22 March 2025, Saturday
KSFE Galaxy Chits Banner 2

ഓർമ്മകളുടെ മഴ

മഞ്ജു മത്തായി
March 19, 2023 2:43 am

ഹൃദയത്തിൽ നിന്ന് വരുന്ന
നിശബ്ദമായ പ്രാർത്ഥനകൾപോലെയാണ്
ചില പ്രണയങ്ങൾ
മിണ്ടുകയേയില്ല
ഒന്നും പറയില്ല
കണ്ടില്ലല്ലോയെന്ന് പരിഭവം പറയില്ല
നഷ്ടപ്പെട്ട് പോയെന്ന് പരിതപിക്കില്ല
എന്നും കാത്ത് നിൽക്കില്ല
ഒരു പൂപോലും വച്ച് നീട്ടില്ല
ഒരു ചുംബനപ്പാടുകളും
അവശേഷിപ്പിക്കില്ല
എന്നിരുന്നാലും
ഒരു നോട്ടത്തെ കൺകളിൽ
കുരുക്കിയിട്ടേക്കും
നടന്നുപോയ വഴികളിലൊക്കെ
പെറുക്കിയെടുക്കാൻ-
തോന്നുംപോലെ
ഒരു മഴ കുടഞ്ഞിടും
ഓർമ്മകളൊക്കെ-
അടുക്കിവച്ചൊരു സദസിൽ
ഒന്നും മിണ്ടാതെ
കണ്ണുകളടച്ച് പിടിച്ചേക്കും
ഒരപരിചിതത്വവും ഇല്ലാതെ
മിണ്ടിയേക്കും
ചിലപ്പോൾ
നോക്കുകപോലുമില്ലായിരിക്കും
ചിലതങ്ങനെയാണ്
പ്രണയമായിരുന്നെന്നറിയാൻ
വർഷങ്ങളുടെ കാത്തിരിപ്പ് വന്നേക്കും
വെള്ളിമുടികൾ നെറുകയിൽ ഊർന്നു
വീണേക്കും
എങ്കിലും
അടുത്തെത്തുമ്പോൾ രണ്ടു ഹൃദയങ്ങൾ
അതിവേഗത്തിൽ അപകടമുണ്ടാക്കുന്ന
രണ്ടു വണ്ടികൾപോലെ കൂട്ടിയിടിക്കുന്നു
ചിതറിത്തെറിക്കുന്നു
പിന്നീടൊരിക്കലും
വീണ്ടെടുക്കാൻ കഴിയാത്ത
വിധം പൊടിഞ്ഞു പോകുന്നു
കുരുക്കിയിട്ട നോട്ടത്തെ
ഹൃദയത്തിലൊരാണിയിൽ തറയ്ക്കുന്നു
ഉയിർപ്പുകളില്ലാതെ
പിടഞ്ഞു പിടഞ്ഞതങ്ങനെ…

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.