിപ്പോവുന്നു.
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ…
ഓരോ കേൾവിയിലും ‘ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന’ നാട്ടുവഴിയോരത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന അനുഭവം. കാടും, കാവും തോടുമൊക്കെ ഓർമ്മയിലോടിയെത്തും. വല്ലാത്ത ദൃശ്യചാരുത പകരുന്ന ഗാനം. വേണുവിന്റെ ക്യാമറ സഞ്ചരിക്കുന്ന വഴികൾ പറയാതെ വയ്യ. ‘എവിടെയോ കളഞ്ഞു പോയ കൗമാരം’ തിരികെ കിട്ടുന്ന അനുഭൂതി. ഇന്നലെയല്ലേ ഞാനേതോ മരക്കൊമ്പത്ത് എത്താത്ത കിളിക്കൂട് നോക്കി ചിരിച്ചതും വാഴത്തേൻ കട്ടുകുടിക്കുന്ന അണ്ണാരകണ്ണനോടു പരിഭവിച്ചതുമെന്ന് തോന്നിപോവാറുണ്ട്. ഗാനത്തിന്റെ പല ഭാഗങ്ങളിലും വിനീത് കടന്നുവരുന്നുണ്ടെങ്കിലും അമ്മിണിയും, ഏകാന്തതയും കാടിന്റെ ചാരുതയും തന്നെയാണ് ഗാനരംഗം ഹൃദ്യമാക്കുന്നത്. ആ വന്യതയിൽ ഏതൊരു പെൺഹൃദയമാണ്, ‘പൊന്നരയാലിൽ മറഞ്ഞിരുന്ന് കൊതിച്ചു പാടുന്ന ഒരു കിന്നരകുമാരനെ’ കൊതിച്ചു പോവാത്തത്!
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ…
മനസ് ഒരു കഥാപാത്രത്തിൽ കുടുങ്ങികിടന്നുപോയ നാളുകൾ. മോഹന്റെ മരണ വാർത്തയറിഞ്ഞ് ഉറച്ചൊന്ന് കരയാൻ പോലുമാവാതെ വിതുമ്പി നിൽക്കുന്ന അമ്മിണി. മോഹന് തന്നെയല്ല അമ്മിണിയെ ആയിരുന്നു പ്രിയമെന്നറിയാതെ, പൊട്ടിക്കരയുന്ന ഷൈല ചേച്ചി (പാർവ്വതി)യെ ആശ്വസിപ്പിക്കുന്ന അമ്മിണി. ആത്മാവിൽ മുട്ടി വിളിച്ച് കടന്നുപോയ ആ കിന്നര കുമാരന്റെ ജീവനെടുത്ത മുരളി (ദേവൻ)യെ രക്ഷപ്പെടാൻ സഹായിക്കുന്ന അമ്മിണി. ‘ഏതാ ശരി ഏതാ തെറ്റെന്നറിയില്ല മോഹനേട്ടാ‘ന്ന് പറയുന്ന അമ്മിണി… നമ്മളോരോരുത്തരിലും ഒരമ്മിണിയില്ലേ, ഒരു സ്വപ്ന സഞ്ചാരി.
ഒരാളുടെ ചേതനയറ്റ ശരീരത്തിനു സമീപം, ആരായെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ഞാനിരുന്നിട്ടുണ്ടെന്ന് പറഞ്ഞ പ്രിയസുഹൃത്തിൽ, സഫലമാകാതെ പോയൊരിഷ്ടം വിങ്ങലായി കൊണ്ടു നടന്ന സഹപാഠിയുടെ മരണത്തിനു മുന്നിൽ പകച്ചു നിന്ന പ്രിയ കൂട്ടുകാരിയിൽ ഒക്കെ അമ്മിണി അനുഭവിച്ച നിസ്സഹായത തൊട്ടറിഞ്ഞിട്ടുണ്ട്. എന്തിനേറെ ഏതാ ശരി ഏതാ തെറ്റെന്നറിയാതെ പകച്ചു പോവുന്ന സന്ദർഭങ്ങളിൽ സ്വന്തം ശരിയിലൂടെ സഞ്ചരിക്കൂന്ന് ഉള്ളിലിരുന്ന് അമ്മിണി പറയാറുളളത് ഞാനും അനുഭവിച്ചിട്ടുള്ളതാണല്ലോ. ആ കിറുക്കത്തിയോടുള്ള ഇഷ്ടം തന്നെയല്ലേ ഈ ഗാനത്തിനോടുള്ള പ്രിയം.
എന്നിട്ടും എന്നോട് കലഹിച്ച് ഒരിയ്ക്കൽ യാത്ര പോലും പറയാതെ ഇറങ്ങി പോയതല്ലേ അവൾ. അവൾക്ക് അങ്ങനെ എത്രനാൾ മാറിനിൽക്കാനാവും. അതല്ലേ ഇപ്പോഴുമവൾ ആത്മാവിൽ മുട്ടി വിളിക്കുന്നത്.
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം
പൂവുചാർത്തിയ പോലെ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.