22 December 2024, Sunday
KSFE Galaxy Chits Banner 2

അദ്ഭുതപ്പെടാന്‍ ഒന്നുമില്ല

സരൂപ
January 9, 2022 4:15 am

‘അദ്ഭുത’മെന്ന പേരിലൊരു
പുരുഷനെ
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
വന്നവർ വന്നവർ
ഉറക്കെ പേര് പറഞ്ഞിട്ട്
ഇറങ്ങിപ്പോകുന്നു.
ഞാനേതോ പേരുകാരനെ
വിഴുങ്ങാൻ കാത്തിരിക്കുന്ന
ഉരഗമാണെന്നേ തോന്നൂ
ഇറങ്ങിപ്പോകുമ്പോഴുള്ള
അവരുടെ പുളച്ചിൽ കണ്ടാൽ.
വന്നവരിൽ പലരും തങ്ങളുടെ
അടുത്തു നിന്നവരുടെ
പേരുകളാണ് പറഞ്ഞത്.
‘വിഷാദം’ കയറി വന്നു
‘വിനോദ’മെന്ന് പേര് പറഞ്ഞു.
‘ഭയ’ത്തെ തിരിച്ചറിയാനാണ്
ഏറെ പ്രയാസപ്പെട്ടത്.
പുറം ചട്ടകൾ കൊണ്ട്
മൂടി നിർത്തിയിരുന്ന
ഒരു മൃതദ്ദേഹമായിരുന്നു അയാൾ
പലതരം ആയുധങ്ങൾ
ആ ശരീരത്തെ
കുത്തി നിർത്തിയിരുന്നത്
കണ്ടു നിൽക്കുമ്പോൾ,
പൊടുന്നനെ അയാൾ പറഞ്ഞ
‘ധൈര്യ’മെന്ന പേര്, ഞാൻ
വിശ്വസിച്ചു പോയി.
പിന്നെയും പലരും വന്നു
പല പേരുകളും കേട്ടു
‘ഏകാന്തത’യും ‘നിശബ്ദത’യും
സ്വന്തം പേര് തന്നെ
പറഞ്ഞിട്ടു പോയി.
‘ശൂന്യത ’ അവന്റെ പേര്
മറന്നിട്ടാണ് പോയത്
എന്നിട്ടും പോകാൻ ഓർത്തു വച്ചു!
‘ക്രൂരത’
പേരു പറയാൻ തയ്യാറായില്ല.
അദ്ഭുതമെന്ന പേരു മാത്രം
അബദ്ധത്തിൽ പോലും
ആരും പറഞ്ഞില്ലല്ലോ എന്ന്
അദ്ഭുതപ്പെടുന്നതിനിടയിലാണ്
ആ പേരിൽ കണ്ടുമുട്ടിയ
ഒരുപാട് പെണ്ണുങ്ങളെ
ഓർമ്മ വന്നത്.
അദ്ഭുതപ്പെടാനൊന്നുമില്ല
നമ്മുടെ പെണ്ണുങ്ങളുടെ
പല പേരുകൾക്കും
അവരുടെ ആണുങ്ങൾ ഇതുവരെ
പ്രാപ്തരായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.