29 December 2024, Sunday
KSFE Galaxy Chits Banner 2

ആത്മം വേവുന്ന കവിതകൾ

വിശ്വൻ പടനിലം
May 14, 2023 3:20 am

രേഖ ആർ താങ്കളുടെ കവിതയിൽ മൗനങ്ങൾ മുഴക്കം സൃഷ്ടിക്കുന്നത് നമുക്ക് കേൾക്കാനാവുന്നു. ‘ഹരണക്രിയ’ എന്ന ആദ്യ പുസ്തകത്തിൽ ആ ധ്വനി ഉയർന്ന വിതാനങ്ങളിൽ നമ്മൾ കേട്ടതാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള മനുഷ്യരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് ഉയരുന്ന പൊള്ളുന്ന ചോദ്യങ്ങളിലും ചങ്കുപിടയുന്ന മുറിവുകളുടെ ആഴങ്ങളിലും നമ്മുടെ ഗ്രാഹികളിലൂടെ അത് പ്രവഹിച്ചതാണ്. അതിന്റെ തുടർച്ചയാണ് അർബുദം, പ്രതിമ, സ്ഫോടനബാക്കി തുടങ്ങി ഈ പുസ്തകത്തിലെ ചില കവിതകൾ.
“അടിച്ചമർത്താമെന്നു വ്യാമോഹിക്കരുത്
ഉന്നതമർദ്ദത്തിലവ പൊട്ടിത്തെറിക്കും”
എന്ന് അക്ഷരശക്തിയുടെ ഊർജ്ജപ്രവാഹം, തകർക്കപ്പെടേണ്ടതിനെയൊക്കെ തുടച്ചുനീക്കുമെന്നും ലോകത്തെ പുതുക്കിപണിയുമെന്നും മർദമാപിനികൾ എന്ന കവിതയിൽ കവി പ്രത്യാശിക്കുന്നു. പുതുമയുള്ള കാവ്യബിംബങ്ങൾ കോർത്തിണക്കിക്കൊണ്ട്,
കവിതച്ചെടിയിലെ പൂക്കൾ മാത്രമല്ല മുള്ളുകളും ഹൃദയത്തിൽ കൊള്ളിച്ചാണ് രേഖയുടെ കവിതകൾസംവദിക്കുന്നത്. കടലുപോലെ ലവണസാന്ദ്രമായ ജീവിതത്തിന്റെ അടരുകളിൽ നിന്ന് അറിഞ്ഞും അറിയാതെയും ഊറിയിറങ്ങുന്ന തെളിനീര് സാന്ദ്രതാ വ്യത്യാസമില്ലാതെ കലരുന്ന ഒഴുക്കായി ഈ കവിയിൽ ഊറുന്നു. വർത്തമാനകാലത്തെ ഇരുണ്ടലോകത്തിൽ അനിശ്ചിതത്വങ്ങളുടെയും അലോസരങ്ങളുടെയും ഉപരിപ്രവാഹത്തിനടിയിൽ,
ആഴക്കടലിൽ ആളിക്കത്തുന്ന ആ തീ നമ്മെ വെന്തെരിക്കുന്നുവെങ്കിൽ തീർച്ചയായും കവിയിൽ പിറക്കുന്നത് വാക്കുകളല്ല അഗ്നിഗോളങ്ങളാണ് എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

കടലിലിറങ്ങാത്തവർ, കടലിന് തീ പിടിക്കുമ്പോൾ എന്നീ കവിതകളിൽ ആഴക്കടലിന്റെ വശ്യതയും നിഗൂഢതയും ഒളിപ്പിക്കുന്ന മനുഷ്യമനസിനെ കടലെന്ന രൂപകത്തോട് ചേർത്തുവയ്ക്കുന്നു.‘മനുഷ്യനെന്ന നിലയിൽ കവികൾ കള്ളം പറയും പക്ഷേ കവിതയിൽ അവർ സത്യമേ പറയൂ’ എന്ന കാവ്യമീമാംസകാരുടെ വാദത്തെ അടിവരയിടുന്ന എഴുത്താണ് ഈ എഴുത്തുകാരിയിൽ നാം കാണുന്നത്. “ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ഭ്രാന്ത് പാട്ടത്തിനെടുക്കുന്നത്
മറ്റുള്ളവർ എന്ത് കരുതും എന്നൊന്നും ചിന്തിക്കാതെ സ്വന്തം നഗ്നതയിൽ ഒന്നാഴ്ന്നു മുങ്ങുന്നത്” കവിതയുടെ ഉന്മാദാവസ്ഥയിൽ സത്യങ്ങൾ മാത്രം, അല്ലെങ്കിൽ സത്യങ്ങളെല്ലാം വിളിച്ചു പറയുന്ന കവിയെ നമുക്ക് കാണാം.

ലക്ഷ്യബോധമില്ലാതെ എഴുതപ്പെട്ട ഒരു കവിതപോലും ഈ പുസ്തകത്തിൽ നമുക്ക് കാണാനാവില്ല. ഉള്ളിൽനിന്ന് അറിയാതെ വരുന്നൊരു പ്രവാഹമായി ചിലപ്പോൾ ഈ കവിയിൽ കവിത പിറക്കുന്നു.
“ക്രമമായടുക്കി റബ്ബർ ബാന്റിട്ടു വച്ചിരുന്ന എന്നെ ഞാനൊന്നഴിച്ചിട്ടു.
മടക്കുകൾ നിവർന്നപ്പോൾ സുന്ദരമായ ഒരു കവിത.” എന്ന്
തന്നിൽ പിറക്കുന്ന കവിതയെ കവിതന്നെ വിളംബരം ചെയ്തിട്ടുണ്ട്.
കവിത എന്ന മാധ്യമത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഏതൊരാളുടെയും ചിന്തയിൽ ഉള്ളത് എന്തിനുവേണ്ടിയാണ് താൻ എഴുതുന്നത് എന്നൊരു ചോദ്യമായിരിക്കും.
ചിലപ്പോഴൊക്കെ അത്തരം ചോദ്യങ്ങൾ എഴുത്തുകാരെ വല്ലാതെ അലട്ടുകയോ
അവരിൽ ഉന്മാദം സൃഷ്ടിക്കുകയോ ചെയ്യാറുണ്ട്. ഇവിടെ ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ താൻ എഴുതേണ്ടത് തന്റെ മനസിന്റെ സ്വാസ്ഥ്യത്തിനും അതിനുള്ള സമർപ്പണത്തിനും അനിവാര്യമാണ് എന്ന ബോധ്യത്തിലാണെന്ന് കാണാം.
“കൊത്തിതുടങ്ങിയപ്പോൾ കല്ലിനു വല്ലാത്ത കനം” എന്ന് തുടങ്ങുന്ന ‘ശില്പി’ എന്ന കവിത “കൊത്തിയെടുത്ത കവിതയുടെ കണ്ണിൽ അനന്തമായ ആകാശം കണ്ട് അവൾ ജീവിതത്തെ പ്രണയിച്ചു തുടങ്ങി” എന്നാണ് അവസാനിക്കുന്നത്. ഇവിടെ കവിത തനിക്ക് ജീവിതത്തോടുള്ള പ്രണയമാണെന്നും അത് തന്റെ ജീവിതത്തിന്റെ നേരാണെന്നും കവി ഉദ്ബോധനം ചെയ്യുന്നുണ്ട്.
ഒരു കള്ളിയിലും ഒതുക്കാനാവാത്ത, മുൻവിധികളോടൊന്നും ഐക്യപ്പെടാത്ത, തനിക്ക് ശരിയെന്ന് തോന്നുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുവാൻ മനോബലം കാണിക്കുന്ന
ഒരു വ്യക്തിയെ നമ്മുടെ മുമ്പിൽ വരച്ചു നിർത്തുന്ന കവിതകളും ഈ പുസ്തകത്തിലുണ്ട്. ലെസ്ബിയൻ ഊഞ്ഞാൽ, സർപ്പദംശനം, കത്തിയേറ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അതിൽ ജീവൻ വയ്ക്കുന്ന പുതിയ കാവ്യബിംബങ്ങൾ പ്രത്യേക വായന ആവശ്യപ്പെടുന്നവയാണ്. ശ്രീകുമാരൻതമ്പിയുടെ അവതാരികയും ബി അജയകുമാറിന്റെ
വളരെ ആഴത്തിലുള്ള പഠനവും ചേർന്നതാണ് ഈ പുസ്തകം. സമകാലികകവിതകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപ്പം സഞ്ചരിക്കുകയോ അല്ലെങ്കിൽ ഒരുപടി മുന്നേറി സഞ്ചരിക്കുകയോ ചെയ്യുന്ന ഒരു കവിയെ നമുക്കിതിൽ കാണാം.

കടലിനു തീ പിടിക്കുമ്പോൾ
(കവിത)
രേഖ രേഖ ആർ താങ്കള്‍
ശ്രേഷ്ഠ ബുക്സ്
തിരുവനന്തപുരം
വില 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.